നിസാന്‍ കിക്ക്സ് ജനുവരി 22ന് വില്‍പ്പനക്കെത്തും; എതിരാളി ക്രെറ്റ
Nissan
നിസാന്‍ കിക്ക്സ് ജനുവരി 22ന് വില്‍പ്പനക്കെത്തും; എതിരാളി ക്രെറ്റ
ന്യൂസ് ഡെസ്‌ക്
Saturday, 5th January 2019, 2:45 pm

നിസാന്‍ കിക്ക്സ് എസ്യുവി ജനുവരി 22ന് വില്‍പ്പനക്കെത്തും. നിസാന്‍ നിരയില്‍ ടെറാനയോക്ക് പകരക്കാരനായാണ് കിക്ക്സ് എത്തുന്നത്. രാജ്യാന്തര വിപണിയിലുള്ള കിക്ക്സ് ഇന്ത്യയില്‍ എത്തുമ്പോള്‍ പരിഷ്‌കാരങ്ങള്‍ ഒരുപാടുണ്ട്.

എട്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയില്‍ പുതിയ മോഡലിനെ നിസാന്‍ അവതരിപ്പിക്കുന്നത്. നിസാന്റെ ഡയനാമിക് സോണിക് പ്ലസ് ഡിസൈന്‍ ശൈലി പാലിക്കുന്ന കിക്ക്‌സ് ഇന്ത്യയില്‍ ഹ്യുണ്ടായി ക്രെറ്റയ്ക്ക് ശക്തമായ മത്സരം കാഴ്ച്ചവെക്കും.


റെനോ ഡസ്റ്ററും ക്യാപ്ച്ചറും ഉപയോഗിക്കുന്ന B0 അടിത്തറ നിസാന്‍ കിക്ക്സ് പങ്കിടും. നിസാന്‍ ഡീലര്‍ഷിപ്പുകളില്‍ കിക്ക്സിന്റെ പ്രീ-ബുക്കിംഗ് തുടരുകയാണ്. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ പതിപ്പുകള്‍ കിക്ക്സില്‍ അണിനിരക്കും. കിക്ക്സിന് ഒമ്പതു മുതല്‍ 13 ലക്ഷം രൂപ വരെ എസ്. യു.വിക്ക് വില പ്രതീക്ഷിക്കാം.

ക്രെറ്റയുമായുള്ള മത്സരത്തില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സിന്റെ അഭാവം കിക്ക്സില്‍ നിഴലിക്കും. ഇതിനുപുറമെ ഓള്‍ വീല്‍ ഡ്രൈവ് സംവിധാനവും എസ്.യു.വിയിലില്ല. ഓള്‍ വീല്‍ ഡ്രൈവ് പതിപ്പുകള്‍ക്ക് ആവശ്യക്കാര്‍ കുറവാണെന്ന് നിസാന്‍ പറയുന്നു.

കറുപ്പും തവിട്ടും ഇടകലര്‍ന്ന നിറശൈലി എസ്.യു.വിക്ക് പ്രീമിയം പരിവേഷം ചാര്‍ത്തും. ടാക്കോമീറ്ററും സ്പീഡോമീറ്ററും കൈയ്യടക്കുന്ന ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ ഏറിയപങ്കും അനലോഗ് യൂണിറ്റാണ്.

മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിഡ്‌പ്ലേയും ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിന്റെ ഭാഗമായുണ്ട്. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഓപ്ഷനുകള്‍ക്ക് പുറമെ വോയിസ് റെക്കഗ്നീഷന്‍ സാങ്കേതിക വിദ്യയും കിക്ക്‌സിലെ 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം അവകാശപ്പെടും.

യാത്രക്കാര്‍ക്കായി പ്രത്യേക പവര്‍ സോക്കറ്റുകള്‍, കീലെസ് എന്‍ട്രിക്ക് പകരമായി സ്മാര്‍ട്ട് കാര്‍ഡ് സംവിധാനം, ഓട്ടോമാറ്റിക് എ.സി, പിന്‍ ആംറെസ്റ്റ്, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് എന്നിവയെല്ലാം പുതിയ കിക്ക്‌സിന്റെ വിശേഷങ്ങളില്‍പ്പെടും. മുന്നിലും പിന്നിലുമായി ഘടിപ്പിച്ച നാലു ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേയിലേക്ക് എറൗണ്ട് വ്യു മോണിട്ടര്‍ കൊണ്ടുവരും.


ടെറാനോയിലെ 1.6 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് കിക്ക്സിലും. നാലു സിലിണ്ടര്‍ 1.6 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 104 bhp കരുത്തും 145 Nm torque ഉം പരമാവധി സൃഷ്ടിക്കും. 108 bhp കരുത്തും 240 Nm torque മാണ് 1.5 ലിറ്റര്‍ K9K ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍ അവകാശപ്പെടുക.

പെട്രോള്‍ പതിപ്പില്‍ അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സും ഡീസല്‍ പതിപ്പില്‍ ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമാണ് കമ്പനി നല്‍കുന്നത്. ഇരു എഞ്ചിന്‍ പതിപ്പുകളിലും ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് അവതരിപ്പിക്കാന്‍ നിസാന്‍ തയ്യാറായിട്ടില്ല.