നിസാന്‍ 'കിക്സ്' ജനുവരിയില്‍
Nissan
നിസാന്‍ 'കിക്സ്' ജനുവരിയില്‍
ന്യൂസ് ഡെസ്‌ക്
Saturday, 1st December 2018, 10:36 pm

നിസാന്റെ പുതിയ സബ് കോംപാക്ട് എസ്.യു.വിയായ “കിക്സ്” 2019 ജനുവരിയില്‍ വിപണിയിലെത്തും. ആഗോള തലത്തില്‍ നിസാന്‍ കിക്സ് വില്‍പ്പന ആരംഭിച്ചെങ്കിലും ഏറെ പ്രത്യേകതകളുമായാണ് മോഡലിന്റെ ഇന്ത്യന്‍ പതിപ്പ് വിപണിയിലെത്തുക. നിസാന്റെ പുതിയ വി പ്ലാറ്റ്‌ഫോമില്‍ പുറത്തിറങ്ങുന്ന വാഹനം എന്നതാണ് കിക്സിന്റെ പ്രധാന പ്രത്യേകത.

ഫൈവ് സീറ്റര്‍ മോഡലിന്റെ പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍ ഇന്ത്യയിലെത്തും. വിമോഷന്‍ ഗ്രില്ലാണ് കിക്സില്‍. വലിയ ഹെഡ് ലാമ്പുകളും എല്‍.ഇ.ഡി. ഡേ ടൈം റണ്ണിങ് ലൈറ്റുകളും വാഹനത്തിലുണ്ട്. മുന്‍ ബമ്പറില്‍ വലിയ എയര്‍ ഡാമും ഇടംപിടിക്കുന്നുണ്ട്. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേയും സോഫ്റ്റ് ടച്ച് ഡാഷ്ബോര്‍ഡും മള്‍ട്ടി പര്‍പ്പസ് സ്റ്റിയറിങ് വീലും കിക്സില്‍ ഒരുക്കുന്നുണ്ട്.


17 ഇഞ്ച് വലിപ്പമുള്ള അഞ്ചു സ്‌പോക്ക് അലോയ് വീലുകള്‍, വലിയ ടെയ്ല്‍ ലാമ്പുകള്‍, ഉയര്‍ത്തിയ വിന്‍ഡ് ഷീല്‍ഡ്, ബൂട്ടിന് വിലങ്ങനെയുള്ള കട്ടിയേറിയ ക്രോം ലൈനിങ്ങ്, ഷാര്‍ക്ക് ഫിന്‍ ആന്റീന, സ്‌കിഡ് പ്ലേറ്റ് എന്നിവയെല്ലാം പിന്നഴകിന് മാറ്റുകൂട്ടും. മിററുകള്‍ക്കും റൂഫ് റെയിലുകള്‍ക്കും കറുപ്പ് നിറമാണ്.

നിസാന്റെ ഡയനാമിക് സോണിക് പ്ലസ് ഡിസൈന്‍ ശൈലിയാണ് കിക്സും തുടരുന്നത്. സുരക്ഷയ്ക്കാണ് മുന്‍തൂക്കം. ഗ്രാഫേന്‍ ബോഡി ഘടന ഇടിയുടെ ആഘാതം മുഴുവന്‍ ഉള്‍ക്കൊള്ളും. അതിനാല്‍ അകത്തിരിക്കുന്ന യാത്രക്കാര്‍ സുരക്ഷിതരായിരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.


1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളിലായിരിക്കും കിക്‌സ് ലഭിക്കുക. പെട്രോള്‍ എന്‍ജിന് 104 ബി.എച്ച്.പി. കരുത്തും 142 എന്‍.എം. ടോര്‍ക്കുമേകും. പെട്രോള്‍ മോഡലില്‍ അഞ്ച് സ്പീഡും ഡീസലില്‍ ആറ് സ്പീഡും മാനുവല്‍ ഗിയര്‍ബോക്സും ഒരുക്കും. 108 ബി.എച്ച്.പി. കരുത്തും 240 എന്‍.എം. ടോര്‍ക്കും ഡീസല്‍ എന്‍ജിന്‍ ഉത്പാദിപ്പിക്കും.

ഹ്യുണ്ടായ് ക്രെറ്റ, മാരുതി എസ്‌ക്രോസ്, ഹോണ്ട ബി.ആര്‍.വി., റെനോ ക്യാപ്ച്ചര്‍ എന്നിവരുമായാണ് ഇന്ത്യയില്‍ നിസാന്‍ കിക്ക്‌സ് അങ്കം കുറിക്കുക. 9.5 മുതല്‍ 14.5 ലക്ഷം രൂപ വരെ മോഡലിന് വില പ്രതീക്ഷിക്കാം.