പ്രിയങ്ക ചോപ്രയും നിക് ജോനാസും വിവാഹിതരായി
Bollywood
പ്രിയങ്ക ചോപ്രയും നിക് ജോനാസും വിവാഹിതരായി
ന്യൂസ് ഡെസ്‌ക്
Saturday, 1st December 2018, 10:06 pm

ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന്‍ നിക് ജോനാസും വിവാഹിതരായി. ജോധ്പൂരിലെ ഉമൈദ് ഭവാന്‍ പാലസില്‍ വെച്ച് ക്രിസ്ത്യന്‍ ആചാര പ്രകാരമായിരുന്നു വിവാഹം. ഡിസംബര്‍ രണ്ടിന് പഞ്ചാബി ആചാര പ്രകാരം മറ്റൊരു വിവാഹച്ചടങ്ങ് കൂടി നടക്കും.

പ്രശസ്ത ഡിസൈനറായ റാല്‍ഫ് ലൊറെയ്ന്‍ ആണ് വിവാഹത്തിനായി ഇരുവരെയും അണിയിച്ചൊരുക്കിയത്. ഉമൈദ് ഭവന്‍ പാലസിന് പുറകിലെ വിശാലമായ പുല്‍ത്തകിടിയാണ് വിവാഹത്തിന് വേദിയായത്. പേസ്റ്റല്‍ തീമില്‍ ഒരുക്കിയ വിവാഹ ആഘോഷങ്ങളില്‍ പ്രിയങ്കയുടെ ബ്രൈഡ്സ്മെയ്ഡുകള്‍ ഇളം പിങ്ക് നിറത്തിലുള്ള വസ്ത്രം തിരഞ്ഞെടുത്തപ്പോള്‍ നിക്കിന്റെ ഗ്രൂംസ്മെന്‍ കറുത്ത കോട്ടിലും സ്യൂട്ടിലും തിളങ്ങി.


നിക്കിന്റെ അച്ഛന്‍ പോള്‍ കെവിന്‍ ജോനാസ് ആണ് വിവാഹത്തിന് കാര്‍മികത്വം വഹിച്ചത്. പ്രശസ്ത ജ്വല്ലറി ഡിസൈനറായ ചോപ്പര്‍ഡ് ഒരുക്കിയ വിവാഹ മോതിരമാണ് പ്രിയങ്കയും നിക്കും തിരഞ്ഞെടുത്തത്. കനത്ത കാവലിലായിരുന്നു വിവാഹം. ക്ഷണിക്കപ്പെട്ടവരെ അല്ലാതെ മറ്റാരെയും വിവാഹവേദിയിലേക്ക് കടത്തിവിട്ടില്ല.

കഴിഞ്ഞദിവസം പ്രിയങ്കയുടെ അമ്മ മധു ചോപ്രയുടെ മുംബൈയിലെ വസതിയില്‍ നടന്ന പൂജയോടെയാണ് വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായത്. പാരമ്പര്യ രീതിയിലുളള വസ്ത്രമണിഞ്ഞാണ് പ്രിയങ്കയും നിക്കും പൂജയ്ക്ക് എത്തിയത്. ഓഗസ്റ്റ് 18നായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം. വിവാഹ നിശ്ചയത്തിനു ശേഷം മുംബൈയിലെ തന്റെ വസതിയില്‍ പ്രിയങ്ക അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി വിരുന്നൊരുക്കിയിരുന്നു.