'മന്‍മോഹന്‍ സിംഗ് പറഞ്ഞതിനെ കുറിച്ച് ചിന്തിക്കുന്നില്ല'; സാമ്പത്തിക മാന്ദ്യമുണ്ടോ എന്ന ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി നിര്‍മല സീതാരാമന്‍
national news
'മന്‍മോഹന്‍ സിംഗ് പറഞ്ഞതിനെ കുറിച്ച് ചിന്തിക്കുന്നില്ല'; സാമ്പത്തിക മാന്ദ്യമുണ്ടോ എന്ന ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി നിര്‍മല സീതാരാമന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 1st September 2019, 4:06 pm

ന്യൂദല്‍ഹി: രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പിടികൊടുക്കാതെ ധനമന്ത്രി നിര്‍മല സീതാരാമന്‍. ജി.ഡി.പിയുടെ കണക്കുകളിലെ ഇടിവ്, തൊഴില്‍ നഷ്ടം സാമ്പത്തിക മാന്ദ്യമായി കേന്ദ്രം അംഗീകരിക്കുന്നുണ്ടോ തുടങ്ങിയ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്നാണ് നിര്‍മല സീതാരാമന്‍ ഒഴിഞ്ഞുമാറിയത്.

‘പിന്തുണയോ സഹായമോ ആവശ്യമുണ്ടെന്ന് ഏതെങ്കിലും മേഖലയില്‍നിന്ന് ആവശ്യമുയര്‍ന്നാല്‍ അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. സര്‍ക്കാരുമായി ആശയവിനിമയം നടത്താന്‍ ഏതെങ്കിലും മേഖലയിലുള്ളവര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചാല്‍ അവരെ സ്വാഗതം ചെയ്യും’ ധനമന്ത്രി പറഞ്ഞു.

‘ചില പ്രധാന പ്രഖ്യാപനങ്ങള്‍ ആഗസ്റ്റ് 23നു നടന്നു. കഴിഞ്ഞ വെള്ളിയാഴ്ചയും ചില പ്രഖ്യാപനങ്ങള്‍ നടത്തി.’ നിര്‍മല കൂട്ടിച്ചേര്‍ത്തു. ദേശസാല്‍കൃത ബാങ്കുകളുടെ ഏറ്റവും വലിയ ലയനം വെള്ളിയാഴ്ച സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കുകളുടെ എണ്ണം 27 ല്‍ നിന്ന് 12 ആക്കുകയും ചെയ്തു.

രാജ്യത്തെ സാമ്പത്തികനില സംബന്ധിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഉയര്‍ത്തിയ വിമര്‍ശത്തിന് മറുപടി നല്‍കാനില്ലെന്നും അവര്‍ പറഞ്ഞു. ‘മന്‍മോഹന്‍ സിംഗ് പറഞ്ഞതിനെ കുറിച്ച് ഞാന്‍ ചിന്തിക്കുന്നില്ല. അവര്‍ അത് പറഞ്ഞു. ഞാന്‍ കേട്ടു.’ നിര്‍മല പറഞ്ഞു.

ജി.എസ്.ടി നിരക്ക് കുറയ്ക്കല്‍ തന്റെ മാത്രം നിയന്ത്രണത്തിലുള്ള കാര്യമല്ലെന്നു സംസ്ഥാന ധനമന്ത്രിമാര്‍ ഉള്‍പ്പെട്ട ജി.എസ്.ടി കൗണ്‍സിലാണ് തീരുമാനമെടുക്കേണ്ടതെന്നും അവര്‍ പറഞ്ഞു.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നിലവിലെ അവസ്ഥ ആശങ്കാജനകമാണെന്നും അതിനുത്തരവാദി മോദി സര്‍ക്കാരാനെന്നുമാണ് മന്‍മോഹന്‍ സിംഗ് പറഞ്ഞത്. രാജ്യത്തെ സമ്പദ് വ്യവസ്ഥക്ക് അതിവേഗം വളരാനാവുമെന്നും മോദി സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലം ഇത് സാധിക്കുന്നില്ലെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞിരുന്നു.

‘മോദി സര്‍ക്കാര്‍ വിവിധ മേഖലകളില്‍ സ്വീകരിച്ച തെറ്റായ നടപടികളാണ് സാമ്പത്തിക മാന്ദ്യത്തിനു കാരണം. ഇത് മനുഷ്യനിര്‍മിതമാണ്.’ മന്‍മോഹന്‍ സിംഗ് പറഞ്ഞിരുന്നു.

‘ജി.ഡി.പി വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനമായത് വരുന്ന വലിയൊരു സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനയാണ്. നിര്‍മാണ രംഗം 0.6 ശതമാനം ഇടിഞ്ഞു. നോട്ട് നിരോധനം ഉള്‍പ്പെടെയുള്ള നടപടികള്‍ വന്‍ തിരിച്ചടിയായി. ജി.എസ്.ടി വികലമായ നടപ്പിലാക്കിയതും സമ്പദ് വ്യവസ്ഥക്ക് തിരിച്ചടിയായി’-മന്‍മോഹന്‍ സിംഗ് പറഞ്ഞിരുന്നു.