അപകടം കഴിഞ്ഞ് പ്രതീക്ഷിക്കാത്ത ഒരു തുക അന്ന് ദുല്‍ഖര്‍ വകയായി അക്കൗണ്ടില്‍ എത്തി, എഴുന്നേറ്റ് ശരിയാവും വരെ അന്വേഷിച്ചു: നിര്‍മല്‍ പാലാഴി
Entertainment news
അപകടം കഴിഞ്ഞ് പ്രതീക്ഷിക്കാത്ത ഒരു തുക അന്ന് ദുല്‍ഖര്‍ വകയായി അക്കൗണ്ടില്‍ എത്തി, എഴുന്നേറ്റ് ശരിയാവും വരെ അന്വേഷിച്ചു: നിര്‍മല്‍ പാലാഴി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 28th July 2021, 12:08 pm

നടന്‍ ദുല്‍ഖര്‍ സല്‍മാന് പിറന്നാള്‍ ആശംസകള്‍ നേരുന്ന തിരക്കിലാണ് മലയാളസിനിമയില്‍ ഒട്ടേറെ നടീനടന്‍മാര്‍. നടന്‍ നിര്‍മല്‍ പാലാഴി ദുല്‍ഖറിനെക്കുറിച്ചെഴുതിയ വാക്കുകളാണ് അതിനിടയില്‍ ശ്രദ്ധേയമാവുന്നത്.

തനിക്ക് അപകടം പറ്റിയപ്പോള്‍ ദുല്‍ഖര്‍ സഹായിച്ചതിനെക്കുറിച്ചും വിളിച്ച് അന്വേഷിച്ചതിനെക്കുറിച്ചുമാണ് നിര്‍മല്‍ പാലാഴി ഫേസ്ബുക്കിലെ കുറിപ്പിലൂടെ പറയുന്നത്.

2014ല്‍ ആക്‌സിഡന്റ് പറ്റിയപ്പോ പ്രതീക്ഷിക്കാത്ത ഒരു തുക അക്കൗണ്ടില്‍ ദുല്‍ഖര്‍ വകയായി എത്തിയിരുന്നുവെന്നും എഴുന്നേറ്റ് ശരിയാവും വരെ തന്റെ ആരോഗ്യസ്ഥിതി അലക്‌സ് ഏട്ടന്‍ വഴിയും നേരിട്ട് വിളിച്ചും അന്വേഷിച്ചിരുന്നുവെന്നും നിര്‍മല്‍ പറയുന്നു.

സലാല മൊബൈല്‍സില്‍ ഒരുമിച്ചഭിനയിച്ചപ്പോഴുള്ള ഫോട്ടോയും തന്റെ കുറിപ്പിനൊപ്പം നിര്‍മല്‍ പാലാഴി പങ്കുവെച്ചു.

നിര്‍മല്‍ പാലാഴിയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം

സലാല മൊബൈല്‍സ് എന്ന സിനിമയില്‍ ഒരു ചെറിയ സീനില്‍ അഭിനയിച്ചിട്ടുള്ള പരിചയമേ ഉള്ളു. പിന്നെ എപ്പോഴെങ്കിലും കണ്ടാല്‍ ഞാന്‍ അന്ന് കൂടെ അഭിനയിച്ചിരുന്ന ആള്‍ എന്ന് പറഞ്ഞു പരിചയപ്പെടുത്തേണ്ടിവരും എന്നൊക്കെ കരുതി ഒരു ഫോട്ടോ എടുത്ത് പിരിഞ്ഞതായിരുന്നു. പക്ഷെ 2014ല്‍ ആക്‌സിഡന്റ് പറ്റിയപ്പോ പ്രതീക്ഷിക്കാത്ത ഒരു തുക അക്കൗണ്ടില്‍ ദുല്‍ഖര്‍ വകയായി എത്തിയിരുന്നു.

എഴുന്നേറ്റ് ശരിയാവും വരെ എന്റെ ആരോഗ്യ സ്ഥിതി അലക്‌സ് ഏട്ടന്‍ വഴിയും നേരിട്ട് വിളിച്ചും അന്വേഷിച്ചു കൊണ്ടിരുന്നു.നന്ദിയും സ്‌നേഹവും കടപ്പാടും മാത്രം. ജീവിതത്തില്‍ എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

പൃഥ്വിരാജ്, ആസിഫ് അലി, നമിത പ്രമോദ് തുടങ്ങി നിരവധി താരങ്ങളാണ് ദുല്‍ഖറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.


Content Highlight: Nirmal Palazhi birthday wishes to Dulquer Salman