ലെഫ്റ്റനന്റ് റാമിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് തെലുങ്ക് സിനിമാലോകം
Entertainment news
ലെഫ്റ്റനന്റ് റാമിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് തെലുങ്ക് സിനിമാലോകം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 28th July 2021, 11:30 am

ദുല്‍ഖര്‍ സല്‍മാന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് തെലുങ്ക് സിനിമയായ പ്രൊഡക്ഷന്‍ നമ്പര്‍ സെവന്റെ പ്രവര്‍ത്തകര്‍. അന്താല രാക്ഷസി ഫെയിം ഹനുരാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രമായ പ്രൊഡക്ഷന്‍ നമ്പര്‍ സെവനില്‍ നായകന്‍ ദുല്‍ഖര്‍ സല്‍മാനാണ്.

ചിത്രത്തിലെ വിവിധ സീനുകള്‍ ചേര്‍ത്തിണക്കിയ വീഡിയോയിലൂടെയാണ് നടന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. മഹാനടി നിര്‍മ്മിച്ച സ്വപ്ന മൂവീസും വൈജയന്തി ഫിലിംസും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ദുല്‍ഖറിന്റെ ആദ്യ തെലുങ്ക് ചിത്രമായിരുന്നു മഹാനടി.

കാശ്മീരില്‍വെച്ച് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരണം പൂര്‍ത്തിയാക്കിയെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.

ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കഴിഞ്ഞവര്‍ഷം ദുല്‍ഖറിന്റെ പിറന്നാള്‍ ദിനത്തിലാണ് ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ റിലീസ് ചെയ്തിരുന്നത്.

മലയാള സിനിമയില്‍ സജീവമാവുമ്പോഴും തമിഴിലും ഹിന്ദിയിലും തെലുങ്കിലും ദുല്‍ഖര്‍ സിനിമകള്‍ ചെയ്യാറുണ്ട്. തമിഴില്‍ അവസാനമായി റിലീസ് ചെയ്ത ദുല്‍ഖര്‍ ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താല്‍ മികച്ച അഭിപ്രായം നേടിയിരുന്നു.

തമിഴില്‍ ദുല്‍ഖറിന്റേതായി ഇനി വരാനുള്ള ചിത്രം ഹേ സിനാമിക എന്ന ചിത്രമാണ്. പ്രമുഖ കൊറിയോഗ്രാഫര്‍ ബൃന്ദ ഗോപാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തില്‍ റിലീസായ ദുല്‍ഖറിന്റെ അവസാന ചിത്രം വരനെ ആവശ്യമുണ്ട് സൂപ്പര്‍ ഹിറ്റായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Birthday wishes to Dulquer Salman from thelugu film industry