സംസ്ഥാനത്ത് വീണ്ടും നിപ
Nipah virus
സംസ്ഥാനത്ത് വീണ്ടും നിപ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 16th July 2025, 4:33 pm

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചു. നിപ ബാധിച്ച് മരിച്ച പാലക്കാട് ചങ്ങലീരി സ്വദേശിയുടെ മകനാണ് നിപ സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

പാലക്കാട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. തുടര്‍ന്നാണ് പരിശോധന നടത്തിയത്. വീണ്ടും രോഗം സ്ഥിരീകരിച്ചതോടെ കനത്ത ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്.

പൊലീസിനോട് ശക്തമായി കാര്യങ്ങള്‍ നിരീക്ഷിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഇനി രോഗിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്ന കാര്യങ്ങളിലേക്ക് കടക്കും.

പനി ബാധിച്ച് ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന്റെ അച്ഛന്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കിടയാണ് മരിച്ചത്. തുടര്‍ന്നാണ് രോഗം സ്ഥിരീകരിച്ചത്.

ഇദ്ദേഹവുമായി സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ള മകനെയടക്കം ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിരുന്നു. പിതാവിനൊപ്പം ആശുപത്രിയില്‍ ചികിത്സയ്ക്ക് പോയിരുന്നത് മകനായിരുന്നു. നിപ ബാധിച്ച് മരിച്ച 57 കാരനെ കടുത്ത ശ്വാസതടസ്സത്തെ തുടര്‍ന്നാണ് മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്.

തുടര്‍ന്ന് അവിടുന്ന്‌ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. അന്ന് നിപ ലക്ഷണങ്ങളുമായി സാമ്യം തോന്നിയതിനാല്‍ പ്രത്യേകം സജ്ജീകരിച്ച ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ഐസൊലേറ്റ് ചെയ്ത് പ്രവേശിപ്പിക്കുകയായിരുന്നു. വിശദപരിശോധനക്ക് വേണ്ടി സാംപിള്‍ പൂനെയിലെ വൈറോളജി ലാബിലേക്ക് അയച്ചതിനിടയിലാണ് മരണം സംഭവിച്ചത്.

Content Highlight: Nipah virus confirmed again in the state