നിപയില്‍ ആശ്വാസം; പുതിയ കേസുകളില്ല
Nipah virus
നിപയില്‍ ആശ്വാസം; പുതിയ കേസുകളില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 11th July 2025, 7:46 am

കോഴിക്കോട്: സംസ്ഥാനത്തെ നിപ ഭീതി ഒഴിയുന്നു. മലപ്പുറം ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴിവാക്കി നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിച്ചിട്ടുണ്ട്.

രണ്ട് പേര്‍ നിലവില്‍ ഐ.സി.യുവില്‍ ചികിത്സയിലുണ്ട്. 29 പേര്‍ ഹൈയസ്റ്റ് റിസ്‌ക് വിഭാഗത്തിലും 117 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലുമാണ് ചികിത്സയിലുള്ളത്. രോഗം സ്ഥിരീകരിച്ചയാള്‍ നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

നിലവില്‍ 499 പേരാണ് സംസ്ഥാനത്ത് നിപ സമ്പര്‍ക്ക പട്ടികയിലുള്ളതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പ്രതികരിച്ചു.

അതില്‍ മലപ്പുറം ജില്ലയില്‍ 203 പേരും പാലക്കാട് 178 പേരും കോഴിക്കോട് 116 പേരും എറണാകുളം ജില്ലയില്‍ രണ്ട് പേരുമാണുള്ളത്. മലപ്പുറത്ത് 11 പേര്‍ ചികിത്സയിലുമുണ്ട്. എന്നാല്‍ മലപ്പുറത്തെ 56 പേരുടെ സാമ്പിള്‍ ഫലം നെഗറ്റീവ് ആണ്.

വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തില്‍ ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും എന്‍.എച്ച്.എം സ്റ്റേറ്റ് ഡയറക്ടര്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ എന്നിങ്ങനെ നിരവധി വകുപ്പ് മേധാവികള്‍ പങ്കെടുത്തു.

അതേസമയം നിപ റിപ്പോര്‍ട്ട് ചെയ്ത് പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുമായി കേന്ദ്ര സംഘം കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലെത്തി. രോഗത്തിന്റെ സാഹച്യങ്ങള്‍ പഠിച്ച് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കുകയാണ് പ്രധാനമായും സംഘത്തിന്റെ ലക്ഷ്യം.

ഇതിന് പുറമെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്തെ സഹായിക്കുന്നതിനുമായി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം നിയോഗിച്ച നാഷണല്‍ ജോയിന്റ് ഔട്ട്‌ബ്രേക്ക് റെസ്‌പോണ്‍സ് ടീമും ജില്ലയില്‍ എത്തിയിട്ടുണ്ട്.

Content Highlight: Relief in Nipah; no new cases reported