കോഴിക്കോട് ചികിത്സയിലിരിക്കെ മരണപ്പെട്ട മങ്കട സ്വദേശിക്കും നിപ സ്ഥിരീകരിച്ചു
Nipah Virus Alert
കോഴിക്കോട് ചികിത്സയിലിരിക്കെ മരണപ്പെട്ട മങ്കട സ്വദേശിക്കും നിപ സ്ഥിരീകരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 5th July 2025, 7:54 am

കോഴിക്കോട്: ചികിത്സയിലിരിക്കെ മരണപ്പെട്ട മങ്കട സ്വദേശിയായ പെണ്‍കുട്ടിക്കും നിപ സ്ഥിരീകരിച്ചു. പൂനെ വൈറോളജി ലാബില്‍ നിന്നുള്ള പരിശോധനാ ഫലവും പോസിറ്റീവാണ്. പൂനെയിലെ ലെവല്‍ 3 പരിശോധനയിലാണ് ഫലം പോസിറ്റീവായത്. നേരത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന പ്രാഥമിക പരിശോധനയില്‍ നിപ വൈറസ് ബാധ കണ്ടെത്തിയിരുന്നു.

നിലവില്‍ പെണ്‍കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയ ഒരു ഡോക്ടറും രണ്ട് ജീവനക്കാരും ഹോം ക്വാറന്റൈനില്‍ തുടരുകയാണ്. ജൂണ്‍ 28നാണ് മങ്കട സ്വദേശിയായ 18കാരിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന പെണ്‍കുട്ടി ജൂലൈ ഒന്നിന് മരിക്കുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി.

ഇന്നലെ ചികിത്സയില്‍ തുടരുന്ന പാലക്കാട് സ്വദേശിനിക്ക് നിപ വൈറസ് സ്ഥിരീകരിച്ചിരുന്നു. പൂനെ വൈറോളജി ലാബില്‍ നിന്നുള്ള പരിശോധനാ ഫലവും പോസിറ്റീവാകുകയായിരുന്നു.

പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലാണ് യുവതി ചികിത്സയിലുള്ളത്. ഫലം പോസിറ്റീവ് ആയതോടെ പാലക്കാട്ടെ തച്ചനാട്ടുക്കാര പഞ്ചായത്തിലെ ഏഴ്, എട്ട്, ഒമ്പത്, പതിനൊന്ന് വാര്‍ഡുകള്‍ കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു.

ഏഴാം വാര്‍ഡ് പൂര്‍ണമായും മറ്റ് വാര്‍ഡുകളില്‍ ഭാഗികമായുമാണ് നിയന്ത്രണമുള്ളത്. കരിമ്പുഴ പഞ്ചായത്തിലെ പതിനേഴും പതിനെട്ടും വാര്‍ഡുകളും കണ്ടൈന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. രോഗിയുമായി സമ്പര്‍ക്കമുണ്ടായവരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വീണ്ടും നിപ സ്ഥിരീകരിച്ചതോടെ മൂന്ന് ജില്ലകളില്‍ ആരോഗ്യമന്ത്രി മന്ത്രി വീണാ ജോര്‍ജ് ജാഗ്രതാ നിര്‍ദേശം നല്‍കി. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകള്‍ക്കാണ് ജാഗ്രതാ നിര്‍ദേശം. മൂന്ന് ജില്ലകളില്‍ ഒരേ സമയം പ്രതിരോധ പ്രവര്‍ത്തനം നടത്താന്‍ നിര്‍ദേശം നല്‍കിയെന്നും മൂന്ന് ജില്ലകളില്‍ 26 കമ്മിറ്റികള്‍ വീതം രൂപീകരിച്ചുവെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു.

രോഗബാധിതരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കാന്‍ ആരോഗ്യ വകുപ്പ് പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. സ്റ്റേറ്റ് ഹെല്‍പ്പ് ലൈനും ജില്ലാ ഹൈല്‍പ്പ് ലൈനും ഉണ്ടാകും. രണ്ട് ജില്ലകളില്‍ ജില്ലാതലത്തില്‍ കണ്ടൈന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കും.

മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലായി സമ്പർക്കപ്പട്ടികയിൽ ആകെ 345 പേർ ഉള്ളതായി മന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. മലപ്പുറത്ത് 211 പേരും പാലക്കാട് 91 പേരും കോഴിക്കോട് 43 പേരുമാണ് സമ്പർക്കപ്പട്ടികയിലുള്ളത്. കോഴിക്കോട് ജില്ലയിലുള്ള എല്ലാവരും ആരോഗ്യ പ്രവർത്തകരാണ്.

Content Highlight: Nipah confirmed in Mangkada native who died while undergoing treatment in Kozhikode