ന്യൂസിലാന്‍ഡ് പള്ളിയിലെ വെടിവെയ്പ്പ്; കാണാതായവരില്‍ ഒമ്പത് ഇന്ത്യന്‍ വംശജരുമെന്ന് സ്ഥിരീകരണം
World News
ന്യൂസിലാന്‍ഡ് പള്ളിയിലെ വെടിവെയ്പ്പ്; കാണാതായവരില്‍ ഒമ്പത് ഇന്ത്യന്‍ വംശജരുമെന്ന് സ്ഥിരീകരണം
ന്യൂസ് ഡെസ്‌ക്
Saturday, 16th March 2019, 8:35 am

ന്യൂദല്‍ഹി: ന്യൂസിലാന്‍ഡിലെ രണ്ട് പള്ളികളിലുണ്ടായ വെടിവയ്പ്പില്‍ കാണാതായവരില്‍ ഇന്ത്യക്കാരുമുണ്ടെന്ന് സ്ഥിരീകരണം. ഒമ്പത് ഇന്ത്യന്‍ വംശജരെയാണ് അക്രമണത്തിന് പിന്നാലെ കാണാതായത്.

ന്യൂസിലാന്‍ഡിലെ ഇന്ത്യന്‍ സ്ഥാനപതി സഞ്ജീവ് കോഹ്ലിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. വിവിധയിടങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണിതെന്നും അദ്ദേഹം പറഞ്ഞു. ഇവരെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കാണാതായവരുടെ ബന്ധുക്കളായും സുഹൃത്തുക്കളുമായും ഇന്ത്യന്‍ സ്ഥാനപതി ബന്ധപ്പെട്ടിട്ടുണ്ട്. ആക്രമണത്തിനിരയായവരെ കുറിച്ച് ശനിയാഴ്ചയേ ഔദ്യോഗിക വിവരങ്ങള്‍ ലഭിക്കുകയുള്ളു.

Also Read  ബ്രെണ്ടന്‍ ടറന്റ്; ന്യൂസിലാന്‍ഡ് വെടിവെപ്പിനു പിന്നിലെ മുസ്‌ലിം വിരുദ്ധനും ട്രംപ് അനുകൂലിയും വംശീയ വെറിയനുമായ തീവ്രവാദി

കൊല്ലപ്പെട്ടവരില്‍ കുടിയേറ്റക്കാരും അഭയാര്‍ത്ഥികളും ഉണ്ടെന്ന് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജെസിന്‍ഡ ആര്‍ഡേണ്‍ പറഞ്ഞിരുന്നു. ന്യൂസിലാന്റിനെ വീടായി തെരഞ്ഞെടുത്തവരാണ് ഇവരെന്നും ന്യൂസിലാന്‍ഡ് കുടിയേറി വന്നവരുടെ വീട് തന്നെയാണെന്നും ജെസിന്‍ഡ പറഞ്ഞു.

അക്രമികള്‍ക്ക് ന്യൂസിലാന്‍ഡില്‍ സ്ഥാനമില്ലെന്നും ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി പറഞ്ഞു. ന്യൂസിലാന്‍ഡ് ജനസംഖ്യയില്‍ ഒരു ശതമാനമാണ് മുസ്‌ലിങ്ങളുള്ളത്.

സെന്‍ട്രല്‍ ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍നൂര്‍ പള്ളിയിലായിരുന്നു ആദ്യം വെടിവെയ്പുണ്ടായത്. ഹെല്‍മെറ്റും കറുത്ത വസ്ത്രവുമണിഞ്ഞ് പള്ളിയില്‍ കയറിയ അക്രമി ആദ്യം പുരുഷന്‍മാര്‍ ഇരിക്കുന്ന ഭാഗത്തും പിന്നെ സ്ത്രീകള്‍ക്ക് നേരെയും മെഷീന്‍ ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു.

Also Read  ക്രൈസ്റ്റ് ചര്‍ച്ചില്‍ സംഭവിച്ചത് പോലൊരു വെടിവെപ്പ് ഇന്ത്യയിലായിരുന്നെങ്കില്‍ നമ്മുടെ നേതാക്കള്‍ മുസ്ലിങ്ങള്‍ക്കെതിരെയുള്ള ആക്രമണത്തെ രഹസ്യമായി പിന്തുണച്ചേനെ; മെഹ്ബൂബ മുഫ്തി

സൗത്ത് ഐസ്ലാന്‍ഡ് സിറ്റിയിലെ ലിന്‍വുഡ് പള്ളിയിലാണ് രണ്ടാമത്തെ അക്രമമുണ്ടായത്.

വെള്ളിയാഴ്ച ആയതിനാല്‍ രണ്ട് പള്ളികളിലും ആളുകളുണ്ടായിരുന്നു. അല്‍നൂര്‍ പള്ളിയില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങള്‍ എത്തുന്നതിന് മുമ്പായിരുന്നു അക്രമമുണ്ടായത്. താരങ്ങളെല്ലാം സുരക്ഷിതരാണ്. ക്രൈസ്റ്റ്ചര്‍ച്ചില്‍ നാളെ ന്യൂസിലാന്‍ഡിനെതിരായി ടെസ്റ്റ് മത്സരം കളിക്കുന്നതിനായാണ് ബംഗ്ലാദേശ് ടീം നഗരത്തിലെത്തിയിരുന്നത്.
DoolNews video