ബ്രെണ്ടന്‍ ടറന്റ്; ന്യൂസിലാന്‍ഡ് വെടിവെപ്പിനു പിന്നിലെ മുസ്‌ലിം വിരുദ്ധനും ട്രംപ് അനുകൂലിയും വംശീയ വെറിയനുമായ തീവ്രവാദി
World News
ബ്രെണ്ടന്‍ ടറന്റ്; ന്യൂസിലാന്‍ഡ് വെടിവെപ്പിനു പിന്നിലെ മുസ്‌ലിം വിരുദ്ധനും ട്രംപ് അനുകൂലിയും വംശീയ വെറിയനുമായ തീവ്രവാദി
ന്യൂസ് ഡെസ്‌ക്
Friday, 15th March 2019, 9:41 pm

ട്രംപ് അനുകൂലി, വംശീയ വെറിയന്‍, താന്‍ ചെയ്യാന്‍ പോകുന്ന ക്രൂരമായ കൂട്ടക്കൊലയെ ന്യായീകരിക്കാന്‍ 74 പേജുകളോളം വരുന്ന മാനിഫെസ്റ്റോ എഴുതി തയ്യാറാക്കി അത് സമൂഹ മാധ്യമങ്ങളില്‍ പങ്കു വെച്ച മുസ്‌ലിം വിരുദ്ധന്‍, ഇതൊക്കെയാണ് ന്യൂസിലാന്‍ഡിലെ 49 പേരുടെ ജീവനെടുത്ത് ക്രൈസ്റ്റ് ചര്‍ച്ച് വെടിവെപ്പിലെ പ്രതിയെന്ന് സംശയിക്കുന്ന 28കാരനായ ഓസ്‌ട്രേലിയന്‍ വംശജനായ ബ്രണ്ടന്‍ ടറന്റ്.

രണ്ടു മുസ്‌ലിം പള്ളികളിലായി 49 നിരപരാധികളുടെ ജീവനെടുക്കുന്നതിന് മുമ്പ് ഇയാള്‍ ഫേസ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. ഡിലീറ്റ് ചെയ്യപ്പെട്ട തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ മെഷീന്‍ ഗണ്ണുകളുടെ ചിത്രങ്ങളും, തന്റെ പ്രവര്‍ത്തികളെ നീതീകരിക്കുന്ന മാനിഫെസ്റ്റോയും ഇയാള്‍ നേരത്തെ പങ്കു വെച്ചിരുന്നു.

74 പേജുകളുള്ള മാനിഫെസ്റ്റോ കുടിയേറ്റ, ഇസ്‌ലാം വിരുദ്ധതയെ പറ്റിയാണ് പറയുന്നത്. മുസ്‌ലിംങ്ങള്‍ക്കിടയില്‍ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കേണ്ടതിന്റെയും, ഇസ്‌ലാം മത വിശ്വാസികള്‍ക്കെതിരെ നടത്തേണ്ട ആക്രമണങ്ങളെ പറ്റിയും ഇയാള്‍ തന്റെ മാനിഫെസ്റ്റോയില്‍ വാചാലനാകുന്നുണ്ട്.

പ്രശസ്ത സംഗീതജ്ഞനായ ഡിലന്‍ തോമസിന്റെ ഡുനോറ്റ് ഗോ ജെന്റ്‌ലി ഇന്റു ദാറ്റ് ഗുഡ് നൈറ്റ് എന്ന ഉദ്ധരണിയില്‍ നിന്നാണ് മുസ്‌ലിം വിദ്വേഷത്തെക്കുറിച്ച് വീശദീകരിക്കുന്ന ഇയാളുടെ ദി ഗ്രേറ്റ് റീപ്ലേസ്‌മെന്റ് എന്ന മാനിഫെസ്റ്റോ ആംരഭിക്കുന്നത്.

വിദ്യാഭ്യാസത്തില്‍ താല്‍പര്യമില്ലാത്ത പരീക്ഷയില്‍ തോറ്റ ഒരു സാധാരണ വെള്ളക്കാരനായാണ് തന്നെ അയാള്‍ മാനിഫെസ്റ്റോയില്‍ പരിചയപ്പെടുത്തുന്നത്. താന്‍ പ്രശസ്തിക്കു വേണ്ടിയല്ല കുറ്റകൃത്യം നടത്തിയതെന്നും അയാള്‍ ആവശ്യപ്പെടുന്നുണ്ട്. വെള്ളക്കാരുടെ പുതിയ പ്രതീകമായിട്ടാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇയാള്‍ വിവരിക്കുന്നത്. എന്നാല്‍ ട്രംപ് ഒരു നല്ല നയതന്ത്രജ്ഞനല്ലെന്നും ഇയാള്‍ കുറ്റപ്പെടുത്തുന്നുണ്ട്.

നോര്‍വീജിയയില്‍ കൂട്ടക്കൊല നടത്തിയ ആന്‍ഡ്രേസ് ബ്രീവിക്കുമായി താന്‍ തന്റെ പദ്ധതി പങ്കു വെച്ചിരുന്നെന്നും ബ്രീവിക്കിന്റെ അനുഗ്രഹത്തേടെയാണ് ആക്രമണം നടത്തിയതെന്നും ബ്രണ്ടന്‍ പറയുന്നുണ്ട്.

ബ്രണ്ടന്റെ അറസ്റ്റ് ന്യൂസിലാന്‍ഡ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഒരാള്‍ കസ്റ്റഡിലാണെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ വലതുപക്ഷ ഭീകരവാദികളാണെന്നും ആക്രമണം നടത്തിയ വ്യക്തി ഓസ്‌ട്രേലിയക്കാരനാണെന്നും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പറഞ്ഞിരുന്നു.

Also Read ന്യൂസിലാന്‍ഡ് വെടിവെയ്പ്: 40 പേര്‍ കൊല്ലപ്പെട്ടതായി സര്‍ക്കാര്‍; ആക്രമണത്തിന് പിന്നില്‍ വലതുപക്ഷ തീവ്രവാദികള്‍; ലക്ഷ്യം വെച്ചത് അഭയാര്‍ത്ഥികളെയും കുടിയേറ്റക്കാരെയും

കൊല്ലപ്പെട്ടവരില്‍ കുടിയേറ്റക്കാരും അഭയാര്‍ത്ഥികളും ഉണ്ടെന്ന് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജെസിന്‍ഡ ആര്‍ഡേണ്‍ പറഞ്ഞിരുന്നു. ന്യൂസിലാന്റിനെ വീടായി തെരഞ്ഞെടുത്തവരാണ് ഇവരെന്നും ന്യൂസിലാന്‍ഡ് കുടിയേറി വന്നവരുടെ വീട് തന്നെയാണെന്നും ജെസിന്‍ഡ പറഞ്ഞു.

അക്രമികള്‍ക്ക് ന്യൂസിലാന്‍ഡില്‍ സ്ഥാനമില്ലെന്നും ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി പറഞ്ഞു. ന്യൂസിലാന്‍ഡ് ജനസംഖ്യയില്‍ ഒരു ശതമാനമാണ് മുസ്ലിംങ്ങളുള്ളത്.

സെന്‍ട്രല്‍ ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍നൂര്‍ പള്ളിയിലായിരുന്നു ആദ്യം വെടിവെയ്പുണ്ടായത്. ഹെല്‍മെറ്റും കറുത്ത വസ്ത്രവുമണിഞ്ഞ് പള്ളിയില്‍ കയറിയ അക്രമി ആദ്യം പുരുഷന്‍മാര്‍ ഇരിക്കുന്ന ഭാഗത്തും പിന്നെ സ്ത്രീകള്‍ക്ക് നേരെയും മെഷീന്‍ ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു.

സൗത്ത് ഐസ്ലാന്‍ഡ് സിറ്റിയിലെ ലിന്‍വുഡ് പള്ളിയിലാണ് രണ്ടാമത്തെ അക്രമമുണ്ടായത്.

വെള്ളിയാഴ്ച ആയതിനാല്‍ രണ്ട് പള്ളികളിലും ആളുകളുണ്ടായിരുന്നു. അല്‍നൂര്‍ പള്ളിയില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങള്‍ എത്തുന്നതിന് മുമ്പായിരുന്നു അക്രമമുണ്ടായത്. താരങ്ങളെല്ലാം സുരക്ഷിതരാണ്. ക്രൈസ്റ്റ്ചര്‍ച്ചില്‍ നാളെ ന്യൂസിലാന്‍ഡിനെതിരായി ടെസ്റ്റ് മത്സരം കളിക്കുന്നതിനായാണ് ബംഗ്ലാദേശ് ടീം നഗരത്തിലെത്തിയിരുന്നത്.

Also Watch