2017ല്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ തന്റെ കരിയര്‍ ആരംഭിച്ച നടിയാണ് നിമിഷ സജയന്‍. ഒരു കുപ്രസിദ്ധ പയ്യന്‍, ചോല എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് 2018ലെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടാന്‍ നിമിഷക്ക് സാധിച്ചിരുന്നു.
2021ല്‍ ഏറെ ചര്‍ച്ചാ വിഷയമായ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന സിനിമയിലെ പ്രകടനമികവ് നിമിഷക്ക് അന്യഭാഷയിലും ശ്രദ്ധ നേടികൊടുത്തിരുന്നു. പിന്നീട് മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി എന്നീ ഭാഷകളിലും അഭിനയിക്കാന്‍ നിമിഷക്ക് സാധിച്ചു.
ഇപ്പോള്‍ കഥയും സ്‌ക്രിപ്റ്റും സംവിധാനവുമൊക്കെ നന്നായാല്‍ ഒരു സിനിമ വര്‍ക്കാകുമെന്ന് പറയുകയാണ് നടി. തന്റെ ഏറ്റവും പുതിയ തമിഴ് ചിത്രമായ ഡി.എന്‍.എയുടെ പ്രൊമോഷന്റെ ഭാഗമായി സുധീര്‍ ശ്രീനിവാസന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നിമിഷ സജയന്‍.
‘ഞാന്‍ വേറെ എവിടെയും ഇതുവരെ പറയാത്ത ഒരു കാര്യമുണ്ട്. പ്ലസ് ടുവിന് പഠിക്കുന്ന സമയത്ത് ക്ലാസില്‍ നിങ്ങള്‍ക്കൊക്കെ ഭാവിയില്‍ എന്താണ് ആകേണ്ടതെന്ന ചോദ്യം ചോദിച്ചു. നിങ്ങളുടെ ഫ്യൂച്ചര്‍ പ്ലാന്‍ എന്താണെന്നാണ് ചോദിച്ചത്.
ഞാന്‍ അപ്പോള്‍ തന്നെ എനിക്ക് ഒരു ആക്ടറാകാനാണ് ആഗ്രഹമെന്ന് പറഞ്ഞു. ആ സമയത്ത് ഒരുപാട് ആളുകള്‍ ചിരിക്കുന്ന ശബ്ദം എനിക്ക് കേള്‍ക്കാമായിരുന്നു. കാരണം ഞാന്‍ വളരെ ഇരുണ്ട നിറമാണല്ലോ.
ഞാനൊരു കണ്‍വെന്‍ഷനല്‍ ബ്യൂട്ടിയല്ല. പ്രോപ്പര്‍ ഹീറോയിന്‍ മെറ്റീരിയലും അല്ലല്ലോ. അന്നൊക്കെ നായിക ആണെങ്കില്‍ ഫെയറായ ആളുകളാകണം എന്ന ചിന്ത ആയിരുന്നു എല്ലാവര്‍ക്കും.
അങ്ങനെ എനിക്ക് ആദ്യമായി തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലേക്ക് കോള് വന്നു. അപ്പോള്‍ എനിക്കും ഒരു നായികയാകാം എന്ന ചിന്ത വന്നു. എനിക്ക് തോന്നുന്നത് ആ സിനിമ കഴിഞ്ഞപ്പോഴാണ് ആ ആക്‌സെപ്‌റ്റെന്‍സി വന്നതെന്നാണ്.
ഒരു കഥാപാത്രം റിലേറ്റബിളാണെങ്കിലും അതൊരു നല്ല സിനിമയാണെങ്കിലും പിന്നെ അതില്‍ വലിയ സ്റ്റാറുകളൊന്നും ആവശ്യമില്ല. കഥയും സ്‌ക്രിപ്റ്റും സംവിധാനവുമൊക്കെ നന്നായാല്‍ മതി. പിന്നെ ആ സിനിമ വര്‍ക്കാകും,’ നിമിഷ സജയന്‍ പറയുന്നു.
Content Highlight: Nimisha Sajayan Talks About Thondimuthalum Drikshakshiyum Movie