തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ദിലീഷ് പോത്തന്‍ ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് കടന്നുവന്ന നടിയാണ് നിമിഷ സജയന്‍. ഏറെ ചര്‍ച്ചാ വിഷയമായ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലെ പ്രകടനമികവ് നിമിഷക്ക് അന്യഭാഷയിലും ശ്രദ്ധ നേടികൊടുത്തിരുന്നു.
ജിഗര്‍തണ്ട ഡബിള്‍ എക്‌സ്, ചിത്താ എന്നീ തമിഴ് സിനിമകളില്‍ അഭിനയിക്കുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്തു. റിച്ചി മെഹ്ത സംവിധാനം ചെയ്ത പോച്ചര്‍ എന്ന വെബ് സീരീസിലെ പ്രകടനത്തിന് ബോളിവുഡ് നടിയും സീരീസിന്റെ നിര്‍മാതാവുമായ ആലിയ ഭട്ട് നിമിഷയെ പ്രശംസിച്ചിരുന്നു.
ആദ്യ ചിത്രമായ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലേക്ക് എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് നിമിഷ സജയന്‍. മുംബൈയിലെ കോളേജില്‍ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് തൊണ്ടിമുതലും ദ്യക്സാക്ഷിയും എന്ന സിനിമയുടെ ഓഡീഷനെപ്പറ്റി അറിയുന്നതെന്നും ഓഡീഷന് വന്നപ്പോള്‍ മലയാളം ശരിക്ക് അറിയാത്തതുകൊണ്ട് പറ്റില്ല എന്ന് പറഞ്ഞുവിട്ടുവെന്നും നിമിഷ പറയുന്നു.
എന്നാല്‍ തന്നെ മൂന്ന് വട്ടം വിളിപ്പിച്ചുവെന്നും അത്തവണ സ്‌ക്രിപ്റ്റ് കേള്‍ക്കാന്‍ പറഞ്ഞെന്നും നിമിഷ കൂട്ടിച്ചേര്‍ത്തു. ഷൂട്ടിന് മുമ്പ് ബസ് സ്റ്റാന്‍ഡിലും അങ്ങാടിയിലുമൊക്കെ നില്‍ക്കുന്ന മനുഷ്യരുടെ പെരുമാറ്റരീതിയും ശരീരഭാഷയുമെല്ലാം നോക്കിമനസിലാക്കാന്‍ തന്നോട് പറഞ്ഞിരുന്നുവെന്നും നടി പറഞ്ഞു.
‘മുംബൈയിലെ കോളേജില്‍ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ‘തൊണ്ടിമുതലും ദ്യക്സാക്ഷിയും’ എന്ന സിനിമയുടെ ഓഡീഷനെപ്പറ്റി അറിയുന്നത്. എറണാകുളത്ത് ഓഡീഷന് വന്നപ്പോള്‍ മലയാളം ശരിക്ക് അറിയാത്തതുകൊണ്ട് പറ്റില്ല എന്ന് പറഞ്ഞുവിട്ടു. പക്ഷേ, അടുത്തദിവസം വീണ്ടും വിളിപ്പിച്ചു.
എങ്കിലും അവര്‍ ഉറപ്പൊന്നും പറഞ്ഞില്ല. മൂന്നാംതവണയും വിളിപ്പിച്ചു. അത്തവണ സ്‌ക്രിപ്റ്റ് കേള്‍ക്കാന്‍ പറഞ്ഞു. കഥാപാത്രത്തെയും സന്ദര്‍ഭങ്ങളെയും കുറിച്ച് ദിലീഷേട്ടനും ശ്യാമേട്ടനും (ശ്യാം പുഷ്‌കരന്‍) പറഞ്ഞു തന്നതുകൊണ്ട് വലിയ ആത്മവിശ്വാസം ലഭിച്ചു.
ബസ് സ്റ്റാന്‍ഡിലും അങ്ങാടിയിലുമൊക്കെ നില്‍ക്കുന്ന മനുഷ്യരുടെ പെരുമാറ്റരീതിയും ശരീരഭാഷയുമെല്ലാം നോക്കിമനസിലാക്കാന്‍ ഷൂട്ടിന് മുമ്പേ എന്നോട് പറഞ്ഞിരുന്നു. ഞാനങ്ങനെ ചെയ്തുവെങ്കിലും അതെന്തിനാണെന്ന് അപ്പോള്‍ മനസിലായിരുന്നില്ല. പക്ഷേ, സിനിമ തുടങ്ങിയപ്പോള്‍ അതിന്റെ ഗുണം കിട്ടി,’ നിമിഷ സജയന്‍ പറയുന്നു.