അവനെ പോലൊരാള്‍ എന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നി: നിമിഷ സജയന്‍
Entertainment
അവനെ പോലൊരാള്‍ എന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നി: നിമിഷ സജയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 22nd June 2025, 3:46 pm

2017ല്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ തന്റെ കരിയര്‍ ആരംഭിച്ച നടിയാണ് നിമിഷ സജയന്‍. ഒരു കുപ്രസിദ്ധ പയ്യന്‍, ചോല എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് 2018ലെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടാന്‍ നിമിഷക്ക് സാധിച്ചിരുന്നു.

2021ല്‍ ഏറെ ചര്‍ച്ചാ വിഷയമായ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന സിനിമയിലെ പ്രകടനമികവ് നിമിഷക്ക് അന്യഭാഷയിലും ശ്രദ്ധ നേടികൊടുത്തിരുന്നു. ജിഗര്‍തണ്ട ഡബിള്‍ എക്സ്, ചിത്താ എന്നീ തമിഴ് സിനിമകളില്‍ അഭിനയിക്കുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

മലയാളത്തിനും തമിഴിനും പുറമെ ഹിന്ദിയില്‍ പോച്ചര്‍, ഡബ്ബ കാര്‍ട്ടല്‍ പോലുള്ള സീരീസുകളിലും സിനിമകളിലും നിമിഷ സജയന്‍ അഭിനയിച്ചിരുന്നു. ഇപ്പോള്‍ നിമിഷ നായികയായി എത്തിയ നാലാമത്തെ തമിഴ് സിനിമയാണ് ഡി.എന്‍.എ.

ദിവ്യയെന്ന കഥാപാത്രമായി നിമിഷ അഭിനയിച്ചപ്പോള്‍ അഥര്‍വയാണ് ആനന്ദ് എന്ന നായക കഥാപാത്രമായി ഡി.എന്‍.എയില്‍ എത്തിയത്. ഇപ്പോള്‍ അഥര്‍വയുടെയും തന്റെയും കഥാപാത്രങ്ങളെ കുറിച്ച് പറയുകയാണ് നിമിഷ സജയന്‍. സുധീര്‍ ശ്രീനിവാസന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

ഡി.എന്‍.എ എന്ന സിനിമ ചെയ്യുന്ന സമയത്ത് എന്റെ ജീവിതത്തിലും അതിലെ ആനന്ദിനെ പോലെ ഒരാള്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് എനിക്ക് തോന്നിയിരുന്നു. കാരണം എന്റെ ജീവിതത്തില്‍ ചില സന്ദര്‍ഭങ്ങളില്‍ ആനന്ദിനെ പോലെ ഒരാള്‍ എനിക്ക് വേണമായിരുന്നു.

ആ സമയത്ത് ഞാന്‍ പറയുന്ന കാര്യങ്ങള്‍ എന്റെ ഫാമിലിക്കോ എന്റെ ഏറ്റവും അടുത്ത ഫ്രണ്ട്‌സിനോ മനസിലാക്കാത്ത സാഹചര്യം ഉണ്ടായിരുന്നു. ഡി.എന്‍.എയില്‍ എന്റെ കഥാപാത്രത്തിന്റെ പേര് ദിവ്യ എന്നാണ്.

അവളെ സൊസൈറ്റി തന്നെ റിജക്ട് ചെയ്യുന്നുണ്ട്. അവളുടെ കുടുംബവും റിജക്ട് ചെയ്യുന്നുണ്ട്. ആനന്ദും അത്തരത്തില്‍ റിജക്ട് ചെയ്യപ്പെട്ട ഒരാളാണ്. റിജക്ഷന്‍ നേരിട്ട രണ്ടാളുകള്‍ ഒരുമിച്ച് വരുമ്പോള്‍ അതൊരു അനുഗ്രഹം തന്നെയാണ്.

കാരണം അവരുടെ ഇടയില്‍ ആക്‌സെപ്‌റ്റെന്‍സി ഉണ്ടാകും. രണ്ടുപേരും ജഡ്ജ്‌മെന്റലാകില്ല. അവരുടെ ഇടയില്‍ നിരുപാധികമായ സ്‌നേഹമുണ്ടാകും. അതുകൊണ്ട് ആനന്ദിനെ പോലെ ഒരാള്‍ ജീവിതത്തില്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നിയിരുന്നു,’ നിമിഷ സജയന്‍ പറയുന്നു.

ഡി.എന്‍.എ:

ആതിഷ വിനോയ്ക്കൊപ്പം തിരക്കഥയെഴുതി നെല്‍സണ്‍ വെങ്കിടേശന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് ഡി.എന്‍.എ. ഒളിമ്പിയ മൂവീസ് നിര്‍മിച്ച ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ നിമിഷ സജയനും അഥര്‍വക്കും പുറമെ മുഹമ്മദ് സീഷന്‍ അയ്യൂബ്, ബാലാജി ശക്തിവേല്‍, രമേഷ് തിലക്, വിജി ചന്ദ്രശേഖര്‍, ചേതന്‍, ഋത്വിക, സുബ്രഹ്‌മണ്യം ശിവ, കരുണാകരന്‍ എന്നിവരാണ് പ്രധാനവേഷത്തില്‍ എത്തിയത്.


Content Highlight: Nimisha Sajayan Talks About Characters In Her DNA Movie