തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ദിലീഷ് പോത്തന്‍ ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് കടന്നുവന്ന നടിയാണ് നിമിഷ സജയന്‍. ഏറെ ചര്‍ച്ചാ വിഷയമായ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലെ പ്രകടനമികവ് നിമിഷക്ക് അന്യഭാഷയിലും ശ്രദ്ധ നേടികൊടുത്തിരുന്നു. ഇന്ന് മലയാളത്തിലും മറ്റ് ഭാഷകളിലും ഒരുപോലെ തിരക്കുള്ള നടിയാണ് നിമിഷ സജയന്‍.
തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലേക്ക് വന്നതിനെ കുറിച്ച് സംസാരിക്കുകയാണ് നിമിഷ സജയന്‍. ഫഹദ് ഫാസിലിന്റെ കടുത്ത ആരാധികയാണ് താനെന്നും അദ്ദേഹത്തോടൊപ്പം ഒരു സിനിമയില്‍ അഭിനയിക്കുന്നത് സ്വപ്നത്തില്‍ പോലും ചിന്തിച്ചില്ലെന്നും നിമിഷ പറയുന്നു.
‘മോഡേണ്‍ പെണ്‍കുട്ടിയാണെങ്കിലും തൊണ്ടിമുതലും ദൃക്സാക്ഷിയും സിനിമയുടെ ഓഡീഷന്, മുടി പിന്നിലേക്ക് കോതി, തലയില്‍ തുളസിക്കതിര്‍ ചൂടിയാണ് പോയത്. നല്ല കേരള പെണ്‍കുട്ടി. പക്ഷേ ഇന്റര്‍വ്യൂ ടീം സംസാരിക്കാന്‍ തുടങ്ങിയപ്പോഴാണ് കള്ളി വെളിച്ചത്ത് വന്നത്. മലയാളത്തില്‍ ഒരക്ഷരംപോലും സംസാരിക്കാന്‍ അറിയില്ല. എന്നാലും അവര്‍ പറഞ്ഞതുപോലെ നാണം കുണുങ്ങി കിന്നാരം പറഞ്ഞ് കോക്കിരികാട്ടി ഞാന്‍ അഭിനയിച്ചു.
ഫഹദിന്റെ കടുത്ത ഫാനാണ് ഞാന്‍. ഈ അവസരം സ്വപ്നത്തില്‍പോലും പ്രതീക്ഷിച്ചില്ല. ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ വീണ്ടും അവര്‍ വിളിച്ചു. ചിത്രത്തില്‍ സെലക്ഷനായ വിവരം അറിഞ്ഞപ്പോള്‍ ഞാന്‍ കുറെ നേരം തരിച്ചിരുന്നുപോയി. സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന ചേര്‍ത്തലക്കാരിയായ നാടന്‍ പെണ്ണാണ് ചിത്രത്തിലെ ശ്രീജ. അപ്രതീക്ഷിതമായ സാഹചര്യത്തില്‍ അവള്‍ ചെന്നുപെടുന്നതും തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമായിരുന്നു ചിത്രത്തിന്റെ വിഷയം.
നാച്വറലായ ലുക്കും അഭിനയവുമാണ് അവര്‍ ആഗ്രഹിച്ചിരുന്നത്. തുടര്‍ന്ന് കുറെ ഹോം വര്‍ക്കുകള്‍ അവര്‍ എനിക്ക് തന്നു. നിലത്തിരുന്ന് ഭക്ഷണം കഴിക്കുക, പുരികം ത്രഡ് ചെയ്യാതിരിക്കുക, വാക്‌സ് ചെയ്യാതിരിക്കുക എന്നിവയായിരുന്നു ആ ഹോം വര്‍ക്കുകള്‍,’ നിമിഷ സജയന്‍ പറയുന്നു.