നിമിഷ പ്രിയയുടെ വധശിക്ഷ, കാന്തപുരത്തിന്റെ ഇടപെടൽ; നാൾവഴികൾ
Discourse
നിമിഷ പ്രിയയുടെ വധശിക്ഷ, കാന്തപുരത്തിന്റെ ഇടപെടൽ; നാൾവഴികൾ
ജിൻസി വി ഡേവിഡ്
Tuesday, 15th July 2025, 7:57 pm
നിമിഷ പ്രിയയുടെ ജീവൻ രക്ഷിക്കാനാകുമെന്ന എല്ലാ പ്രതീക്ഷയും മങ്ങിയിരിക്കുമ്പോഴായിരുന്നു പ്രതീക്ഷയുടെ നാളമായി കേരളത്തിലെ മത പണ്ഡിതനായ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ ഇടപെടൽ ഉണ്ടായത്. കേന്ദ്ര സർക്കാരിന് പോലും കാര്യമായൊന്നും ചെയ്യാൻ സാധിക്കാതിരുന്നിടത്താണ് കേരളത്തിൽ നിന്നുള്ളൊരു മതപണ്ഡിതന്‍ വിഷയത്തിൽ അപ്രതീക്ഷിതമായ ഇടപെടൽ നടത്തുന്നത്.

‘നിമിഷ പ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു’ മലയാളികളുടെ മനസിൽ ആശ്വാസം നിറച്ച വാർത്തയായിരുന്നു ഇത്. നാളെ നടക്കാനിരിക്കുന്ന വധശിക്ഷ മരവിപ്പിക്കണമേയെന്ന് ആത്മാർഥമായി പ്രാർത്ഥിക്കാത്ത മലയാളികൾ ഉണ്ടാകില്ല.

കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ ഇടപെടലിന് പിന്നാലെയാണ് യെമനിൽ നിന്നും ആശ്വാസ വാർത്ത വന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്ന പേരാണ് നിമിഷ പ്രിയ. യെമൻ പൗരനായ തലാൽ അബ്ദുൾ മഹ്ദിയെ കൊലപ്പെടുത്തിയതിന് എട്ട് വർഷത്തോളമായി യെമൻ ജയിലിൽ വധശിക്ഷ കാത്ത് കിടക്കുന്ന മലയാളി യുവതി എന്നതാവും നമ്മളിൽ പലർക്കും നിമിഷ പ്രിയയെക്കുറിച്ച് അറിയുന്നത്.

 ആരാണ് നിമിഷ പ്രിയ?

Nimisha Priya's release; Chief Minister's letter to the Prime Minister seeking urgent intervention

പാലക്കാട് ജില്ലയിലെ കൊല്ലങ്കോട്, തേക്കിൻചിറയിലെ ഒരു സാധാരണ കുടുംബത്തിലാണ് നിമിഷ പ്രിയ ജനിച്ചത്. നഴ്‌സിങ് പഠനം പൂർത്തിയാക്കിയ നിമിഷ പ്രിയ നഴ്‌സായി ജോലി ചെയ്ത് വരികയായിരുന്നു.

2011ൽ ഇടുക്കി സ്വദേശിയായ ടോമി തോമസുമായി നിമിഷ പ്രിയയുടെ വിവാഹം കഴിഞ്ഞു. യെമനിലെ തലസ്ഥാന നഗരമായ സേനയിലേക്ക് ദമ്പതികൾ താമസം മാറി. സനയിലെ ഒരു ആശുപത്രിയിൽ നഴ്‌സായി ജോലി കണ്ടെത്തിയത്തോടെ തങ്ങളുടെ കഷ്ടപ്പാടുകളുടെ ദിനങ്ങൾ ഉടൻ അവസാനിക്കുമെന്ന് നിമിഷ പ്രിയ പ്രത്യാശിച്ചു. പക്ഷേ താരതമ്യേനെ കുറഞ്ഞ ശമ്പളമായിരുന്നു നിമിഷ പ്രിയക്ക് അവിടെ ലഭിച്ചത്.

ടോമി തോമസ്

യെമനിലേക്ക് ആദ്യം നിമിഷ പ്രിയ പോവുകയും വൈകാതെ ഭർത്താവ് ടോമിയെ അങ്ങോട്ട് കൊണ്ടുപോവുകയുമായിരുന്നു. അവിടെ ടോമിക്ക് ഒരു ഇലക്ട്രീഷ്യന്റെ സഹായിയായി ജോലി ലഭിച്ചു. പക്ഷേ ശമ്പളം തുച്ഛമായിരുന്നു. അവിടെ വെച്ച് അവർക്ക് ഒരു മകൾ ജനിച്ചു. മകളുടെ ജനനം കൂടിയായതോടെ ഇരുവരും സാമ്പത്തികമായി കൂടുതൽ ഞെരുങ്ങി.

2014ൽ ഹൂത്തികൾ സനയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിലേക്ക് നയിച്ച ആഭ്യന്തരയുദ്ധം അവരുടെ സ്വപ്നങ്ങളെ തകർത്തു. ഒടുവിൽ 2014 ടോമി കുഞ്ഞുമായി നാട്ടിലേക്ക് തിരികെ വന്നു.

ഇതോടെ 2015ൽ കുറഞ്ഞ ശമ്പളമുള്ള തന്റെ ജോലി വിട്ട് സ്വന്തമായി ഒരു ക്ലിനിക്ക് തുടങ്ങാൻ നിമിഷ പ്രിയ തീരുമാനിച്ചു. എന്നാൽ യെമനിലെ നിയമ പ്രകാരം യെമൻ പൗരന്മാർക്ക് മാത്രമേ ക്ലിനിക്കുകളും ബിസിനസ് സ്ഥാപനങ്ങളും സ്ഥാപിക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ. അതിനാൽ നിമിഷ പ്രിയ തദ്ദേശവാസിയായ തലാൽ അബ്ദു മഹ്ദിയെ തന്റെ ബിസിനസ് പങ്കാളിയാകാൻ തീരുമാനിച്ചു.

നിമിഷ പ്രിയ ജോലി ചെയ്തിരുന്ന ആശുപത്രിക്ക് സമീപത്ത് ഒരു തുണിക്കട നടത്തിയിരുന്ന വ്യക്തിയായിരുന്നു തലാൽ അബ്ദു മഹ്ദി. നിമിഷ ജോലി ചെയ്തിരുന്ന ക്ലിനിക്കിൽ വെച്ചായിരുന്നു അയാളുടെ ഭാര്യ പ്രസവിച്ചത്.

2015 ൽ നിമിഷ നാട്ടിലേക്ക് തിരികെ വന്നു. അവിടെ നിന്ന് നിമിഷയും ഭർത്താവും തങ്ങളുടെ സമ്പാദ്യവും സുഹൃത്തുക്കളിൽ നിന്നും കടം വാങ്ങിയ പണവുമൊക്കെയായി ഏകദേശം 51,49,800 രൂപ ഇരുവരും സ്വരുക്കൂട്ടി. തലാലുമായി സഹകരിച്ച് സനയിൽ നിമിഷ പ്രിയ സ്വന്തമായി ഒരു ക്ലിനിക്ക് സ്ഥാപിച്ചു. പിന്നാലെ ഭർത്താവിനും മകൾക്കും യെമനിൽ തന്നോടൊപ്പം ചേരാൻ വേണ്ടി അവർ രേഖകൾ തയ്യാറാക്കി. എന്നാൽ മാർച്ചിൽ അവിടെ ഒരു ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടു.

പ്രതികൂലമായ രാഷ്ട്രീയ, സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യൻ പൗരന്മാരോട് യെമനിലേക്ക് യാത്ര ചെയ്യരുതെന്ന് കേന്ദ്ര സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. വിസ നിയന്ത്രണങ്ങൾ കാരണം ഭർത്താവിനും മകൾക്കും കേരളത്തിൽ തന്നെ തുടരേണ്ടിവന്നു.

അടുത്ത രണ്ട് മാസത്തിനുള്ളിൽ, യെമനിൽ നിന്ന് 4,600 ഇന്ത്യൻ പൗരന്മാരെയും ഏകദേശം 1,000 വിദേശ പൗരന്മാരെയും ഒഴിപ്പിച്ചു. തിരികെ പോകാതിരുന്ന ഏതാനും ആളുകളിൽ നിമിഷയും ഉണ്ടായിരുന്നു. ‘ഞങ്ങൾ ക്ലിനിക്കിൽ വളരെയധികം പണം നിക്ഷേപിച്ചിരുന്നു, അവൾക്ക് തിരികെ വരാൻ സാധിക്കുമായിരുന്നില്ല,’ ടോമി തോമസ് ബി.ബി.സിയോട് പറഞ്ഞു.

ക്ലിനിക് പെട്ടെന്ന് തന്നെ നന്നായി പ്രവർത്തിക്കാൻ തുടങ്ങി. പക്ഷേ നിമിഷ തലാലിനെക്കുറിച്ച് പരാതിപ്പെടാൻ തുടങ്ങിയെന്നും ടോമി തോമസ് പറഞ്ഞു. ക്ലിനിക് തുടങ്ങിയതിന് ശേഷം നിമിഷ പ്രിയ തന്റെ ഭാര്യയാണെന്ന് തലാൽ എല്ലാവരെയും വിശ്വസിപ്പിച്ചു. വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കുകയും ചെയ്തു.

2015ൽ നിമിഷ കേരളത്തിൽ വന്നപ്പോൾ തലാലും വന്നിരുന്നെന്നും അവിടെ വെച്ച് അദ്ദേഹം നിമിഷയുടെ ഭർത്താവിനെ കാണുകയും അവരുടെ വീട്ടിൽ താമസിക്കുകയും ചെയ്തുവെന്നും മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. അന്ന് നിമിഷയുടെ വിവാഹ ഫോട്ടോകളിൽ ഒന്ന് തലാൽ മോഷ്ടിക്കുകയും അതിലെ ചിത്രം ഉപയോഗിച്ച് നിമിഷയെ തന്റെ ഭാര്യയായി ചിത്രീകരിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

പങ്കാളിത്തത്തിൽ തുടങ്ങിയ ക്ലിനിക്കിന്റെ വരുമാനം മുഴുവനായും തലാൽ സ്വന്തമാക്കാൻ തുടങ്ങി. ഇതേക്കുറിച്ച് സംസാരിക്കുമ്പോൾ അത് വലിയ വഴക്കിലേക്ക് മാറുകയും തലാൽ നിമിഷയെ ഉപദ്രവിക്കുകയും ചെയ്തു.

അതേസമയം നിമിഷ മുമ്പ് ജോലി ചെയ്തിരുന്ന ക്ലിനിക്കിന്റെ ഉടമ നിമിഷ തുടങ്ങിയ പുതിയ സംരംഭത്തിൽ അസ്വസ്ഥനായിരുന്നു. തുടർന്ന് ക്ലിനിക്കിന്റെ ഓഹരികളുടെ 67 ശതമാനം തലാലിനും 33 ശതമാനം മുമ്പ് ജോലി ചെയ്ത ക്ലിനിക്കിന്റെ ഉടമക്കും നൽകുമെന്ന ഒരു കരാറിൽ ഒപ്പുവെക്കാൻ അവർ നിർബന്ധിതയായി.

നിമിഷ തിരികെ പോകാതിരിക്കാൻ തലാൽ അവരുടെ പാസ്പ്പോർട്ട് തട്ടിയെടുക്കുകയും, അവരുടെ പക്കലുണ്ടായിരുന്ന സ്വർണം വിൽക്കുകയും ചെയ്തു. സഹിക്കാൻ വയ്യാതായതോടെ നിമിഷ പ്രിയ അധികൃതർക്ക് പരാതി നൽകി. ഇതോടെ തലാലിന്റെ ശാരീരിക ഉപദ്രവങ്ങൾ വർധിച്ചു.

2017 ജൂലൈയിൽ, തലാൽ മുമ്പ് ജയിലിലടയ്ക്കപ്പെട്ടിരുന്ന ഒരു ജയിൽ വാർഡനിൽ നിന്ന് നിമിഷ ഉപദേശം തേടിയാതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്തു. തലാലിൽ നിന്നും പാസ്‌പോർട്ട് തിരിച്ചെടുക്കാൻ അയാളെ മയക്കിക്കിടത്താൻ വാർഡൻ അവൾക്ക് ഉപദേശം നൽകി.

2017 ജൂലൈയിൽ, പാസ്‌പോർട്ട് വീണ്ടെടുക്കുന്നതിനായി നിമിഷ തലാലിന് മയക്കമരുന്ന് നൽകി. പക്ഷേ, അമിത അളവിൽ മരുന്ന് കഴിച്ചതിനെ തുടർന്ന് തലാൽ മരണപ്പെട്ടു. തുടർന്ന് നിമിഷ പ്രിയ യെമനിൽ തനിക്കറിയുന്ന ഒരു നഴ്‌സിന്റെ സഹായം തേടി. മൃതദേഹം വെട്ടിമുറിച്ച് ഭാഗങ്ങൾ ഒരു വാട്ടർ ടാങ്കിൽ നിക്ഷേപിക്കാൻ ആ നഴ്സ് നിർദേശിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇരുവരും ഒളിവിൽ പോയെങ്കിലും പൊലീസ് അവരെ പിടികൂടി.

2017 ൽ ടി.വി വാർത്താ ചാനലുകളിലൂടെയാണ് ടോമി തോമസ് കൊലപാതകത്തെക്കുറിച്ച് അറിയുന്നതെന്ന് അദ്ദേഹം ബി.ബി.സിയോട് പറഞ്ഞു. ‘യെമനിൽ ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കിയതിന് മലയാളി നഴ്‌സ് നിമിഷ പ്രിയ അറസ്റ്റിലായി’ എന്നായിരുന്നു വർത്തയെന്ന അദ്ദേഹം പറയുന്നു. തലാലിന്റെ ഒരുമാസത്തിലേറെ പഴക്കമുള്ള വെട്ടിനുറുക്കിയ മൃതദേഹം ഒരു വാട്ടർ ടാങ്കിൽ കണ്ടെത്തിയതിന് പിന്നാലെ സൗദി അറേബ്യയുമായുള്ള യെമന്റെ അതിർത്തിക്ക് സമീപത്ത് നിന്നും നിമിഷ അറസ്റ്റിലായി.

നിമിഷ താനുമായി വിവാഹിതയാണെന്നും അപ്പോൾ എങ്ങനെ മറ്റൊരാളുടെ ഭാര്യയാകുമെന്നും ടോമി ചോദിച്ചു. അറസ്റ്റിന് ഏതാനും ദിവസങ്ങൾക്ക് ശേഷം ജയിലിൽ നിന്ന് വിളിച്ചപ്പോൾ ഇരുവരും കരഞ്ഞുവെന്ന് ടോമി തോമസ് പറഞ്ഞു. ‘എനിക്കും ഞങ്ങളുടെ കുഞ്ഞിനും വേണ്ടിയാണ് അവൾ ഇതെല്ലാം ചെയ്തതെന്ന് അവൾ പറഞ്ഞു. അവൾക്ക് എളുപ്പവഴി സ്വീകരിച്ച് തലാലിനൊപ്പം ജീവിക്കാമായിരുന്നു, പക്ഷേ അവൾക്ക് അത് ചെയ്യാൻ താത്പ്പര്യമില്ലായിരുന്നു,’ ടോമി ബി.ബി.സിയോട് പറഞ്ഞു.

നിമിഷ പ്രിയക്ക് ശരിയായ നിയമ വിചാരണ ലഭിച്ചില്ലെന്നും കോടതി അവൾക്ക് ഒരു ജൂനിയർ അഭിഭാഷകനെ നിയമിച്ചു നൽകിയെങ്കിലും അറബി അറിയാത്തതിനാൽ ആശയവിനിമയം നടത്താൻ കഴിഞ്ഞില്ലെന്നും കുടിയേറ്റ അവകാശ പ്രവർത്തകനും സുപ്രീം കോടതി അഭിഭാഷകനുമായ കെ ആർ സുഭാഷ് ചന്ദ്രൻ പറഞ്ഞു. ‘അവൾക്ക് ഒരു ട്രാൻസലേറ്ററെ നൽകിയില്ല, ഏത് രേഖകളിൽ ഒപ്പിടുന്നുവെന്ന് അവൾക്ക് അറിയില്ലായിരുന്നു,’ അദ്ദേഹം പറഞ്ഞു.

കേസിന്റെ നാൾവഴി

2015ൽ നിമിഷ പ്രിയയും തലാൽ അബ്ദു മഹ്ദിയും ചേർന്ന് ക്ലിനിക്ക് ആരംഭിച്ചു. പിന്നാലെ തലാൽ നിമിഷ പ്രിയയെ ചൂഷണം ചെയ്തു.

2016-ൽ നിമിഷ പ്രിയ തലാൽ അബ്ദു മഹ്ദിക്കെതിരെ പൊലീസിൽ പരാതി നൽകി. ഇതോടെ തലാൽ നിമിഷയെ കൂടുതൽ ആക്രമിക്കാൻ തുടങ്ങി. പാസ്പോർട്ട് പിടിച്ച് വെക്കുകയും ചെയ്തു.

2017 ജൂലൈ 25 ന് തലാൽ കൊല്ലപ്പെട്ടു. 2017 ഓഗസ്റ്റിൽ തലാലിന്റെ മൃതദേഹം കണ്ടെത്തി.

2017 ഓഗസ്റ്റിൽ തന്നെ നിമിഷ പ്രിയയെ യെമൻ-സൗദി അതിർത്തിക്ക് സമീപത്തുനിന്ന് അറസ്റ്റ് ചെയ്തു.

2018 ൽ യെമൻ ക്രിമിനൽ കോടതി നിമിഷ പ്രിയ കുറ്റക്കാരിയാണെന്ന് കണ്ടെത്തി. മയക്കുമരുന്ന് കുത്തിവയ്ക്കുക, നിയമവിരുദ്ധമായി മയക്കുമരുന്ന് നൽകുക, കൊലപാതകം, മൃതദേഹം കഷണങ്ങളാക്കുക, അവശിഷ്ടങ്ങൾ വാട്ടർ ടാങ്കിൽ ഒളിപ്പിച്ച് കുറ്റകൃത്യം മറച്ചുവെക്കാൻ ശ്രമിക്കുക എന്നീ കുറ്റകൃത്യങ്ങൾ നിമിഷ പ്രിയ ചെയ്‌തെന്ന് കോടതി കണ്ടെത്തി. അവർ കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്‌തെന്നും കോടതി നിരീക്ഷിച്ചു. കൊലപാതകം മറച്ചുവെക്കാൻ അവർ സ്വീകരിച്ച നടപടികൾ കുറ്റകൃത്യത്തിന്റെ തീവ്രത കൂടുതൽ വർധിപ്പിച്ചു.

2020 ൽ സനയിലെ വിചാരണ കോടതി നിമിഷ പ്രിയക്ക് വധശിക്ഷ വിധിച്ചു. കേസിൽ സഹായിച്ച ഹനാനെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു.

വധശിക്ഷയ്ക്കെതിരെ നിമിഷ പ്രിയ യെമനിലെ അപ്പീൽ കോടതിയിൽ അപ്പീൽ നൽകി. എന്നാൽ 2023 നവംബറിൽ അപ്പീൽ കോടതിയും വധശിക്ഷ ശരിവെച്ചു. തുടർന്ന്, യെമനിലെ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും 2023 നവംബറിൽ സുപ്രീം കോടതിയും വധശിക്ഷ ശരിവെച്ച് ഉത്തരവിട്ടു.

2024 ൽ യെമൻ പ്രസിഡന്റിന് നിമിഷ പ്രിയ ദയാ ഹരജി നൽകി. എന്നാൽ നൽകിയ ദയാഹരജിയും നിരസിക്കപ്പെട്ടു. ഇതോടെ 2025 ജൂലൈ 16 ന് നിമിഷയുടെ വധശിക്ഷ നടപ്പാക്കാൻ വിധിച്ചു.

യെമനിലെ നിയമമനുസരിച്ച്, കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നൽകിയാൽ ദയാധനം (നഷ്ടപരിഹാരം) നൽകി വധശിക്ഷ ഒഴിവാക്കാൻ സാധിക്കും. എന്നാൽ കൊല്ലപ്പെട്ട യെമൻ പൗരൻ തലാലിന്റെ മരണം കുടുംബങ്ങൾക്ക് പുറമെ ഗോത്രങ്ങൾക്കിടയിലും ദമാർ പ്രദേശ വാസികൾക്കിടയിലും വളരെ വൈകാരിക പ്രശ്നമായിരുന്നു. അത് കൊണ്ട് ഇത്രയും കാലം ആർക്കും തന്നെ തലാലിന്റെ കുടുംബവുമായി ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല.

നിമിഷ പ്രിയക്ക് യെമനിലെ വിചാരണക്കോടതി വധശിക്ഷ വിധിക്കുകയും അപ്പീലുകൾ തള്ളുകയും ഈ വിധി യെമനിലെ സുപ്രീം കോടതി ശരിവെക്കുകയും ചെയ്ത സാഹചര്യത്തിൽ 2023 ൽ നിമിഷയുടെ ജീവൻ രക്ഷിക്കാനായി സേവ് നിമിഷ കൗൺസിൽ രൂപീകരിച്ചു. നിമിഷ പ്രിയയുടെ മോചനത്തിനായുള്ള നിയമപരമായ പോരാട്ടങ്ങൾക്ക് പിന്തുണ നൽകുക, ദയാധനം വാങ്ങാൻ തലാലിന്റെ കുടുംബം സമ്മതിച്ചാൽ അതിനുള്ള പണം സ്വരൂപിക്കുക എന്നിവയായിരുന്നു കൗൺസിലിന്റെ ലക്ഷ്യം.

കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ സമ്മർദ്ദം ചെലുത്തി നിമിഷ പ്രിയയുടെ മോചനത്തിനായി നയതന്ത്ര തലത്തിൽ ഇടപെടലുകൾ നടത്താൻ ആവശ്യപ്പെടുക. നിമിഷ പ്രിയയുടെ ദുരവസ്ഥയെക്കുറിച്ച് പൊതുസമൂഹത്തെ ബോധവത്കരിക്കുകയും അവരുടെ പിന്തുണ തേടുകയും ചെയ്യുക എന്നിവയും ഈ കൗൺസിൽ ചെയ്തുപോന്നു.

നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി

2023 ഡിസംബറിൽ നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിക്ക് യെമനിലേക്ക് യാത്ര ചെയ്യാനുള്ള അനുമതിക്കായി അവർ ദൽഹി ഹൈക്കോടതിയിൽ ഹരജി നൽകി. തുടർന്ന് കേന്ദ്ര സർക്കാർ 2017ലെ യാത്രാവിലക്ക് ഒഴിവാക്കി.

2024 ഏപ്രിൽ 24ന് മകളുടെ ജീവൻ രക്ഷിക്കുന്നതിനായി നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യെമനിലെ സനയിൽ എത്തി. സേവ് നിമിഷ പ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ അംഗം സാമുവൽ ജെറോമിനൊപ്പമാണ് അവർ യെമനിലെത്തിയത്. വധശിക്ഷ ഒഴിവാക്കുന്നതിനും ദയാധനം സംബന്ധിച്ച ചർച്ചകൾ നടത്തുന്നതിനുമായാണ് അവർ യെമനിലെത്തിയത്. എങ്കിലും അവരുടെ ശ്രമങ്ങൾ വലിയ തോതിൽ ഫലം കണ്ടിരുന്നില്ല.

ചർച്ചകൾ നടത്താനുള്ള ശ്രമം ഇരയുടെ കുടുംബം വൈകിപ്പിച്ചെന്ന് സാമുവൽ പറഞ്ഞു. കുടുംബവുമായും ഗോത്ര നേതാക്കളുമായും ചർച്ച നടത്താൻ നിമിഷയ്ക്ക് വേണ്ടി ഇടനിലയക്കാരനായി വർത്തിച്ച അഭിഭാഷകന്റെ ഫീസിന്റെ രണ്ടാം ഗഡു അനുവദിക്കുന്നതിലെ കാലതാമസത്തെ തുടർന്നാണ് ചർച്ചകൾ നിലച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ചർച്ചയ്ക്ക് മുമ്പുള്ള ഫീസായി അഭിഭാഷകൻ 40,000 ഡോളർ ആവശ്യപ്പെട്ടതായും 2024 ജൂലൈയിൽ യെമെനിലെ ഇന്ത്യൻ എംബസി വഴി 20,000 ഡോളർ അദ്ദേഹത്തിന് കൈമാറിയതായും കൗൺസിൽ വ്യക്തമാക്കി.

2025 ജൂലൈ 14 ന് നിമിഷ പ്രിയയുടെ മോചനത്തിനായി ഇടപെടുന്നതിൽ ചില പരിമിതികളുണ്ടെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. യെമനിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും ഇന്ത്യക്ക് ഹൂത്തികളുമായി ഔദ്യോഗിക നയതന്ത്ര ബന്ധമില്ലാത്തതും ഒരു പ്രധാന തടസമായി കേന്ദ്രം ചൂണ്ടിക്കാട്ടി. യെമൻ നയതന്ത്രപരമായി അംഗീകരിക്കപ്പെട്ട രാജ്യമല്ലാത്തതിനാൽ നേരിട്ടുള്ള ഇടപെടലുകൾക്ക് പരിമിതിയുണ്ടെന്ന് അറ്റോർണി ജനറൽ സുപ്രീം കോടതിയിൽ പറഞ്ഞു. എന്നിരുന്നാലും ഒരു ഇന്ത്യൻ പൗരനെ രക്ഷിക്കാൻ സർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും അറ്റോർണി ജനറൽ കോടതിയെ അറിയിച്ചിരുന്നു.

കാന്തപുരത്തിന്റെ അപ്രതീക്ഷിതമായ ഇടപെടലും നിമിഷ പ്രിയയുടെ ജീവിതത്തിലെ വെളിച്ചവും

കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ

ജൂലൈ 13, 2025-ന് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ കേരളത്തിലെ മത പണ്ഡിതനായ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഇടപെടൽ നടത്തി.

നിമിഷ പ്രിയയുടെ ജീവൻ രക്ഷിക്കാനാകുമെന്ന എല്ലാ പ്രതീക്ഷയും മങ്ങിയിരിക്കുമ്പോഴായിരുന്നു പ്രതീക്ഷയുടെ നാളമായി കേരളത്തിലെ മത പണ്ഡിതനായ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ ഇടപെടൽ ഉണ്ടായത്. കേന്ദ്ര സർക്കാരിന് പോലും കാര്യമായൊന്നും ചെയ്യാൻ സാധിക്കാതിരുന്നിടത്താണ് കേരളത്തിൽ നിന്നുള്ളൊരു  മതപണ്ഡിതന്‍ വിഷയത്തിൽ അപ്രതീക്ഷിതമായ ഇടപെടൽ നടത്തുന്നത്.

നിമിഷ പ്രിയയെ വധശിക്ഷയിൽ നിന്ന് രക്ഷിക്കാനുള്ള ഏക മാർഗ്ഗം ദയാധനം നൽകി കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിന്റെ മാപ്പ് നേടുക എന്നതാണ്. ഇതിനായി പലതവണ ചർച്ചകൾ നടത്താൻ സേവ് നിമിഷ പ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ ശ്രമിച്ചിരുന്നെങ്കിലും പലപ്പോഴും സാധ്യമായിരുന്നില്ല.

പക്ഷേ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർക്ക് യെമൻ ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങളിൽ വലിയ സ്വാധീനമുണ്ട്. അദ്ദേഹം തന്റെ സ്വാധീനം ഉപയോഗിച്ച് ജൂലൈ 13, 2025ന് ലോകമെമ്പാടും സ്വാധീനമുള്ള സൂഫി പണ്ഡിതനും യെമനിലെ അറിയപ്പെടുന്ന മതനേതാവുമായ ഷെയ്ഖ് ഹബീബ് ഉമർ ബിൻ ഹാഫിസിനെ സമീപിക്കുകയും അദ്ദേഹത്തിന്റെ സഹായം തേടുകയും ചെയ്തു.

കാന്തപുരവും ഷെയ്ഖ് ഹബീബ് ഉമർ ബിൻ ഹഫീളും

പ്രമുഖ പണ്ഡിതനും സൂഫിയുമായ ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീള് വഴിയുള്ള ഇടപെടലാണ് കുടുംബത്തിനെ പുനരാലോചനയിലേക്ക് എത്തിച്ചത്. അദ്ദേഹത്തിന്റെ നിർദേശത്തെ കുടുംബം മാനിക്കുകയായിരുന്നു. തുടർന്ന് 2025 ജൂലൈ 14, 15 തീയതികളിലായി നിരന്തരം ചർച്ചകൾ നടന്നു. എങ്കിലും എല്ലാവരും ആശങ്കയിലായിരുന്നു. ജൂലൈ 16 ന് നിമിഷ പ്രിയയുടെ വധ ശിക്ഷ നടത്തുമെന്ന വിധി വന്നിരിക്കെ ജൂലൈ 15 രാവിലെ മുതൽ ചർച്ചകൾ നടക്കുകയായിരുന്നു.

ഇന്ന് രാവിലെ യെമൻ സമയം പത്ത് മണിക്ക് കുടുംബവുമായുള്ള ചർച്ച നടന്നിരുന്നു. അതിൽ കൊല്ലപ്പെട്ട തലാലിന്റെ അടുത്ത ബന്ധുവും ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും യമൻ ശൂറാ കൗൺസിലിന്റെ അംഗവുമായ വ്യക്തി, ശൈഖ് ഹബീബ് ഉമറിന്റെ നിർദേശ പ്രകാരം പങ്കെടുക്കാൻ തലാലിന്റെ നാടായ ദമാറിൽ എത്തി. നോർത്ത് യെമനിൽ നടന്ന ചർച്ചയിൽ ശൈഖ് ഹബീബ് ഉമറിനെയും തലാലിന്റെ സഹോദരനെയും കൂടാതെ യെമന്‍ ഭരണകൂട പ്രതിനിധികള്‍, ജിനായത് കോടതി സുപ്രീം ജഡ്ജ്, ഗോത്ര തലവന്മാര്‍ എന്നിവരും പങ്കെടുത്തു.

വധശിക്ഷ നടപ്പാക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളതിനാൽ ചർച്ചയിലെ പ്രധാന വിഷയം വധശിക്ഷ നീട്ടിക്കിട്ടുക അല്ലെങ്കിൽ മരവിപ്പിക്കുക എന്നതായിരുന്നു.

മണിക്കൂറുകൾ നീണ്ട ചർച്ചക്കൊടുവിൽ 2025 ജൂലൈ 15ന് ആ വാർത്തയെത്തി. കാന്തപുരത്തിന്റെ ഇടപെടൽ ഫലം കണ്ടു. നിമിഷ പ്രിയയുടെ വധശിക്ഷ മരവിപ്പിക്കും. ദയാധനത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും വന്നില്ലെങ്കിലും മലയാളികൾക്ക് ആശ്വാസം നൽകുന്നതായിരുന്നു വധശിക്ഷ മരവിപ്പിച്ചെന്ന വാർത്ത.

നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് മരവിപ്പിച്ചതിന് പിന്നാലെ കാന്തപുരത്തിന് നന്ദി പറഞ്ഞുകൊണ്ട് പങ്കാളി ടോമി എത്തിയിരുന്നു. വാര്‍ത്ത ആശ്വാസകരമാണെന്നും മുന്നോട്ടുനീങ്ങാനുളള ഊര്‍ജം കിട്ടിയെന്നും ടോമി തോമസ് പറഞ്ഞു. കാന്തപുരത്തിന് നിമിഷയെ രക്ഷിക്കാന്‍ കഴിയുമെന്ന് ഉറച്ചുവിശ്വസിക്കുന്നുവെന്നും അദ്ദേഹം വിഷയത്തില്‍ ശക്തമായി ഇടപെട്ടെന്നും ടോമി പറഞ്ഞു.

Content Highlight: Nimisha Priya’s execution, Kanthapuram’s intervention; timeline

 

ജിൻസി വി ഡേവിഡ്
ഡൂൾ ന്യൂസ് സബ് എഡിറ്റർ ട്രെയിനി. സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് ജമ്മുവിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ന്യൂ മീഡിയയിൽ ബിരുദാനന്തര ബിരുദം