ഓര്‍മയുണ്ടാകണം; ആക്ഷന്‍ കൗണ്‍സിലിന്റെ ഇടപെടലിനെ തുടര്‍ന്നാണ് കേന്ദ്രം നിമിഷപ്രിയക്ക് നിയമസഹായം നല്‍കിയത്: സുഭാഷ് ചന്ദ്രന്‍
nimisha priya
ഓര്‍മയുണ്ടാകണം; ആക്ഷന്‍ കൗണ്‍സിലിന്റെ ഇടപെടലിനെ തുടര്‍ന്നാണ് കേന്ദ്രം നിമിഷപ്രിയക്ക് നിയമസഹായം നല്‍കിയത്: സുഭാഷ് ചന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th July 2025, 9:16 pm

ന്യൂദല്‍ഹി: ആക്ഷന്‍ കൗണ്‍സിലിന്റെ ഇടപെടലിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ നിമിഷപ്രിയക്ക് നിയമസഹായം അനുവദിച്ചതെന്ന് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ ലീഗല്‍ അഡൈ്വസറും സുപ്രീം കോടതി അഭിഭാഷകനുമായ സുഭാഷ് ചന്ദ്രന്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അഭിഭാഷകന്റെ പ്രതികരണം.

ആക്ഷന്‍ കൗണ്‍സില്‍ ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് നിമിഷപ്രിയക്കും കുടുംബത്തിനും കേന്ദ്രം നിയമസഹായം ഉറപ്പുനല്‍കിയതെന്നാണ് സുഭാഷ് ചന്ദ്രന്‍ പറയുന്നത്. കോടതി നടപടികളുമായി ബന്ധപ്പെട്ട രേഖകള്‍ പങ്കുവെച്ചുകൊണ്ടാണ് സുഭാഷ് ചന്ദ്രന്റെ പോസ്റ്റ്.

‘നിമിഷപ്രിയക്ക് നിയമസഹായം ഉള്‍പ്പെടെ സാധ്യമായ എല്ലാ സഹായവും നല്‍കിയെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍, അത് സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന്റെ തുടര്‍ച്ചയായ നിയമപോരാട്ടത്തെ തുടര്‍ന്നാണെന്ന് കൂടി തിരിച്ചറിയേണ്ടതുണ്ട്. വിദേശത്ത് വധശിക്ഷക്ക് വിധിക്കപ്പെട്ടിരിക്കുന്ന ഒരിന്ത്യക്കാരന് ഇന്ത്യന്‍ ഗവണ്മെന്റും എംബസിയും തന്നെയാണ് നിയമസഹായവും നയതന്ത്ര സഹായവും ഉള്‍പ്പെടെയുള്ള പൂര്‍ണ പിന്തുണ നല്‍കേണ്ടത്.

നിമിഷക്ക് അത്തരം പിന്തുണ ലഭ്യമാകാതെ വന്നപ്പോഴാണ് ആദ്യം ആക്ഷന്‍ കൗണ്‍സില്‍ ഹൈക്കോടതിയെ സമീപിക്കുന്നത്. തുടര്‍ന്ന് 2022 മാര്‍ച്ച് 15ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതി മുമ്പാകെ യെമനിലെ കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യുന്നതിന് അഭിഭാഷകനെ ഉള്‍പ്പെടെയുള്ള സഹായം ലഭ്യമാക്കുമെന്ന് ഉറപ്പുനല്‍കി. നിമിഷയുടെ അമ്മക്ക് സനയിലേക്ക് യാത്ര ചെയ്യുന്നതിനും അവിടെ ചര്‍ച്ചകള്‍ നടത്തുന്നതി നും പിന്തുണ നൽകാമെന്ന് അറിയിച്ചതോടെ, സര്‍ക്കാരിന്റെ ഈ ഉറപ്പ് പരിഗണിച്ച് കോടതി കേസ് തീര്‍പ്പാക്കുകയും ചെയ്തു,’ സുഭാഷ് ചന്ദ്രന്‍ കുറിച്ചു.

എന്നാല്‍ അപ്പീല്‍ ഫയല്‍ ചെയ്യാന്‍ സഹായിച്ചെങ്കിലും അമ്മയുടെ യാത്രാനുമതി സര്‍ക്കാര്‍ നിഷേധിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് നിമിഷയുടെ അമ്മ പ്രേമകുമാരി വീണ്ടുമൊരു റിട്ട് പെറ്റീഷന്‍ ഫയല്‍ ചെയ്യുകയും 2023 നവംബര്‍ 16ന് അമ്മയുടെ യാത്രാനുമതിയില്‍ ഒരാഴ്ചക്കക്കം തീരുമാനമെടുക്കാന്‍ നിര്‍ദേശം നല്‍കി കേസ് തീര്‍പ്പാക്കുകയും ചെയ്തു.

പിന്നീട് കോടതിയുടെ നിര്‍ദേശപ്രകാരം യാത്രക്കായി സമര്‍പ്പിച്ച അമ്മയുടെ അപേക്ഷ വിദേശകാര്യ മന്ത്രാലയം തള്ളി. തുടര്‍ന്ന് മൂന്നാമതും ദല്‍ഹി ഹൈക്കോടതിയെ സമീപിച്ച നിമിഷയുടെ മാതാവ് പ്രേമകുമാരിക്ക്, കേന്ദ്രസര്‍ക്കാരിന്റെ ശക്തമായ എതിര്‍പ്പിനെ തള്ളി കോടതി 2023 ഡിസംബര്‍ 12ന് യാത്രാനുമതി നല്‍കുകയായിരുന്നുവെന്നും സുഭാഷ് ചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

ഇന്ന് (വ്യാഴം) നടന്ന മീഡിയ ബ്രീഫിങില്‍, നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാർ ഇടപെടല്‍ നടത്തിയെന്ന വിവരം തങ്ങളറിഞ്ഞിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സുഭാഷ് ചന്ദ്രന്റെ പോസ്റ്റ്.

കേന്ദ്രത്തിന്റെ ഈ നിലപാടിനെയും സുഭാഷ് ചന്ദ്രന്‍ കുറിപ്പില്‍ വിമര്‍ശിക്കുന്നുണ്ട്. ചരിത്രമിങ്ങനെ നിവര്‍ന്നുനിന്ന് വസ്തുതകള്‍ ഓര്‍മപ്പെടുത്തുമ്പോള്‍ മാധ്യമങ്ങള്‍ക്ക് മുന്നിലായാലും സുപ്രീം കോടതി മുറിയിലായാലും കേന്ദ്രമെടുക്കുന്ന നിലപാടുകള്‍ കാലത്തിന്റെ വിചാരണക്ക് വിധേയമാക്കപ്പെടുക തന്നെ ചെയ്യുമെന്നും സുഭാഷ് ചന്ദ്രന്‍ പറഞ്ഞു.

വധശിക്ഷക്കായി എണ്ണപ്പെട്ട നാളുകളില്‍ നിമിഷയുടെ രക്ഷക്കായി അവതരിച്ച കാന്തപുരത്തെയും അദ്ദേഹത്തിന്റെ ഇടപെടലുകളെയും കുറിച്ച് തങ്ങള്‍ അജ്ഞരാണെന്ന വാക്കുകള്‍ കേന്ദ്രത്തെ തുറന്നുകാട്ടുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Subhash Chandran opposes the Center’s stance that it is unaware of Kanthapuram’s intervention in Nimishapriya’s release