വധശിക്ഷ നീട്ടിവെച്ചത് കാന്തപുരം ഇടപെട്ടിട്ടല്ല; നിമിഷ പ്രിയ കടുത്ത കുറ്റവാളി: കാസ
Kerala
വധശിക്ഷ നീട്ടിവെച്ചത് കാന്തപുരം ഇടപെട്ടിട്ടല്ല; നിമിഷ പ്രിയ കടുത്ത കുറ്റവാളി: കാസ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 16th July 2025, 5:02 pm

കോഴിക്കോട്: നിമിഷ പ്രിയയ്ക്ക് വേണ്ടി നമ്മുടെ ഭരണകൂടങ്ങള്‍ എന്തിന് ഇടപെടണമെന്ന് തീവ്ര വലതുപക്ഷ ക്രിസ്ത്യന്‍ സംഘടനയായ കാസ. നമ്മുടെ രാജ്യക്കാരി യെമന്‍ പോലെ ഒരു രാജ്യത്ത് പ്രാകൃത വധശിക്ഷയ്ക്ക് ഇരയാകുന്നത് വേദന ഉണ്ടാക്കുന്ന കാര്യമാണെങ്കിലും നിമിഷ പ്രിയ ലോകത്തെ ഏതു രാജ്യത്തെ നിയമം വെച്ചു നോക്കിയാലും ദൈവീക നിയമപ്രകാരവും കടുത്ത കുറ്റവാളി തന്നെയാണെന്നും കാസ നേതാവ് കെവിന്‍ പീറ്റര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം കൊലപാതകം ഒരു മാരക പാപവും 10 കല്‍പ്പനകളിലെ കൊല്ലരുത് എന്നുള്ള ആറാമത്തെ കല്‍പ്പനയുടെ ലംഘനവുമാണെന്നും കെവിന്‍ പീറ്റര്‍ പറയുന്നു.

ഏതൊരു കുറ്റവാളിക്കും താന്‍ ചെയ്ത കുറ്റകൃത്യത്തില്‍ ന്യായീകരണങ്ങള്‍ പലതും ഉണ്ടാവും. മുംബൈയില്‍ നിരപരാധികളെ തലങ്ങും വിലങ്ങും വെടിവെച്ചുകൊന്ന അജ്മല്‍ കസബിന് പോലും ന്യായീകരണമുണ്ടായിരുന്നു. അതുപോലെതന്നെയാണ് നിമിഷ പ്രിയയുടെ ന്യായീകരണവും. കൊല്ലപ്പെട്ട യെമനി പൗരന്‍ നടത്തിയ ചതിയോ വഞ്ചനയോ പീഡനമോ ഒന്നും ഒരിക്കലും അയാളെ കൊല ചെയ്യുന്നതിനുള്ള ഒരു ന്യായീകരണമാകുന്നില്ല.

നിമിഷപ്രിയ കൊലപാതകം ചെയ്തതിന് പുറമെ വളരെ ഹീനമായ രീതിയില്‍ അത് മൂടി വെക്കാനും ശേഷം ഒളിച്ചു രക്ഷപ്പെടുവാനുമാണ് ശ്രമിച്ചത്. സീസറിനുള്ളത് സീസറിന് ദൈവത്തിനുള്ളത് ദൈവത്തിന് എന്ന ദൈവവചനം പോലെ നാം ഏത് രാജ്യത്ത് ആയിരിക്കുന്നുവോ ആ രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ചു ജീവിക്കേണ്ടതായി വരും. അവിടെ കുറ്റകൃത്യങ്ങള്‍ ചെയ്താല്‍ അതിനനുസരിച്ച് ഏതു തരത്തിലുള്ള ശിക്ഷയാണോ ലഭിക്കുന്നത് അത് അനുഭവിക്കാന്‍ നാം ബാധ്യസ്ഥരാണ്.

ഈ കൊലപാതകം ഭാരതത്തിലാണ് നടന്നതെങ്കില്‍ നിമിഷയ്ക്ക് തൂക്കുമരമോ ജീവപര്യന്തമോ ലഭിക്കുമായിരുന്നു. കുറ്റം ഏതു രാജ്യത്ത് ചെയ്താലും അതിനുള്ള ശിക്ഷ അനുഭവിക്കുക തന്നെ വേണമെന്നും കെവിന്‍ പറഞ്ഞു. ഭാരതം പോലെ ഒരു രാജ്യത്തിന്റെ ഭരണകൂടം ഇത്തരത്തില്‍ മറ്റു രാജ്യങ്ങളില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന കുറ്റവാളികളായ പൗരന്മാര്‍ക്ക് വേണ്ടി ഇത്തരം ശ്രമങ്ങള്‍ നടത്തുന്നത് വഴി എന്ത് സന്ദേശമാണ് സ്വന്തം പൗരന്മാര്‍ക്ക് നല്‍കുന്നതെന്നും കെവിന്‍ തന്റെ പോസ്റ്റിലൂടെ ചോദിക്കുന്നുണ്ട്.

ഭാരതീയര്‍ ഏത് നാട്ടില്‍ പോയി എന്ത് വൃത്തികേട് കാട്ടി ജയിലില്‍ ആയാലും കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് മോചിപ്പിച്ചു കൊണ്ടുവരുമെന്നാണോ? യെമന്‍ എന്നു പറയുന്ന രാജ്യത്തിന് ഭാരതം ഉള്‍പ്പെടെ ലോകത്തുള്ള 99% രാജ്യങ്ങളുമായും നയതന്ത്ര ബന്ധമില്ല. അതുകൊണ്ടുതന്നെ ആ രാജ്യത്തിനുള്ളിലെ വിഷയത്തില്‍ നയതന്ത്രപരമായ ഇടപെടലിന് പരിമിതികള്‍ ഉണ്ട് എന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നുവെങ്കിലും ഇതുവരെയുള്ള എല്ലാ ശ്രമങ്ങളും നടന്നിരിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ വഴി തന്നെയാണെന്നും കെവിന്‍ അവകാശപ്പെട്ടു.

അതേസമയം നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെച്ചതില്‍ നിര്‍ണായക പങ്ക് വഹിച്ച കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരേയും കെവിന്‍ തന്റെ പോസ്റ്റിലൂടെ വിമര്‍ശിക്കുന്നുണ്ട്. കാന്തപുരം സൂഫി പണ്ഡിതനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഇത് സാധ്യമായത് എന്ന രീതിയില്‍ കാന്തപുരത്തെ നന്മമരമാക്കി കൊണ്ട് തുടങ്ങിയ കോലാഹലങ്ങള്‍ ഇതുവരെ അവസാനിച്ചിട്ടില്ലെന്ന് കെവിന്‍ പരിഹസിച്ചു.

വധശിക്ഷ നീട്ടിവെച്ച തീരുമാനത്തില്‍ കാന്തപുരത്തിന്റെ യാതൊരുവിധ ഇടപെടലുകളും ഉണ്ടായിട്ടില്ല. പക്ഷേ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തെ ഇനി സ്വാധീനിക്കാനുള്ള കാര്യങ്ങളില്‍ ഒരു പക്ഷേ കാന്തപുരത്തിന് അവിടെ തനിക്ക് ബന്ധമുള്ള ആളുകളില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കഴിയുമായിരിക്കും!

പക്ഷേ അതിനുള്ള സാധ്യത കുറവാണ്, കാരണം കാന്തപുരം ഇസ്‌ലാമിലെ സുന്നി വിഭാഗത്തില്‍ പെട്ടയാളാണ്. യെമന്‍ ഷിയാ വിഭാഗത്തിന് മുന്‍തൂക്കമുള്ള തീവ്രവാദികള്‍ കൈയ്യടക്കിയ സ്ഥലമാണ്. ഹൂത്തികള്‍ എന്നറിയപ്പെടുന്ന ഷിയ മുസ്‌ലിം വിഭാഗം ഷിയാ രാജ്യമായ ഇറാന്റെ പിന്തുണയോടെ നിരന്തരം സുന്നികള്‍ക്ക് എതിരെ പ്രത്യേകിച്ച് സൗദിയടങ്ങുന്ന ഗള്‍ഫ് രാജ്യങ്ങളുമായി കടുത്ത സംഘര്‍ഷത്തിലാണ്.


ഹൂത്തികള്‍ സുന്നി മുസ്‌ലിങ്ങളുടെ പുണ്യകേന്ദ്രമായ സൗദിയിലെ മക്കയ്ക്ക് നേരെവരെ മിസൈല്‍ ആക്രമണശ്രമം നടത്തിയിട്ടുള്ളവരാണ്, അതുകൊണ്ടുതന്നെ ഷിയാ ഭരണത്തില്‍ ഇരിക്കുന്ന സ്ഥലത്ത് അവിടെ തീരെ സ്വാധീനം കുറഞ്ഞ സുന്നിയായ ഒരു സൂഫി നേതാവ് വഴി കാന്തപുരത്തിന് കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തെ മനം മാറ്റി എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്നത് കണ്ട് അറിയേണ്ട കാര്യമാണ്.

തലാലിന്റെ സഹോദരന്റെ ഫേസ്ബുക്ക് പോസ്റ്റിലെ വാക്കുകള്‍ ട്രാന്‍സ്‌ലേറ്റ് ചെയ്ത് വായിച്ചതില്‍ നിന്നും ആ കുടുംബം നിമിഷപ്രിയയുടെ മരണത്തിനായി കാത്തിരിക്കുകയാണ് എന്നാണ് മനസ്സിലാവുന്നത്.

കാന്തപുരം ഉസ്താദിന് കഴിയുന്ന ശ്രമങ്ങള്‍ ഉസ്താദും ചെയ്യട്ടെ പക്ഷെ ഇനി എന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍ ഹൂത്തികളില്‍ നല്ല സ്വാധീനമുള്ള ഇറാന്‍ ഭരണകൂടം വഴി മാത്രമായിരിക്കും, അതിനു സാധിക്കുക കേന്ദ്രസര്‍ക്കാരിനാണ്.

എന്നാല്‍ അതിനായി കേരളത്തില്‍ ഇപ്പോള്‍ നടത്തുന്ന മൂന്നാംകിട കാന്തപുരം സ്തുതിയും ആഘോഷവും അനാവശ്യ വിവാദങ്ങളും ചര്‍ച്ചകളും വാര്‍ത്തകളും എല്ലാം അവസാനിപ്പിക്കുക തന്നെ വേണം.

കാരണം ഇവിടെ കേരളത്തില്‍ നടക്കുന്ന സുന്നി ആഘോഷം വാര്‍ത്തകളായി അവിടെ എത്തും. അത് തലാലിന്റെ ഷിയാ ഗോത്ര ഗ്രാമവും അയാളുടെ കുടുംബവും ഇതൊരു അഭിമാന പ്രശ്‌നമായി എടുത്താല്‍ അവര്‍ നിമിഷപ്രിയയുടെ വധശിക്ഷ വേണമെന്നതില്‍ ഉറച്ചുനില്‍ക്കും. കെവിന്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

Content Highlight: Nimisha Priya’s death penalty was not postponed due to Kanthapuram’s intervention; Nimisha Priya is a hardened criminal says  CASA