ഇത് തീവ്രവാദമാണ് ഇതിനെ അടിച്ചോടിച്ചേ മതിയാകൂ; നിലക്കലിലെ ഗുണ്ടായിസത്തിനെതിരെ സോഷ്യല്‍ മീഡിയ
Sabarimala women entry
ഇത് തീവ്രവാദമാണ് ഇതിനെ അടിച്ചോടിച്ചേ മതിയാകൂ; നിലക്കലിലെ ഗുണ്ടായിസത്തിനെതിരെ സോഷ്യല്‍ മീഡിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th October 2018, 8:07 pm

പമ്പ: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച കോടതിവിധിക്കെതിരെ അക്രമം അഴിച്ചുവിട്ട സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസിനെതിരെയും സ്ത്രീകള്‍ക്കെതിരെയും അക്രമം അഴിച്ചു വിട്ടത് തീവ്രവാദമാണെന്നും ഇവരെ മുഴുവന്‍ അടിച്ചോടിച്ച് ക്രമസമാധാനം പുനസ്ഥാപിക്കാന്‍ പൊലീസ് തയ്യാറാവണമെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

മുഖം മൂടിക്കെട്ടി വടിയും കുന്തവുമായി കാവിയുടുത്ത് നില്‍ക്കുന്ന അക്രമികളുടെ ചിത്രം ഷെയര്‍ ചെയ്തുകൊണ്ടാണ് പലരും അക്രമത്തിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിക്കുന്നത്. നിരവധി പേരാണ് അക്രമത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഷെയറ് ചെയ്തു കൊണ്ടും പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്.

“മുഖം മൂടിക്കെട്ടി കുറുവടികളുമായി ശബരിമലയിലേക്കുള്ള ശരണവഴിയില്‍ നിരന്ന ഇവര്‍ സംഘപരിവാര്‍ ക്രിമിനലുകള്‍ മാത്രം. തത്വമസിയെന്ന സന്ദേശം ഇവരുടെ ചെവിയിലോതിയിട്ട് കാര്യമില്ല” എന്നാണ് ആ ചിത്രം പങ്കുവെച്ച് മന്ത്രി കടകംപള്ളി കുറിച്ചത്.


Read Also : മാധ്യമങ്ങളുടെ സംപ്രേഷണം നിര്‍ത്തിക്കണം, ഏഷ്യാനെറ്റ്, റിപ്പോര്‍ട്ടര്‍ ചാനല്‍ എന്നിവയെ തടസ്സപ്പെടുത്തണം; നിലയ്ക്കലില്‍ ആക്രമണങ്ങള്‍ ഏകോപിപ്പിക്കുന്നത് വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ


 

“സ്ത്രീകള്‍ സുരക്ഷിതരല്ല, ആ പ്രദേശത്തെങ്കില്‍ സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്തം പോലീസിനുണ്ട്. അക്രമിക്കാന്‍ നില്‍ക്കുന്നവര്‍ ഭക്തരുടേതല്ല, ദൈവത്തിന്റെ വേഷം തന്നെ കെട്ടി നിന്നാലും തീവ്രവാദികളാണ്. അവരെ നേരിടണം”. എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

“ആര് ആരെയാണ് ആക്രമിക്കുന്നത് എന്ന് വ്യക്തമായി പറയണം. കേരളത്തില്‍ എത്തുന്ന അയ്യപ്പ ഭക്തരെ ഹൈന്ദവ തീവ്രവാദികള്‍ ആക്രമിക്കുന്നു .ശബരിമലയില്‍ എത്തുന്ന ഹിന്ദുക്കളെ ആര്‍.എസ്.എസ് ആക്രമിക്കുന്നു”. എന്നാണ് രേസ്മി ആര്‍.നായര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ഹേ, മാധ്യമ പ്രവര്‍ത്തകരേ, വിശ്വാസികള്‍, ഭക്തര്‍, നാട്ടുകാര്‍ എന്നൊക്കെ വിശേഷിപ്പിക്കല്ലേ …തെമ്മാടികള്‍ എന്ന്, അല്ലെങ്കില്‍ പോട്ടെ, ആള്‍ക്കൂട്ടം എന്നെങ്കിലും പറയൂ ഭാഷയിലും രാഷ്ട്രീയം വേണം എന്നാണ് പത്മനാഭന്‍ ബ്ലാത്തൂര്‍ എന്നയാള്‍ കുറിച്ചത്.

“മണിക്കൂറുകളായി അക്രമം അഴിച്ചു വിടുന്ന ഹിന്ദുത്വ തീവ്രവാദികള്‍ക്കെതിരെ കേരള പോലീസ് ലാത്തി വീശി”. എന്നാണ് ദിനില്‍ സി.എ കുറിച്ചത്.

“തീവ്രവാദികളാണ്, അവരെ തീവ്രവാദികളെ പോലെ നേരിട്ടില്ലെങ്കില്‍ ചരിത്രത്തില്‍ നമ്മുടെ സ്ഥാനം ചവറ്റു കൊട്ടയിലാകും. പ്രസംഗങ്ങളല്ല, പ്രവര്‍ത്തികളാണ് ചരിത്രത്തിന്റെ ഭാഗാകുന്നത്. ഈ സര്‍ക്കാര് ഇതുവരെ ഇക്കാര്യത്തില്‍ തുല്യനീതിയെന്ന ആശയം ഉയര്‍ത്തിപ്പിടിച്ച് കൈക്കൊണ്ട നിലപാടുകളുള്‍ പോലെ തന്നെ പ്രധാനമാണ് ക്രമസമാധാനത്തേയും സ്വതന്ത്രമായ ആരാധന എന്ന ഭക്തരുടെ അവകാശത്തേയും വെല്ലുവിളിച്ചുകൊണ്ട് തീവ്രവാദികള്‍ നടത്തുന്ന ഈ അഴിഞ്ഞാട്ടം”. ശ്രീജിത്ത് ദിവാകരന്‍ കുറിച്ചത്.

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച കോടതിവിധിക്കെതിരെ അക്രമം അഴിച്ചുവിട്ട ശബരിമലയില്‍ നിരോധനാഞ്ജ (144) പ്രഖ്യാപിച്ചു. ഇന്ന് അര്‍ധരാത്രിമുതലാണ് നിരോധനാഞ്ജ നിലവില്‍ വരുന്നത്. ഇലവുങ്കല്‍, പമ്പ, നിലക്കല്‍, സന്നിധാനം എന്നിവിടങ്ങളിലാണ് നിരോധനാഞ്ജ.

രാവിലെ മുതല്‍ തന്നെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും സ്ത്രീകള്‍ക്കെതിരെയും
വലിയ രീതിയിലുള്ള ആക്രമമാണ് അഴിച്ചുവിട്ടത്. അവരുടെ വാഹനങ്ങള്‍ തകര്‍ക്കുകയും പൊലീസ് വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടാവുകയും ചെയ്ത സാഹചര്യത്തിലാണ് ഇവിടെ നിരോധനാഞ്ജ പ്രഖ്യാപിച്ചത്.

പരിക്കേറ്റ വനിതാ മാധ്യമപ്രവര്‍ത്തകരെ ആശുപത്രിയില്‍ എത്തിക്കാനെത്തിയ പൊലീസ് വാഹനത്തിന് നേരെയും കല്ലേറുമുണ്ടായി. ഇതോടെയാണ് പൊലീസ് ലാത്തി വീശി അക്രമികളെ ഓടിക്കുകയായിരുന്നു. പൊലീസ് വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ന്നു. ലാത്തിച്ചാര്‍ജിനിടെയും പൊലീസിന് നേരെ കല്ലേറുണ്ടായി. എ.ഡി.ജി.പി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു.

പമ്പയിലും നിലക്കലിലും പ്രതിരോധം തീര്‍ത്തതിനെ തുടര്‍ന്ന് മലകയറാനെത്തിയ സ്ത്രീകള്‍ക്ക് പമ്പയിലേക്ക് പ്രവേശിക്കാനായില്ല. ശബരിമലയില്‍ ഡ്യൂട്ടിയ്‌ക്കെത്തിയ വനിതാ പൊലീസുകാരെയും പ്രതിഷേധകര്‍ വാഹനത്തില്‍നിന്ന് ഇറക്കി വിട്ടു. വനിതാ പൊലീസിനെ ഒളിച്ച് കൊണ്ടുപോകുന്നുണ്ടോ എന്ന് സംശയത്തില്‍ വാഹനങ്ങള്‍ തടഞ്ഞ് പരിശോധിക്കുകയാണ് പ്രതിഷേധകര്‍. രാവിലെ നാമജപ സമരത്തിലുണ്ടായിരുന്നവര്‍ക്ക് പകരം പുതിയ ആളുകളാണ് ഉച്ചയ്ക്ക് ശേഷമെത്തിയത്. ഇവരെത്തിയതിനെത്തുടര്‍ന്നാണ് സമരം അക്രമാസക്തമായത്.