ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നടി നിഖില വിമലിന്റെ സഹോദരി അഖില വിമല്‍ സന്യാസം സ്വീകരിച്ചിരുന്നു. അതേക്കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിന് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് നിഖില വിമല്‍. തന്റെ ചേച്ചി പെട്ടെന്നൊരു ദിവസം പോയി സന്യാസം സ്വീകരിച്ചതല്ലെന്ന് നിഖില വിമല്‍ പറയുന്നു.
‘നമ്മുടെ വീട്ടിലുള്ള ഒരാള്‍ എന്താണ് ചെയ്യുകയെന്ന് നമുക്കറിയാമല്ലോ. പെട്ടന്നൊരു ദിവസം പോയി അവള്‍ സന്യാസി ആയതൊന്നും അല്ല. എന്റെ ചേച്ചി ആയതാണ് ഈ അടുത്ത കാലത്ത് അവള്‍ ചെയ്ത ഏറ്റവും വലിയ അബദ്ധം. അല്ലാത്ത പക്ഷം അവള്‍ വളരെ ബ്രൈറ്റായിട്ടുള്ള, നന്നായി പഠിക്കുന്ന, Phd എല്ലാം ഉള്ള ഒരാളാണ്.
സോ, അവളുടെ ലൈഫില്‍ അവളെടുക്കുന്ന തീരുമാനത്തെ നമ്മള്‍ എങ്ങനെയാണ് ചോദ്യം ചെയ്യുക? എന്റെ ചേച്ചിക്ക് 36 വയസായി. അപ്പോള്‍ 36 വയസുള്ള അവള്‍ എടുക്കുന്ന തീരുമാനത്തെ നമ്മള്‍ ഒരിക്കലും ചോദ്യം ചെയ്യാന്‍ പാടില്ല. അവള്‍ ആരോടും ഒന്നും പറയാതെ പെട്ടെന്നൊരു ദിവസം പോയി ചെയ്യുന്ന കാര്യവുമല്ല അത്. ആത്മീയ കാര്യങ്ങളോട് താത്പര്യമുള്ള ഒരാളായിരുന്നു അവള്‍.
നമ്മള്‍ വ്യക്തി സ്വാതന്ത്രത്തെ കുറിച്ച് വലിയ രീതിയില്‍ സംസാരിക്കുകയും ഒരു വ്യക്തി തന്റെ സ്വാതന്ത്ര്യം എടുക്കുമ്പോള്‍ അതിനെ ചോദ്യം ചെയ്യുകയുന്നതും ഒരു പ്രശനം ആണല്ലോ. ഞാന്‍ സിനിമയില്‍ അഭിനയിച്ചത് ആരും ചോദ്യം ചെയ്തില്ലലോ. അതുപോലെ അവളുടെ ചോയ്സ് ആയിരുന്നു സന്യാസം.
ഒരാളുടെ ജീവിതം എന്താണോ അത് നമ്മള്‍ അംഗീകരിക്കുക, സപ്പോര്‍ട്ട് ചെയ്യുക. അവളുടെ തീരുമാനത്തില്‍ ഞാന്‍ ഹാപ്പിയാണ്. അവള്‍ ശരിയായ തീരുമാനങ്ങളാണ് എടുക്കുകയെന്നും എനിക്കറിയാം. എന്നെപോലെ മണ്ടത്തരം പറ്റുന്നൊരു ആളല്ല അവള്‍. ഞാന്‍ ആണ് അതെടുത്ത് എന്നറിഞ്ഞാല്‍ അത് അന്‍പത് ദിവസം മാധ്യമങ്ങള്‍ക്ക് ആഘോഷിക്കാനുള്ള ഒരു വാര്‍ത്തയായി മാറിയേനെ,’ നിഖില വിമല്‍ പറയുന്നു.