ആ ചിത്രങ്ങൾ തെരഞ്ഞെടുത്തതിൽ തെറ്റുപറ്റിയിട്ടുണ്ട്, പക്ഷെ അതും ഒരു അനുഭവമാണ്: നിഖില വിമൽ
Entertainment
ആ ചിത്രങ്ങൾ തെരഞ്ഞെടുത്തതിൽ തെറ്റുപറ്റിയിട്ടുണ്ട്, പക്ഷെ അതും ഒരു അനുഭവമാണ്: നിഖില വിമൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 31st December 2023, 1:36 pm

ടെലിവിഷൻ പരമ്പരകളിലൂടെ ബാലതാരമായി മിനിസ്ക്രീനിലേക്ക് കടന്നുവന്ന് പിന്നീട് മലയാള സിനിമയിലെ മുൻനിര നായികയായി ഉയർന്നു വന്ന നടിയാണ് നിഖില വിമൽ. അന്യഭാഷയിലും തിളങ്ങാൻ ചുരുങ്ങിയ സമയങ്ങൾക്കിടയിൽ നിഖിലയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

തന്റെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് പറയുകയാണ് നിഖില. ഒരു സിനിമ ചൂസ് ചെയ്യുന്നത് തന്റെ ചോയിസാണെന്നും ഒരു സിനിമയ്ക്ക് ആവശ്യമായ കാര്യങ്ങൾ തനിക്ക് വേണ്ടി മാറ്റാൻ പറയില്ലെന്നും താരം പറയുന്നു. ചില സിനിമകൾ തെരഞ്ഞെടുക്കുന്ന തീരുമാനത്തിൽ തെറ്റുപറ്റിയിട്ടുണ്ടെന്നും നിഖില മൂവി വേൾഡ് മീഡിയയ്‌ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘അത് പൂർണമായി എന്റെ ചോയിസാണ്. ഒരു സിനിമയിൽ ഇങ്ങനെയുള്ള ഡ്രെസ്സുകൾ ആവശ്യമാണെന്ന് പറയുമ്പോഴേല്ലാം അതെല്ലാം മാറ്റിയാൽ ഞാൻ അഭിനയിക്കാമെന്ന് എനിക്ക് പറയാൻ കഴിയില്ല. കാരണം ആ സിനിമയ്ക്ക് അതെല്ലാം അത്യാവശ്യമാണ്.

എനിക്കത് പറ്റില്ല എന്നാണെങ്കിൽ എനിക്ക് ആ സിനിമ ചെയ്യാതിരിക്കാനുള്ള ചോയ്സ് ഉണ്ട്. ഞാൻ ആ സിനിമയോട് ഓക്കെ എന്ന് പറഞ്ഞിട്ട് അവിടെ ചെന്നിട്ട് എനിക്കിത് ചെയ്യാൻ പറ്റില്ല എന്ന് പറയുന്നതിനേക്കാൾ ബെറ്റർ അല്ലേ തുടക്കത്തിൽ തന്നെ ആ സിനിമ ചെയ്യാതിരിക്കുന്നത്. ആ ചോയ്സ് ഞാൻ എടുക്കാറുണ്ട്.

ചില കഥാപാത്രങ്ങൾക്ക് ചെറിയ രീതിയിൽ കോംപ്രമൈസ് ചെയ്യാൻ സാധിച്ച് നമുക്ക് അവതരിപ്പിക്കാൻ കഴിയുമെങ്കിൽ അതും ഞാൻ ചോദിക്കാറുണ്ട്. ചിലത് മാറ്റാൻ പറ്റുമോ എന്ന് ചോദിക്കുമ്പോൾ അവർക്ക് ഓക്കെ ആണെങ്കിൽ അങ്ങനെ ചില സിനിമകൾ ചെയ്യാറുണ്ട്.

ഡ്രെസ്സിന്റെ കാര്യത്തിൽ മാത്രമല്ല ചില കഥാപാത്രങ്ങളുടെ കാര്യത്തിലും ഒന്ന് രണ്ട് സീനുകൾ ആഡ് ചെയ്ത് തരാൻ പറ്റുമോ എന്ന് ഞാൻ ചോദിക്കാറുണ്ട്. അത് ആ കഥാപാത്രം ചെയ്യാനുള്ള ആഗ്രഹം കൊണ്ടാണ്.

ചില സിനിമകൾ തെരഞ്ഞെടുത്തതിന് ശേഷം വേണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. പക്ഷെ അങ്ങനെ തോന്നിയത് കൊണ്ട് നമ്മൾ അഭിനയിക്കാതിരിക്കില്ലല്ലോ. കാരണം നമ്മുടെ ജോലിയാണ് പ്രൊഫഷനാണ്. അത് വേണ്ടായെന്ന തോന്നൽ അല്ല. ആ നിമിഷത്തിൽ എടുത്ത തീരുമാനത്തിൽ വന്ന തെറ്റായിരിക്കാം എന്ന തോന്നലാണ്. പക്ഷെ അതും ഒരു അനുഭവമാണ്,’നിഖില വിമൽ പറയുന്നു.

Content Highlight: Nikhila Vimal Talk About Her Character Selections