സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവതയിലൂടെ സിനിമാജീവിതം ആരംഭിച്ച നടിയാണ് നിഖില വിമല്‍. ലവ് 24×7 എന്ന ചിത്രത്തിലൂടെ നായികയായും നിഖില അരങ്ങേറി. തുടര്‍ന്ന് ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ മലയാളത്തിലും തമിഴിലും തിരക്കുള്ള നടിയായി മാറാന്‍ നിഖിലക്ക് കഴിഞ്ഞു.
തനിക്ക് മേക്കപ്പ് ഇടാന്‍ ഇഷ്ടമില്ലെന്ന് പറയുകയാണ് നിഖില വിമല്‍. ഒരിക്കല്‍ ‘മേക്കപ്പില്ലാത്ത മുഖം കാണിച്ച് തരുമോ’ എന്നൊരാള്‍ ചോദിച്ചുവെന്നും താന്‍ അങ്ങനെ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തുവെന്നും നിഖില പറയുന്നു.
പൊതുവെ തനിക്ക് മേക്കപ്പിടാന്‍ ഇഷ്ടമല്ലെന്നും എന്നാല്‍ സിനിമയില്‍ ഇടക്കത് വേണ്ടിവരുമെന്നും നിഖില പറഞ്ഞു. മേക്കപ്പ് വേണ്ടെന്ന് തന്റെ അടുത്ത് ആദ്യമായി പറഞ്ഞത് ഛായാഗ്രാഹകന്‍ എസ്. കുമാര്‍ ആണെന്നും നടി കൂട്ടിച്ചേര്‍ത്തു. സിനിമയില്‍ അഭിനയമില്ലെങ്കിലും അസിസ്റ്റന്റ് ഡയറക്ടറാവണമെന്നൊരു മോഹമുണ്ടെന്നും ആഷിക് അബുവിനൊപ്പം ഒരു സിനിമയിലെങ്കിലും വര്‍ക്ക് ചെയ്യണമെന്നും നിഖില വ്യക്തമാക്കി.
‘പ്രേക്ഷകരുമായി ചാറ്റ് ചെയ്യുന്നതിനിടെ ‘മേക്കപ്പില്ലാത്ത മുഖം കാണിച്ച് തരുമോ’ എന്നൊരാള്‍ ചോദിച്ചു. ഞാന്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തു. എനിക്കതിന് ഒരു മടിയുമില്ല. പൊതുവെ എനിക്ക് മേക്കപ്പ് ഇടുന്നത് ഇഷ്ടമല്ല.
പക്ഷേ, സിനിമയില്‍ ഇടയ്ക്ക് അത് ആവശ്യമായി വരും. മേക്കപ്പ് വേണ്ടെന്ന് എന്റെടുത്ത് ആദ്യമായി പറഞ്ഞത് ഛായാഗ്രാഹകന്‍ എസ്. കുമാര്‍ സാറാണ്. ചില പരിപാടികള്‍ക്കും ഷോകള്‍ക്കുമൊക്കെ പോകുമ്പോള്‍ മിതമായ രീതിയില്‍ മേക്കപ്പിടാറുമുണ്ട്. അഭിനയമില്ലെങ്കിലും അസിസ്റ്റന്റ് ഡയറക്ടറാവണമെന്നൊരു മോഹമുണ്ട്. ആഷിക് അബുവിനൊപ്പം ഒരു സിനിമയിലെങ്കിലും വര്‍ക്ക് ചെയ്യണം,’ നിഖില വിമല്‍ പറയുന്നു.