മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ദൃശ്യം 3. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിൽ ജോർജുകുട്ടിയായി മോഹൻലാൽ വീണ്ടും എത്തിയപ്പോൾ ആരാധകർ വലിയ ആഘോഷത്തോടെയാണ് സിനിമയെ സ്വീകരിച്ചത്.
റിലീസിന് പിന്നാലെ ചിത്രത്തെക്കുറിച്ച് വിവിധ അഭിപ്രായങ്ങൾ ഉയർന്നുവന്നെങ്കിലും സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് ചിത്രത്തിലെ ചില പുതുമുഖ താരങ്ങളെക്കുറിച്ചുള്ള ചർച്ചകളാണ്.
അത്തരത്തിൽ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ കഥാപാത്രമാണ് അവിര. സിനിമയിൽ താരതമ്യേന ചെറിയ സ്ക്രീൻ സമയം മാത്രമേ ലഭിച്ചിരുന്നുള്ളുവെങ്കിലും അവിര എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടാൻ കഴിഞ്ഞത് യുവതാരം നിഖിൽ നായർക്കാണ്.
നിഖിൽ നായർ, അൻസിബ, Photo: Nikhil Nair/ Instagram
കഥാപാത്രത്തിന്റെ പ്രകടനവും സ്ക്രീൻ പ്രസൻസും പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയതോടെ താരത്തിന്റെ പശ്ചാത്തലവും കുടുംബബന്ധങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടുകയാണ്.
വലിയൊരു സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് നിഖിലിന്റെ വരവ്. മോഹൻലാലിന്റെ ഭാര്യ സുചിത്ര മോഹൻലാലിന്റെ സഹോദരിയായ സുജാത ബാലാജിയുടെ മകനാണ് നിഖിൽ.
മലയാള സിനിമയിലെ സൂപ്പർതാരം മോഹൻലാലിന്റെ കുടുംബവുമായി അടുത്ത ബന്ധമുണ്ടെങ്കിലും സ്വന്തമായ കഴിവും പരിശ്രമവും കൊണ്ടാണ് അഭിനയരംഗത്തേക്ക് എത്താൻ കഴിഞ്ഞതെന്നാണ് നിഖിൽ പറയുന്നത്. ഓഡിഷനുകളിലൂടെയും കഠിനാധ്വാനത്തിലൂടെയും തന്നെയാണ് ഇന്ന് മലയാള സിനിമയിൽ തന്റെ സ്ഥാനം കണ്ടെത്തിയതെന്നും താരം വ്യക്തമാക്കുന്നു.
ഇപ്പോഴിതാ തന്റെ കസിനും നടനുമായ പ്രണവ് മോഹൻലാലിനെക്കുറിച്ച് നിഖിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. പ്രണവിന്റെ ജീവിതശൈലി തനിക്ക് പലപ്പോഴും അത്ഭുതം തോന്നിക്കാറുണ്ടെന്ന് നിഖിൽ പറയുന്നു.
‘ഹിമാലയത്തിൽ ഒക്കെ പോകുമ്പോൾ എനിക്ക് നല്ല ഒരു റൂമും ബെഡും ഒക്കെ ഇഷ്ടമാണ്. എന്നാൽ അപ്പുച്ചേട്ടൻ അങ്ങനെ അല്ല. അദ്ദേഹം ഈ ടെന്റിലൊക്കെയാണ് കിടക്കുക. അത് കേൾക്കുമ്പോൾ എന്തിനാണ് ഇങ്ങനെയൊക്കെ എന്ന് ചിന്തിക്കും. പക്ഷേ അതൊക്കെ നല്ല കഥകളാണ്,’ നിഖിൽ പറഞ്ഞു.
സ്വന്തം ഇഷ്ടങ്ങൾക്ക് അനുസരിച്ച് ജീവിക്കുന്ന വ്യക്തിയാണ് പ്രണവ് മോഹൻലാലെന്നും നിഖിൽ കൂട്ടിച്ചേർത്തു. ‘അടുത്തത് എന്താണ് ചെയ്യാൻ പോകുന്നതെന്ന് അപ്പുവിന് പോലും അറിയില്ല. അപ്പുവിന് തോന്നുമ്പോൾ അങ്ങനെ ചെയ്യും,’ എന്നാണ് നിഖിൽ പറഞ്ഞത്.
സിനിമയേക്കാൾ യാത്രകളെയും അനുഭവങ്ങളെയും ജീവിതത്തിന്റെ ഭാഗമാക്കുന്ന പ്രണവ് മോഹൻലാലിന്റെ സ്വഭാവം നേരത്തെ തന്നെ ആരാധകർക്കിടയിൽ ചർച്ചയായിട്ടുണ്ട്. ഹിമാലയ യാത്രകളും സാഹസിക സഞ്ചാരങ്ങളും ലളിതമായ ജീവിതശൈലിയുമെല്ലാം പ്രണവിനെ മറ്റ് താരങ്ങളിൽ നിന്ന് വ്യത്യസ്തനാക്കുന്ന ഘടകങ്ങളായി ആരാധകർ വിലയിരുത്താറുണ്ട്.
Content Highlight: Nikhil nair talk about Pranav Mohanlal
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.