മതിയായ തെളിവുകളില്ല, അഖില്‍ ഗൊഗോയിക്കെതിരെയുള്ള യു.എ.പി.എ. കേസ് കോടതി റദ്ദാക്കി; ജയില്‍ മോചിതനായേക്കും
national news
മതിയായ തെളിവുകളില്ല, അഖില്‍ ഗൊഗോയിക്കെതിരെയുള്ള യു.എ.പി.എ. കേസ് കോടതി റദ്ദാക്കി; ജയില്‍ മോചിതനായേക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 1st July 2021, 12:29 pm

ഗുവാഹത്തി: സി.എ.എ. വിരുദ്ധ പ്രക്ഷോഭത്തിന്റെ പേരില്‍ യു.എ.പി.എ. ചുമത്തി ജയിലിലടച്ച കര്‍ഷക നേതാവും എം.എല്‍.എയുമായ അഖില്‍ ഗൊഗോയിയെ എന്‍.ഐ.എ. പ്രത്യേക കോടതി കുറ്റവിമുക്തനാക്കി. അദ്ദേഹത്തിനെതിരെയുള്ള രണ്ട് യു.എ.പി.എ. കേസുകളും കോടതി ഒഴിവാക്കി. ഗൊഗോയിക്കെതിരെ ചുമത്തിയ രണ്ടില്‍ ഒരു യു.എ.പി.എ. കേസ് നേരത്തെ കോടതി ഒഴിവാക്കിയിരുന്നു.

ഗൊഗോയിക്കെതിരെ കുറ്റം ചുമത്താന്‍ മതിയായ തെളിവുകളില്ലെന്ന് കോടതി പറഞ്ഞു. അദ്ദേഹത്തിനെതിരെ പുതിയ കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ ജയിലില്‍ മോചിതനാകും.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളില്‍ അക്രമത്തിന് പ്രേരിപ്പിച്ചെന്നാരോപിച്ച് 45 കാരനായ അഖില്‍ ഗൊഗോയിയെ 2019 ഡിസംബറിലാണ് അറസ്റ്റ് ചെയ്തത്.

പിന്നീട് ജയിലില്‍ നിന്ന് മത്സരിച്ചാണ് അഖില്‍ ഗൊഗോയ് അസം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. സിബ്സാഗറില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥി സുരഭി രജ്കോന്‍വാരിയെയാണ് ഗൊഗോയി പരാജയപ്പെടുത്തിയത്. 12000ത്തോളം വോട്ടുകളുടെ ഭൂരിപക്ഷമാണ് അഖില്‍ ഗൊഗോയി നേടിയിരുന്നത്.

റോജോര്‍ ദളിന്റെയും അസം ജാതീയ പരിഷത്തിന്റെയും മേഖലയിലെ ഏക വിജയമാണ് അഖില്‍ ഗൊഗോയിയുടേത്. 126 അംഗ നിയമസഭയില്‍ സിബ്സാഗറില്‍ നിന്ന് പുതിയ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യാന്‍ എന്‍.ഐ.എ. കോടതി മെയ് മാസം ഗൊഗോയിക്ക് അനുമതി നല്‍കിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGTS : NIA court discharges Akhil Gogoi in second case related to anti-CAA protests