നെയ്മർ ഇനി പെലെക്കൊപ്പം ചരിത്ര പുസ്തകങ്ങളിൽ
2022 FIFA World Cup
നെയ്മർ ഇനി പെലെക്കൊപ്പം ചരിത്ര പുസ്തകങ്ങളിൽ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 9th December 2022, 11:20 pm

ഖത്തർ ലോകകപ്പിലെ ആവേശകരമായ ഒന്നാം ക്വാർട്ടർ മത്സരത്തിൽ ബ്രസീലിനെ തകർത്ത് ക്രൊയേഷ്യ സെമി ഫൈനലിലേക്ക് മാർച്ച്‌ ചെയ്തിരുന്നു.


അധിക സമയത്തേക്ക് നീണ്ട മത്സരത്തിന്റെ ആദ്യ പകുതിയിൽ 106ാം മിനിട്ടിൽ നെയ്മർ ജൂനിയർ ആണ് മത്സരത്തിലെ ആദ്യ ഗോൾ സ്വന്തമാക്കിയത്. എന്നാൽ പത്ത് മിനിട്ടുകൾക്ക് ശേഷം മത്സരത്തിന്റെ 116ാംമിനിട്ടിൽ ബ്രൂണോ പെറ്റ്ക്കോവിച്ചിലൂടെ ഗോൾ മടക്കിയ ക്രൊയേഷ്യ പെനാൽട്ടി ഷൂട്ടൗട്ടിൽ മത്സരം സ്വന്തമാക്കുകയായിരുന്നു.

ശനിയാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 12:30 ന് നടക്കുന്ന അർജന്റീന-നെതർലാൻഡ്സ് മത്സര വിജയികളെയാണ് ക്രൊയേഷ്യ സെമിയിൽ നേരിടുന്നത്.

എന്നാൽ മത്സരത്തിൽ ഒരു ഗോൾ നേടാൻ സാധിച്ചതോടെ നെയ്മർ ജൂനിയർ തന്റെ ദേശീയ ടീമിനായി നേടിയ ഗോൾ നേട്ടം 77 ആയി തികച്ചിരിക്കുകയാണ്.


ഇതോടെ ബ്രസീലിന്റെ ഇതിഹാസ താരമായ പെലെ ദേശീയ ടീമിനായി സ്വന്തമാക്കിയ ഗോൾ വേട്ടക്കൊപ്പം നെയ്മറും എത്തി. 123 മത്സരങ്ങളിൽ നിന്നാണ് നെയ്മർ ഈ നേട്ടം സ്വന്തമാക്കിയത്. പെലെ 92 മത്സരങ്ങളിൽ നിന്നാണ് ഗോൾ നേട്ടം 77 തികച്ചത്.

ഖത്തർ ലോകകപ്പിൽ ഇതുവരെ രണ്ട് ഗോളുകളാണ് നെയ്മർക്ക് സ്കോർ ചെയ്യാൻ സാധിച്ചത്. പരിക്ക് മൂലം രണ്ട് മത്സരങ്ങൾ നഷ്ടമായ താരം മൂന്ന് മത്സരങ്ങളിൽ നിന്നാണ് രണ്ട് ഗോളുകൾ സ്വന്തമാക്കിയത്.

നിലവിൽ ഫ്രാൻസിലെ ടോപ്പ് ടയർ ലീഗായ ലീഗ് വണ്ണിൽ പി.എസ്.ജിക്കായി 11 ഗോളുകളോടെ എംബാപ്പെക്ക് മാത്രം പിന്നിലാണ് നെയ്മർ. ദേശീയ ടീമിനായി ഒരു ഗോൾ കൂടി നേടാനായാൽ നെയ്മർക്ക് ദേശീയ ടീമിനായി നേടിയ ഗോൾ നേട്ടത്തിൽ പെലെയെ മറികടക്കാം.

Content Highlights:Neymar total goals for the national team is tied with Pele