കാട്ടാളന്‍ നൈറ്റിലും തിയേറ്റര്‍ ഹൗസ് ഫുള്ളാക്കി ലാലേട്ടന്‍; കുതിപ്പ് തുടര്‍ന്ന് ദൃശ്യം 3
Malayalam Cinema
കാട്ടാളന്‍ നൈറ്റിലും തിയേറ്റര്‍ ഹൗസ് ഫുള്ളാക്കി ലാലേട്ടന്‍; കുതിപ്പ് തുടര്‍ന്ന് ദൃശ്യം 3
അശ്വിന്‍ രാജേന്ദ്രന്‍
Thursday, 28th May 2026, 10:27 pm

വലിയ ആവേശത്തിലാണ് കഴിഞ്ഞ രണ്ട് മാസമായി കേരള ബോക്‌സ് ഓഫീസില്‍ കാര്യങ്ങള്‍ നടക്കുന്നത്. മാര്‍ച്ച് 19ന് തിയേറ്ററുകളിലെത്തിയ ആട് 3 മുതല്‍ ചിത്രങ്ങള്‍ ഒന്നൊന്നായി മലയാളത്തിന് വലിയ പരിചിതമല്ലാത്ത നൂറ് കോടി ക്ലബ്ബില്‍ ഇടം പിടിക്കുന്ന കാഴ്ച്ചയ്ക്കാണ് സോഷ്യല്‍ മീഡിയ സാക്ഷ്യം വഹിക്കുന്നത്. ഏറെ പ്രതീക്ഷക്കൊടുവില്‍ കാത്തിരുന്ന ആട് 3 നൂറ് കോടി ക്ലബ്ബില്‍ കയറുകയും പിന്നാലെ വന്ന മറ്റൊരു സ്വീകല്‍ വാഴ 2 200 കോടി ക്ലബ്ബില്‍ കയറുകയും അതിന് ശേഷമെത്തിയ ദൃശ്യത്തിന്റെ മൂന്നാം ഭാഗം ഏഴ് ദിവസം കൊണ്ട് 200 കോടി ക്ലബ്ബില്‍ ഇടം നേടുകയും ചെയ്തതോടെ വമ്പന്‍ ബിസിനസിനാണ് മോളിവുഡ് സാക്ഷ്യം വഹിക്കുന്നത്.

ദൃശ്യം 3. Photo: X.com

പുറത്തിറങ്ങുന്ന ചിത്രങ്ങള്‍ക്ക് പോസിറ്റീവ് ലഭിക്കുമ്പോള്‍ തിയേറ്ററില്‍ നിറഞ്ഞോടിക്കൊണ്ടിരിക്കുന്ന ചിത്രം വഴിമാറിക്കൊടുക്കുന്ന കാഴ്ച്ചയ്ക്കായിരുന്നു ഇക്കാലയളവിലെല്ലാം പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചത്. എന്നാല്‍ സമവാക്യങ്ങളെല്ലാം തിരുത്തിക്കുറിച്ച് കൊണ്ടാണ് സാക്ഷാല്‍ മോഹന്‍ലാല്‍ നായകനായ ദൃശ്യം 3യുടെ തിയേറ്ററിലെ കുതിപ്പ്. മെയ് 21ന് റിലീസ് ചെയ്ത ചിത്രം തിയേറ്ററുകളിലേക്കെത്തുമ്പോള്‍ ടൊവിനോ തോമസും ബേസില്‍ ജോസഫും കേന്ദ്രകഥാപാത്രങ്ങളായെത്തിയ അതിരടി തിയേറ്ററില്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു. എന്നാല്‍ 42 കോടിയിലധികം ഓപ്പണിങ് ദിനത്തില്‍ സ്വന്തമാക്കി കൊണ്ട് അതിരടിയുടെ തിയേറ്റര്‍ റണ്‍ ഏറെക്കുറെ അവസാനിപ്പിച്ച് കൊണ്ടായിരുന്നു ദൃശ്യം 3യുടെ തേരോട്ടം.

3 ദിവസം കൊണ്ട് നൂറ് കോടി ക്ലബ്ബിലും അഞ്ച് ദിവസം കൊണ്ട് 150 കോടി ക്ലബ്ബിലും ഏഴാം ദിനം 200 കോടി ക്ലബ്ബിലും ഇടം നേടിയ ചിത്രം ബോക്‌സ് ഓഫീസില്‍ ആളിപടരുന്ന കാഴ്ച്ചയ്ക്കാണ് സിനിമാ ലോകം സാക്ഷ്യം വഹിക്കുന്നത്. ചിലരെങ്കിലും പ്രതീക്ഷിച്ചിരുന്നത് ഇന്ന് (വ്യാഴം) തിയേറ്ററുകളിലെത്തിയ ആന്‍ണി വര്‍ഗീസിന്റെ കാട്ടാളന് ദൃശ്യം 3യ്ക്ക് ചെക്ക് വെക്കാന്‍ സാധിക്കുമെന്നായിരുന്നു. എന്നാല്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ആപ്പുകളിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത് പ്രകാരം കാട്ടാളന് ലഭിക്കുന്നതിനെക്കാള്‍ എത്രയോ ഇരട്ടിയാണ് ദൃശ്യം 3യുടെ ഒരു മണിക്കൂറിനുള്ളില്‍ നടക്കുന്ന ടിക്കറ്റ് വില്‍പന. ബലിപെരുന്നാള്‍ ദിവസം കൂടിയായ ഇന്ന് കുടുംബത്തോടൊപ്പം കാണാന്‍ കൂടുതല്‍ പ്രേക്ഷകരും തെരഞ്ഞെടുത്ത ചിത്രവും ദൃശ്യം 3യാണ്.

കാട്ടാളന്‍. Photo: X.com

തിയേറ്ററുകളെല്ലാം ഹൗസ് ഫുളളാക്കി കൊണ്ടാണ് ചിത്രം കുതിപ്പ് തുടരുന്നത്. കെ.ജി.എഫിന് സംഗീതം നല്‍കിയ രവി ബാസുര്‍, പുഷ്പയിലൂടെ ശ്രദ്ധിക്കപ്പെട്ട സുനില്‍ തമിഴിലെ സെന്‍സേഷനായ ഡയറക്ടര്‍ ലോകേഷ് കനകരാജ് തുടങ്ങിയവരുടെ ഹൈപ്പിനൊന്നും സാക്ഷാല്‍ മോഹന്‍ലാലിന്റെ മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കുന്നില്ലെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. 200 കോടി മാര്‍ക്ക് പിന്നിട്ട ദൃശ്യം 3 മലയാളത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളുടെ ലിസ്റ്റില്‍ ഇതിനോടകം ആറാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ്.

Content Highlight: Newly released kattalan struggle to survive with Drishyam 3 in Box office

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.