ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന് മുന്നോടിയായി ന്യൂസിലാന്‍ഡിന് ഇരട്ട തിരിച്ചടി. ഇന്ന് നോട്ടിങ്ഹാമിലെ ട്രെന്റ് ബ്രിഡ്ജില്‍ ആരംഭിക്കുന്ന മത്സരത്തില്‍ പരിക്കിനെ തുടര്‍ന്ന് മാറ്റ് ഹെന്റിയും ഗ്ലെന്‍ ഫിലിപ്‌സും കളിക്കില്ല.
ഓവല്‍ ടെസ്റ്റിലെ വിജയത്തില്‍ 11 വിക്കറ്റുകള്‍ വീഴ്ത്തിയ ഹെന്റിക്ക് കാലിലെ പരിക്കാണ് തിരിച്ചടിയായത്. അതേസമയം, ഓവലില്‍ സെഞ്ച്വറി നേടിയ ഫിലിപ്‌സ് സൈഡ് സ്‌ട്രെയിന്‍ കാരണമാണ് കളിക്കാത്തത്.
ന്യൂസിലാന്‍ഡ് ക്രിക്കറ്റ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം മാറ്റ് ഹെന്റിയുടെ സ്‌കാനിങ്ങില്‍ ഇടത് കാലിലെ പേശിക്ക് ചെറിയ പരിക്കുണ്ടെന്ന് കണ്ടെത്തി.
‘പ്രാഥമിക വിലയിരുത്തല്‍ പ്രകാരം പൂര്‍ണ സുഖം പ്രാപിക്കാന്‍ രണ്ടുമുതല്‍ നാലാഴ്ച വരെ വേണ്ടിവരും,’ പ്രസ്താവനയില്‍ പറയുന്നു.
ഈ ആഴ്ച ആദ്യം ഐ.സി.സി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയ ഹെന്റി, 36 വര്‍ഷത്തിനിടെ ആ നേട്ടം കൈവരിക്കുന്ന ആദ്യ ന്യൂസിലന്‍ഡ് ബൗളറുമാണ്.
Your new No. 1 ranked Test bowler 🏆
Matt Henry climbs six places to share top spot in the ICC Test bowling rankings alongside Jasprit Bumrah. pic.twitter.com/TxRpMOnB1l
ഫിലിപ്‌സിന്റെ പരിക്കിന്റെ ഗുരുതരാവസ്ഥയും തിരിച്ചുവരവിന് ആവശ്യമായ സമയവും സംബന്ധിച്ച് കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമേ വ്യക്തത ലഭിക്കൂ എന്നും ന്യൂസിലാന്‍ഡ് പറഞ്ഞു.
ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കാനുള്ള അവസരം മുന്നിലിരിക്കെയാണ് ന്യൂസിലന്‍ഡിന് ഈ ഇരട്ട തിരിച്ചടി നേരിടേണ്ടി വന്നത്. പരമ്പരയിലെ ആദ്യ മത്സരം തോറ്റശേഷം മികച്ച തിരിച്ചുവരവ് നടത്തിയ ന്യൂസിലാന്‍ഡ് രണ്ടാം ടെസ്റ്റില്‍ ശ്രദ്ധേയ വിജയം നേടിയിരുന്നു.
അതേസമയം, നായകന്‍ ബെന്‍ സ്റ്റോക്‌സിനെയും പേസര്‍ ഗസ് ആറ്റ്കിന്‍സണിനെയും നഷ്ടമായിരുന്ന ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റില്‍ ഇരുവരുടെയും തിരിച്ചുവരവോടെ കൂടുതല്‍ ശക്തരായിരിക്കുകയാണ്. ന്യൂസിലാന്‍ഡ് പുതിയ പരിക്കുകള്‍ മൂലം ദുര്‍ബലമായിരിക്കുമ്പോള്‍ ഇംഗ്ലണ്ടിന് ഇത് വലിയ ആശ്വാസമായി മാറുന്നു.
Content Highlight: New Zealand Have Gig Setback Against England