അപ്പൊ നിങ്ങള് കടപ്പുറത്ത് പോയത് കാറ്റ് കൊള്ളാനല്ലാ ലെ | Trollodu Troll | PEGASUS
അനുഷ ആന്‍ഡ്രൂസ്

2017ല് ഇന്ത്യ പെഗാസസ് ചാര സോഫ്റ്റ്‌വെയര് സ്വന്തമാക്കി എന്നാണ് അന്താരാഷ്ട്ര മാധ്യമമായ ന്യൂയോര്ക്ക് ടൈംസ് പുറത്ത് വിട്ടിരിക്കുന്ന റിപ്പോര്ട്ടില് പറയുന്നത്. എന്തിനാണ് സോഫ്റ്റ്‌വെയര് വാങ്ങിയത്? ആരാണ് ഇത് വാങ്ങാനുള്ള അനുമതി കൊടുത്തത്? ആരെ ചോര്ത്താന് ആയിരുന്നു പ്ലാന്? എന്തൊക്കെ ചോര്ത്തി? അങ്ങനെ ഓരോന്ന് ഓരോന്നായി ചോദിക്കുമ്പോള് മിണ്ടാതെ ഉരിയാടാതെ മൗനവ്രതത്തിലാണ് കേന്ദ്രസര്ക്കാര്.

സര്ക്കാര് ഉദ്യോഗസ്ഥരുടെ, സൈനിക ഉദ്യോഗസ്ഥരുടെ, പ്രതിപക്ഷ നേതാക്കളുടെ, ജഡ്ജിമാരുടെ അങ്ങനെ ഏകദേശം മുന്നൂറോളം പേരുടെ ഫോണ് ചോര്ത്തി എന്ന പരാതികള് വന്നപ്പോഴും, വിവിധ ഹരജിക്കാര് സര്ക്കാരിനെതിരെ കോടതിയില് പോയപ്പോഴും, അവര് ഉന്നയിച്ചിരുന്ന എല്ലാ ആരോപണങ്ങളും തള്ളുകയായിരുന്നു കേന്ദ്രസര്ക്കാര്.

എന്തായാലും ഒരു വര്ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇക്കാര്യം ‘ദി ന്യുയോര്ക്ക് ടൈംസ്’ പത്രം കണ്ടെത്തിയിരിക്കുന്നത്. മൊബൈല് ഫോണില് നുഴഞ്ഞുകയറി സംഭാഷണം അടക്കമുള്ള വിവരങ്ങള് ചോര്ത്തുന്ന പെഗാസസ്, ഏതെല്ലാം രാജ്യം വാങ്ങിയെന്നും എങ്ങനെയെല്ലാം ദുരുപയോഗിച്ചെന്നും റിപ്പോര്ട്ട് വെളിപ്പെടുത്തുന്നുണ്ട്.

യു.എസ് ചാരസംഘടനയായ എഫ്.ബി.ഐയും പെഗാസസ് വാങ്ങിച്ചിട്ടുണ്ട് എന്നും റിപ്പോര്ട്ടില് പറയുന്നു. ഒപ്പം സൗദി, മെക്‌സിക്കോ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങള് പെഗാസസ് ദുരുപയോഗിച്ച രീതിയും റിപ്പോര്ട്ടില് പറയുന്നുണ്ട്. കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി, രാഷ്ട്രീയ തന്ത്രജ്ഞന് പ്രശാന്ത് കിഷോര്, കേന്ദ്രമന്ത്രിമാരായ അശ്വനി വൈഷ്ണവ്, പ്രഹ്ലാദ് പട്ടേല്, സുപ്രീം കോടതി ജഡ്ജിയായിരുന്ന അരുണ് മിശ്ര, മുന് തെരഞ്ഞെടുപ്പ് കമ്മീഷന് അംഗം അശോക് ലവാസ, മുന് സി.ബി.ഐ ഡയറക്ടര് അലോക് വര്മ്മ, നാല്പതോളം മാധ്യമപ്രവര്ത്തകര് തുടങ്ങിയവര് പെഗാസസ് ചോര്ത്തലില് പെട്ടവരുടെ പട്ടികയിലുണ്ട്.

പല രാജ്യങ്ങള്ക്കും അവരുടെ ദേശീയതാല്പര്യങ്ങള് സംരക്ഷിക്കാന് പല തരം രഹസ്യാന്വേഷണ സംവിധാനങ്ങളുണ്ട്. അത് ചില ഘട്ടങ്ങളില് രാജ്യത്തിന്റെ സംരക്ഷണത്തിനും മറ്റും അനിവാര്യവും ആണ്. ഒരു വിദേശകമ്പനിയുടെ നിയന്ത്രണത്തിലുള്ള സോഫ്റ്റ്‌വെയറുപയോഗിച്ച് മന്ത്രിസഭയിലെ സഹപ്രവര്ത്തകര്, പ്രതിപക്ഷ നേതാക്കള്, ഉദ്യോഗസ്ഥര്, പത്രപ്രവര്ത്തകര്, മനുഷ്യാവകാശ പ്രവര്ത്തകര് എന്നിവരുടെ മേല് ചാരപ്പണി നടത്തുക എന്നത് അങ്ങേയറ്റം നിയമവിരുദ്ധമാണ്.

A protest accusing Modi’s government of using military-grade spyware to monitor political opponents, journalists and activists.

ഇസ്രഈല് കമ്പനിയായ എന്.എസ്.ഒ ചാരപ്രവര്ത്തനങ്ങള്ക്കുള്ള സാങ്കേതികവിദ്യയായ പെഗാസസ് സോഫ്റ്റ്‌വെയര് നിര്മിച്ചപ്പോള്, അതിന്റെ ഉപയോഗത്തെ കുറിച്ച് ഇസ്രഈല് ഗവണ്മെന്റ് രണ്ട് നിബന്ധനകളാണ് പ്രധാനമായും പറഞ്ഞത്. ഒന്ന്, ഇസ്രഈലി ഗവണ്മെന്റിന്റെ സമ്മതത്തോടെ മാത്രമേ ഈ സാങ്കേതികവിദ്യ കച്ചവടം ചെയ്യാന് പാടുള്ളൂ. രണ്ട്, ഗവണ്മെന്റ് ഏജന്സികള്ക്കു മാത്രമേ ഇത് കച്ചവടം നടത്താന് പാടുള്ളൂ. ഇതുകൊണ്ട് വ്യക്തികളെ ഇല്ലാതാക്കാനും, പ്രസ്ഥാനങ്ങളെ നശിപ്പിക്കാനും, രാഷ്ട്രങ്ങളെ തന്നെ വലിയ പ്രശ്‌നങ്ങളില് കൊണ്ട് ചെന്ന് ചാടിക്കാനും കഴിയും.

ഇന്ത്യ, യു.എ.ഇ, ഹംഗറി, പോളണ്ട്, മെക്സിക്കോ, പനാമ തുടങ്ങിയ രാജ്യങ്ങള് ഈ സോഫ്റ്റ്‌വെയര് വാങ്ങിയവരുടെ കൂട്ടത്തിലുണ്ട്. പുറത്തു വന്നിട്ടുള്ള റിപ്പോര്ട്ടുകള് പ്രകാരം ഇസ്താംബൂളിലെ സൗദി അറേബ്യന് നയതന്ത്ര കാര്യാലയത്തില് വെച്ച് പ്രശസ്ത സൗദി അറേബ്യന് മാധ്യമപ്രവര്ത്തകനായ ഖഷോഗ്ജി വധിക്കപ്പെട്ടത് പെഗാസസ് സോഫ്റ്റ്‌വെയര് പ്രയോജനപ്പെടുത്തിയിട്ടാണ്. മെക്സിക്കോ പെഗാസസ് ഗുണ്ടാസംഘങ്ങള്ക്കെതിരെ മാത്രമല്ല, മാധ്യമപ്രവര്ത്തകര്ക്കും രാഷ്ട്രീയ വിമതര്ക്കുമെതിരെയും പ്രയോഗിക്കുന്നുണ്ട്. സര്ക്കാര് ജയിലിലടച്ച പൗരാവകാശ പ്രവര്ത്തകരുടെ ഫോണ് ഹാക്ക് ചെയ്യാന് യു.എ.ഇയും ഈ സോഫ്റ്റ്‌വെയര് ഉപയോഗിച്ചു. ഇന്ത്യയും ഒട്ടും പുറകിലല്ല. ഭീമ കൊറേഗാവ് കേസില് ആക്ടിവിസ്റ്റ് റോണ വില്സണടക്കമുള്ളവരെ പെഗാസസ് വെച്ചു കുടുക്കിയതാണെന്ന ഫോറന്സിക് റിപ്പോര്ട്ടുകള് വരെ പുറത്തുവന്നിട്ടുണ്ട്.

മെക്സിക്കോയും പനാമയും പോലുള്ള രാജ്യങ്ങള് പെഗാസസ് വാങ്ങിയതിന് ശേഷം ഐക്യരാഷ്ട്രസഭയില് ഇസ്രഈലിന് അനുകൂലമായി തങ്ങളുടെ നിലപാടുകള് മാറ്റിയിട്ടുണ്ട്. അതുകൊണ്ട് ഫലസ്തീന് വിഷയങ്ങളില് മറ്റു രാജ്യങ്ങളുടെ പിന്തുണ നേടാന് ഇസ്രഈല് പെഗാസസിനെ ആയുധമാക്കുന്നുണ്ട്.

PM Narendra Modi and Israeli PM Benjamin Netanyahu

ഇന്ത്യ 2019ല് യു.എന്നിന്റെ സാമ്പത്തിക-സാമൂഹ്യ കൗണ്സിലില് ഫലസ്തീനിന് എന്.ജി.ഒകളുടെ നിരീക്ഷകസ്ഥാനം നല്കുന്നതിനെതിരെ വോട്ട് ചെയ്തുകൊണ്ട് ആദ്യത്തെ ഫലസ്തീന്വിരുദ്ധ നിലപാട് സ്വീകരിച്ചു. പതിറ്റാണ്ടുകളായി ഫലസ്തീന് വിഷയത്തില് ഇന്ത്യ സ്വീകരിച്ചിരുന്ന ഫലസ്തീന് അനുകൂല നിലപാട് 2017ലെ മോദിയുടെ ഇസ്രഈല് സന്ദര്ശനത്തോടെ കുട്ടിച്ചോറായി. മൊത്തത്തില് പറഞ്ഞാല് വ്യക്തിസ്വാതന്ത്യത്തിന് യാതൊരു വിലയും കൊടുക്കാത്ത ഫാസിസ്റ്റ് ഭീകരത ലോകത്താകെ വ്യാപിക്കുന്നുണ്ട്.

പൗരന്മാര്ക്കുള്ള മൗലിക അവകാശങ്ങളൊക്കെ സോഷ്യല് സയന്സിന്റെ ടെക്സ്റ്റ് ബുക്കുകളില് മാത്രമായി മാറുന്ന സമയമാണ്. കള്ളങ്ങള് പറഞ്ഞ് ജനങ്ങളെ കബിളിപ്പിച്ച്, അവരുടെ ഫോണ് ചോര്ത്തി അവരെ ഇല്ലാതാക്കാന് നടക്കുന്ന ഭരണാധികാരികള്ക്കെതിരെ കോടതികള് വേണ്ടത്ര ശക്തമായ നടപടികളെടുക്കാതെ പോകുന്നതും നാടിന്റെ കഷ്ടകാലമാണ്.


Content Highlight: New York Times report says India bought Pegasus as part of defense deal with Israel in 2017

അനുഷ ആന്‍ഡ്രൂസ്
ഡൂള്‍ന്യൂസില്‍ മള്‍ട്ടിമീഡിയ ജേണലിസ്റ്റ്. ചെന്നൈ എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദം.