നിഴലിന്റെ തമിഴ് മായാ നിഴല്‍; റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ വീഡിയോ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍
Entertainment news
നിഴലിന്റെ തമിഴ് മായാ നിഴല്‍; റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ വീഡിയോ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 27th October 2021, 1:44 pm

കുഞ്ചാക്കോ ബോബന്‍, നയന്‍താര, മാസ്റ്റര്‍ നിതിന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അപ്പു എന്‍ ഭട്ടതിരി സംവിധാനം ചെയ്ത ത്രില്ലര്‍ ചിത്രമായിരുന്നു നിഴല്‍. ഏപ്രിലിലായിരുന്നു ചിത്രം റിലീസ് ചെയ്തത്. ആദ്യം തിയേറ്ററില്‍ റിലീസ് ചെയ്ത ചിത്രം പിന്നീട് ആമസോണ്‍ പ്രൈമിലൂടെയും റിലീസ് ചെയ്തിരുന്നു.

നിഴലിന്റെ തമിഴ് മൊഴിമാറ്റം ഇപ്പോള്‍ റിലീസിന് തയാറെടുക്കുകയാണ്. ‘മായാ നിഴല്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒക്ടോബര്‍ 28നാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ദിവസങ്ങള്‍ക്ക് മുമ്പേ തന്നെ പുറത്തുവിട്ടിരുന്നു.

ചിത്രത്തിലെ ഒരു സീന്‍ പുറത്തുവിട്ടതാണ് ഇപ്പോള്‍ ആരാധകരെ ത്രസിപ്പിച്ചിരിക്കുന്നത്. മലയാളം ചിത്രം നിഴല്‍ കണ്ടിട്ടില്ലാത്ത തമിഴ് പ്രേക്ഷകരില്‍ സസ്‌പെന്‍സ് നിറയ്ക്കുന്ന തരത്തിലുള്ള വീഡിയോയാണ് ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

എസ്. സഞ്ജീവ് തിരക്കഥയൊരുക്കിയ ചിത്രത്തിന് സംഗീതം നല്‍കിയത് സൂരജ് എസ് കുറുപ്പാണ്. ടീം എ വെഞ്ച്വറിന്റെ ബാനറില്‍ പി. അമുധവനാണ് മായാ നിഴല്‍ നിര്‍മിച്ചത്.

 

ലവ് ആക്ഷന്‍ ഡ്രാമ എന്ന സിനിമയ്ക്ക് ശേഷം നയന്‍താര മലയാളത്തില്‍ അഭിനയിച്ച ചിത്രമായിരുന്നു നിഴല്‍. മികച്ച എഡിറ്റിങ്ങിനുള്ള സംസ്ഥാന പുരസ്‌കാരം കരസ്ഥമാക്കിയിട്ടുള്ള അപ്പു എന്‍ ഭട്ടതിരിയുടെ ആദ്യ സംവിധാന സംരംഭമായിരുന്നു നിഴല്‍.

വ്യത്യസ്തമായ രീതിയില്‍ ക്രൈം ത്രില്ലര്‍ കഥ പറഞ്ഞ ചിത്രം മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: New video from Maya Nizhal arouse suspense among audience