മലയാളത്തിന് ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ച കൂട്ടുകെട്ടാണ് സത്യൻ അന്തിക്കാട്- മോഹൻലാൽ എന്നിവരുടേത്. ഇപ്പോൾ ഹൃദയപൂർവ്വം എന്ന സിനിമയിലൂടെ വീണ്ടും ഒന്നിച്ചിരിക്കുകയാണ് ഇരുവരും. ഹൃദയപൂർവ്വം എന്ന് പേരിട്ടിരിക്കുവന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രം ഓഗസ്റ്റ് 28ന് തിയറ്ററുകളിലെത്തും.
മോഹൻലാലിനേയും സംഗീത് പ്രതാപിനേയുമാണ് പോസ്റ്ററിൽ കാണിച്ചിരിക്കുന്നത്. ഫൺ മൂഡിലുള്ള ഫോട്ടോക്ക് മികച്ച അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചിരിക്കുന്നത്. തുടരുമിന് ശേഷം മോഹൻലാലും സംഗീത് പ്രതാപും ഒന്നിക്കുന്ന ചിത്രമാണിത്. ‘ഹൃദയപൂർവ്വം നല്ല സിനിമയാണ്. ഒരു ഫീൽ ഗുഡ് ഫിലിം ആയിരിക്കും. പക്ഷേ സത്യേട്ടന്റെ സാധാരണ സിനിമകളിൽ നിന്നൊക്കെ മാറിയ ഒരു കഥയാണ്. അതിനുവേണ്ടി കാത്തിരിക്കാം,’ മോഹൻലാൽ മുമ്പ് പറഞ്ഞിരുന്നു.
10 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സത്യൻ അന്തിക്കാട്- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത്. 2015ൽ പുറത്തിറങ്ങിയ ‘എന്നും എപ്പോഴും’ എന്ന ചിത്രത്തിലായിരുന്നു ഇരുവരും അവസാനമായി ഒന്നിച്ചത്.
ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ ആണ് സിനിമ നിർമിക്കുന്നത്. എമ്പുരാന് ശേഷം ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രമാണ് ഹൃദയപൂർവ്വം. ഫാർസ് ഫിലിംസ് ആണ് സിനിമ ഓവർസീസിൽ പ്രദർശനത്തിനെത്തിക്കുന്നത്.
സത്യൻ അന്തിക്കാടിൻ്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും ചിത്രത്തിൻ്റെ ഭാഗമാകുന്നുണ്ട്. ചിത്രത്തിന്റെ കഥ അഖിൽ സത്യൻ നിർവഹിക്കുമ്പോൾ അനൂപ് സത്യൻ സിനിമയിൽ അസോസിയേറ്റ് ആയാണ് പ്രവർത്തിക്കുന്നത്.
ചിത്രത്തിൽ നടി മാളവിക മോഹനനും സംഗീതയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സോനു ടി.പി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ അനു മൂത്തേടത്താണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.
Content Highlight: New Poster Of Hridhayapoorvam Movie Is Out