ഏറെ ചര്‍ച്ചയായ ജാനകി വി. Vs സ്റ്റേറ്റ് ഓഫ് കേരളയും തിയേറ്ററില്‍ കുടുകുടാ ചിരിപ്പിച്ച വ്യസനസമേതം ബന്ധുമിത്രാദികളും അടക്കം ഓഗസ്റ്റ് മാസത്തില്‍ ഒ.ടി.ടി സിനിമ പ്രേമികള്‍ക്കായി ഒരുക്കുന്നത് ഗംഭീര വിരുന്നാണ്. ഈ ചിത്രങ്ങള്‍ക്ക് പുറമെ ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സ് ഈ മാസം അവസാനത്തോടെ ഒ.ടി.ടി സ്ട്രീമിങ് ആരംഭിക്കും. ഓഗസ്റ്റിലെ കൂടുതല്‍ ഒ.ടി.ടി റിലീസുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.
ഒരു മരണവീട്ടില്‍ നടക്കുന്ന രസകരമായ സംഭവങ്ങള്‍ കോര്‍ത്തിണക്കിയ കുഞ്ഞി ചിത്രമാണ് വ്യസനസമേതം ബന്ധുമിത്രാദികള്‍. എസ്. വിപിന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അനശ്വര രാജന്‍, സിജു സണ്ണി, മല്ലിക സുകുമാരന്‍, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, നോബി മാര്‍ക്കോസ്, ജോമോന്‍ ജ്യോതിര്‍, അരുണ്‍ കുമാര്‍ എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്. ചിത്രം മനോരമ മാക്‌സില്‍ ഓഗസ്റ്റ് 14 മുതല്‍ സ്ട്രീമിങ് ആരംഭിക്കും.
സുരേഷ് ഗോപി നായകനായ ജനകി വി V/s സ്റ്റേറ്റ് ഓഫ് കേരളയും അടുത്താഴ്ച ഒ.ടി.ടി സ്ട്രീമിങ് ആരംഭിക്കും. പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സുരേഷ് ഗോപിക്ക് പുറമെ അനുപമ പരമേശ്വരന്‍, ശ്രുതി രാമചന്ദ്രന്‍, മാധവ് സുരേഷ്, ബൈജു സന്തോഷ്, ദിവ്യ പിള്ള, അക്‌സര്‍ അലി തുടങ്ങിയവരും അഭിനയിച്ചിരുന്നു. ഓഗസ്റ്റ് 15ന് സീ5-ലൂടെയാണ് ചിത്രം റിലീസ് ചെയ്യുക.
ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സ്
തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി സംവിധാനം ചെയ്ത മലയാള ചിത്രമായിരുന്നു ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സ്. മമ്മൂട്ടി നായകനായെത്തിയ ഈ ചിത്രം ഏറെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഈ മാസം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റ് 28ന് ആമസോണ്‍ പ്രൈം വീഡിയോയില്‍ ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സ് എത്തുമെന്നാണ് റിപ്പോര്‍ട്ട്.
ഈ സിനിമകള്‍ക്ക് പുറമെ ടൊവിനോ തോമസ് നായകനായ നടികര്‍, ദിലീഷ് പോത്തനെ നായകനാക്കി ശ്രീകുമാര്‍ പൊടിയന്‍ സംവിധാനം ചെയ്ത മനസാ വാചാ, ജിനോയ് ജനാര്‍ദ്ദനന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഏത് നേരത്താണാവോ തുടങ്ങിയ സിനിമകളും ഈ ആഴ്ച വിവിധ ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലൂടെ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്.