അഞ്ച് വര്‍ഷത്തെ അധ്വാനം, രണ്ട് വര്‍ഷത്തെ പരിശീലനം, ഡ്യൂപ്പില്ലാതെ സാഹസികരംഗങ്ങള്‍; റെക്കോര്‍ഡ് വ്യൂ നേടിയ മഡ്ഡി ടീസറിന് പിന്നില്‍
Entertainment
അഞ്ച് വര്‍ഷത്തെ അധ്വാനം, രണ്ട് വര്‍ഷത്തെ പരിശീലനം, ഡ്യൂപ്പില്ലാതെ സാഹസികരംഗങ്ങള്‍; റെക്കോര്‍ഡ് വ്യൂ നേടിയ മഡ്ഡി ടീസറിന് പിന്നില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 27th February 2021, 1:54 pm

മഡ് റേസ് പ്രമേയമായെത്തുന്ന മഡ്ഡി എന്ന ചിത്രത്തിന്റെ ടീസര്‍ ഏറ്റെടുത്ത് ആരാധകര്‍. അഡ്വഞ്ചറസ് ആക്ഷന്‍ ത്രില്ലര്‍ മഡ്ഡിയുടെ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് 4×4 മഡ് റേസ് പ്രമേയമായി ഒരു സിനിമ പുറത്തിറങ്ങുന്നത്.

ക്യാമറക്ക് പിന്നിലും മുന്നിലും നവാഗതര്‍ അണിനിരക്കുന്ന മഡ്ഡിയുടെ ടീസറിലെ റേസിന്റെയും സംഘട്ടനത്തിന്റെയും രംഗങ്ങളാണ് ആരാധകരെ ത്രില്ലടിപ്പിക്കുന്നത്. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ലക്ഷങ്ങളാണ് ടീസര്‍ കണ്ടത്. ഇപ്പോള്‍ അഞ്ച് മില്യണും കടന്നിരിക്കുകയാണ് ടീസറിന്റെ വ്യൂ.

നവാഗതനായ ഡോ. പ്രഗഭല്‍ സംവിധാനം ചെയ്യുന്ന മഡ്ഡിയുടെ ടീസര്‍ ഫഹദ് ഫാസില്‍, ഉണ്ണി മുകുന്ദന്‍, അപര്‍ണ ബാലമുരളി, ആസിഫ് അലി, സിജു വില്‍സണ്‍, അമിത് ചക്കാലക്കല്‍ എന്നീ താരങ്ങളാണ് പുറത്തുവിട്ടത്.

നവാഗതരായ പ്രധാന അഭിനേതാക്കളെ ഓഫ് റോഡ് റേസിംഗില്‍ രണ്ട് വര്‍ഷത്തോളം പരിശീലിപ്പിച്ചതിന് ശേഷം ഡ്യൂപ്പുകളെ ഉപയോഗിക്കാതെയാണ് ഈ ചിത്രത്തിന്റെ സാഹസിക രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. അഞ്ച് വര്‍ഷത്തെ അധ്വാനത്തിന്റെ ഫലമാണ് ചിത്രമെന്നും ടീസറില്‍ പറയുന്നുണ്ട്.

പുതുമുഖങ്ങളായ യുവാന്‍, റിദ്ദാന്‍ കൃഷ്ണ, അനുഷ സുരേഷ്, അമിത് ശിവദാസ് നായര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അണിനിരക്കുന്നത്. ഹരീഷ് പേരടി, ഐ.എം വിജയന്‍, രണ്‍ജി പണിക്കര്‍, സുനില്‍ സുഖദ, ശോഭ മോഹന്‍, ഗിന്നസ് മനോജ് എന്നിവരാണ് മറ്റ് താരങ്ങള്‍.

കെ.ജി.എഫിന് സംഗീതം നല്‍കിയ രവി ബസ്‌റൂര്‍ ആദ്യമായി മലയാളത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് മഡ്ഡി. രാക്ഷസന്‍ സിനിമിലൂടെ ശ്രദ്ധേയനായ സാന്‍ ലോകേഷ് എഡിറ്റിങ്ങും, കെ.ജി രതീഷ് ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു. പി. കെ സെവന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ പ്രേമ കൃഷ്ണദാസാണ് സിനിമ നിര്‍മ്മിക്കുന്നത്.

മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും മഡ്ഡി ഇറങ്ങുന്നു. മഡ്ഡിയുടെ ഹിന്ദി ടീസര്‍ ബോളിവുഡ് താരം അര്‍ജുന്‍ കപൂറും, തമിഴില്‍ ജയം രവിയുമാണ് പുറത്തുവിട്ടത്. കന്നഡയില്‍ ഡോ ശിവരാജ് കുമാര്‍, തെലുങ്കില്‍ അനില്‍ രവിപുടി എന്നിവരും മഡ്ഡിയുടെ ടീസര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: New Malayalam movie Muddy teaser out