ന്യൂ മാഹി ഇരട്ട കൊലക്കേസ്; കൊടിസുനിയടക്കം 16 പ്രതികളെയും വെറുതെ വിട്ട് കോടതി
Kerala
ന്യൂ മാഹി ഇരട്ട കൊലക്കേസ്; കൊടിസുനിയടക്കം 16 പ്രതികളെയും വെറുതെ വിട്ട് കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th October 2025, 11:58 am

തലശേരി: ന്യൂ മാഹി ഇരട്ട കൊലക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെ വിട്ട് തലശേരി അഡീഷണൽ സെഷൻ കോടതി. പ്രതികളായ 16 സി.പി.ഐ.എം പ്രവർത്തകരെയും തെളിവുകളുടെ അഭാവംചൂണ്ടിക്കാട്ടിയാണ് കോടതി വെറുതെ വിട്ടത്.

ആർ.എസ്.എസ് പ്രവർത്തകരായ വിജിത്ത്, ഷിനോജ് എന്നിവർ കൊല്ലപ്പെട്ട കേസിലാണ് ഇപ്പോൾ നിർണായകമായ വിധി വന്നിരിക്കുന്നത്.

കഴിഞ്ഞ ജനുവരിയിലായിരുന്നു കേസിന്റെ വിചാരണ തുടങ്ങിയത്. പ്രതികൾക്കെതിരെ ചുമത്തിയ കുറ്റം പ്രോസിക്യൂഷന് തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇപ്പോൾ പ്രതികളെ വെറുതെ വിട്ടിരിക്കുന്നത്.

വലിയ രാഷ്ട്രീയ ആരോപണങ്ങൾ ഉയർന്ന ഒരു കേസായിരുന്നു ന്യൂ മാഹി ഇരട്ട കൊലക്കേസ്. കേസിന്റെ വിചാരണ ഘട്ടത്തിൽ ഉടനീളം പല ആരോപണങ്ങളും ഉണ്ടായിരുന്നു. കേസ് ആദ്യം അന്വേഷിച്ച യു.പ്രേമനെ കേസിന്റെ അന്വേഷണച്ചുമതല ഏറ്റെടുത്ത തൊട്ടടുത്ത ദിവസം തന്നെ ചുമതലയിൽ നിന്നും മാറ്റിയിരുന്നു.

2010ൽ മെയ് 28നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വിജിത്തും സിനോജും മാഹി കോടതിയിൽ വിചാരണ കഴിഞ്ഞ് തിരിച്ചു വരുമ്പോൾ ബൈക്കിന് ബോംബെറിഞ്ഞ് വീഴ്ത്തിയ അവരെ വെട്ടികൊലപ്പെടുത്തുകയുമായിരുന്നു.

Content Highlight: New Mahe double murder case; Court acquits 16 CPI(M) activists