ട്വിറ്ററില്‍ വാക്കുതര്‍ക്കവുമായി അനുരാഗ് കശ്യപും അനില്‍ കപൂറും; യഥാര്‍ത്ഥ കാരണമറിഞ്ഞ് ഇളിഭ്യരായി ആരാധകരും
Entertainment
ട്വിറ്ററില്‍ വാക്കുതര്‍ക്കവുമായി അനുരാഗ് കശ്യപും അനില്‍ കപൂറും; യഥാര്‍ത്ഥ കാരണമറിഞ്ഞ് ഇളിഭ്യരായി ആരാധകരും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 7th December 2020, 9:47 am

ട്വിറ്ററില്‍ ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപും നടനായ അനില്‍ കപൂറും തമ്മില്‍ വാക്കുതര്‍ക്കം നടക്കുകയാണ്. മോശം പരാമര്‍ശങ്ങളും പരിഹാസങ്ങളും നിറഞ്ഞ ഇവരുടെ ട്വീറ്റുകളും റീട്വീറ്റുകളും ഇതിനോടകം തന്നെ ബോളിവുഡില്‍ വലിയ ചര്‍ച്ചയാണ്.

എന്നാല്‍ അനുരാഗിന്റെയും അനില്‍ കപൂറിന്റെയും അടി കണ്ട് ഞെട്ടേണ്ടതില്ലെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്. നെറ്റ്ഫ്‌ളിക്‌സില്‍ റിലീസിനൊരുങ്ങുന്ന എ.കെ vs എ.കെ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായാണ് ഇവര്‍ ട്വിറ്ററില്‍ പോരിനിറങ്ങിയിരിക്കുന്നത്. സിനിമയില്‍ അനുരാഗ് സംവിധായകന്റെ വേഷവും അനില്‍ കപൂര്‍ സിനിമാനടന്റെ വേഷവുമാണ് ചെയ്യുന്നത്. വിക്രമാദിത്യ മോട്ട്‌വാനേ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ദല്‍ഹി ക്രൈം ടീം എമ്മി അവാര്‍ഡ് കരസ്ഥമാക്കിയതിനെ അഭിനന്ദിച്ചുകൊണ്ട് അനില്‍ കപൂര്‍ ആണ് ട്വിറ്ററിലെ അടിയ്ക്ക് തുടക്കമിട്ടത്. അന്താരാഷ്ട്ര തലത്തില്‍ ആളുകള്‍ ശ്രദ്ധിക്കപ്പെടുന്നതില്‍ സന്തോഷമുണ്ടെന്നായിരുന്നു അനില്‍ കപൂറിന്റെ ട്വീറ്റ്. ട്വീറ്റിന് മറുപടിയായി അനുരാഗ് കശ്യപ് എത്തി. കഴിവുള്ള ആളുകള്‍ക്ക് അംഗീകാരം കിട്ടുന്നത് സന്തോഷമുള്ള കാര്യം തന്നെ, എന്നാല്‍ താങ്കളുടെ ഓസ്‌കാര്‍ എവിടെയാണ്? പോട്ടെ, നോമിനേഷന്‍ എങ്കിലും കിട്ടിയോ? ഇതായിരുന്നു അനുരാഗ് കശ്യപ് ട്വീറ്റ് ചെയ്തത്.

ഓസ്‌കാര്‍ എവിടെ എന്ന അനുരാഗിന്റെ ചോദ്യത്തിന് അനില്‍ കപൂറും മറുപടിയുമായെത്തി. സ്ലംഡോഗ് മില്യണയറിന് ഓസ്‌കാര്‍ കിട്ടിയത് ടി.വിയില്‍ കണ്ടതാണ് നിന്റെയൊക്കെ ഓസ്‌ക്കാര്‍ എന്നാണ് അനില്‍ കപൂര്‍ പറഞ്ഞത്.

എന്നാല്‍ സ്ലം ഡോഗ് മില്ല്യണെയര്‍ സിനിമയില്‍ ആളെക്കിട്ടാതായപ്പോള്‍ അല്ലേ നിങ്ങളെ വിളിച്ചത് എന്നാണ് അനില്‍ കപൂറിനോട് അനുരാഗ് കശ്യപ് ചോദിച്ചത്. ഇത്തരത്തില്‍ ട്വിറ്ററില്‍ അടി തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ് അനുരാഗും അനില്‍ കപൂറും.

സിനിമയുടെ പ്രൊമോഷന്റെ ഭാഗമായുള്ള അടിയാണ് നടന്‍മാര്‍ തമ്മില്‍ നടക്കുന്നതെന്നറിഞ്ഞപ്പോള്‍ ചിലര്‍ക്കെങ്കിലും നീരസമുണ്ടായെന്നാണ് കമന്റുകള്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Netflix makes Anil Kapoor and Anurag Kashyap get into ugly twitter fight for ak vs ak