കറുപ്പിനെ സ്വന്തമാക്കി നെറ്റ്ഫ്‌ളിക്‌സ്, റിലീസ് ഡേറ്റും പുറത്ത്
Indian Cinema
കറുപ്പിനെ സ്വന്തമാക്കി നെറ്റ്ഫ്‌ളിക്‌സ്, റിലീസ് ഡേറ്റും പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 31st October 2025, 2:12 pm

ദീപാവലി റിലീസായി തിയേറ്ററുകളില്‍ എത്തുമെന്ന് അറിയിച്ച് പിന്നീട് റിലീസ് മാറ്റിവെക്കപ്പെട്ട ചിത്രമാണ് കറുപ്പ്. കഴിഞ്ഞ കുറച്ച് കാലമായി ബോക്‌സ് ഓഫീസില്‍ അത്ര നല്ല സ്ഥിതിയിലല്ലാത്ത സൂര്യയുടെ കറുപ്പ് സംവിധാനം ചെയ്തിരിക്കുന്നത് ആര്‍.ജെ ബാലാജിയാണ്. റൂറല്‍ മാസ് എന്റര്‍ടൈനറായി ഒരുങ്ങുന്ന ചിത്രത്തിന്റ റിലീസ് ഡേറ്റ് ഉറപ്പായെന്നാണ് സിനിമാലോകത്തെ ഏറ്റവും പുതിയ വാര്‍ത്ത.

അടുത്ത വര്‍ഷം ജനുവരി 23ന് കറുപ്പ് തിയേറ്ററുകളിലെത്തുമെന്നാണ് പുതിയ വിവരം. റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട അവധി മുതലെടുക്കാനാകും അണിയറപ്രവര്‍ത്തകര്‍ കരുതുന്നത്. സൂര്യയെ സംബന്ധിച്ച് ഒരു വമ്പന്‍ ഹിറ്റ് താരത്തിന്റെ പിടിച്ചുനില്പിന് അനിവാര്യമണ്. പുതിയ റിലീസ് ഡേറ്റില്‍ നിന്ന് കറുപ്പ് മാറാന്‍ സാധ്യതയുണ്ടോ എന്നാണ് പലരും ഉറ്റുനോക്കുന്നത്.

ചിത്രത്തിന്റെ റിലീസ് വൈകുന്നത് നിര്‍മാതാക്കളെയും ബാധിച്ചിരുന്നു. ഒ.ടി.ടി റൈറ്റ്‌സ് വിറ്റുപോകാതെ ചിത്രം റിലീസ് ചെയ്താല്‍ തിരിച്ചടിയായേക്കുമെന്നാണ് നിര്‍മാതാക്കള്‍ കരുതിയത്. ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സാണ് കറുപ്പിന്റെ നിര്‍മാതാക്കള്‍. കറുപ്പിന്റെ വൈകല്‍ കൈതി 2 അടക്കമുള്ള ചിത്രങ്ങളെ ബാധിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ദീപാവലിക്ക് പ്രദീപ് രംഗനാഥന്റെ ഡ്യൂഡ് പുറത്തിറങ്ങുന്നതിനാല്‍ നെറ്റ്ഫ്‌ളിക്‌സില്‍ സ്ലോട്ട് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഡിസംബറില്‍ റിലീസ് തിയതി നോക്കിയിരുന്നെങ്കിലും അപ്പോഴും പ്രദീപ് തടസമായി നില്‍ക്കുകയായിരുന്നു. പ്രദീപിന്റെ ലവ് ഇന്‍ഷുറന്‍സ് കമ്പനിയെയും നെറ്റ്ഫ്‌ളിക്‌സ് തന്നെയാണ് ഏറ്റെടുത്തത്. ഇതോടെ കറുപ്പിന്റെ റിലീസ് വീണ്ടും അനിശ്ചിതത്തിലായിരുന്നു.

ഒടുവില്‍ ദീപാവലിക്ക് എത്തേണ്ട ചിത്രം രണ്ട് മാസത്തോളം വൈകിയാണ് പ്രേക്ഷകരിലേക്കെത്തുന്നത്. പൊങ്കല്‍ റിലീസിനായി ശ്രമിച്ചിരുന്നെങ്കിലും വിജയ്‌യുടെ ജന നായകനുമായി മുട്ടാനുള്ള ധൈര്യം കറുപ്പിന് ഉണ്ടായില്ല. ക്ലാഷ് റിലീസ് കളക്ഷനെ ബാധിക്കുമെന്ന ചിന്തയും അണിയറപ്രവര്‍ത്തകര്‍ക്കുണ്ടായിരുന്നു. ഒടുവില്‍ ക്ലാഷ് ഒഴിവാക്കി സോളോ റിലീസിനാണ് കറുപ്പ് തയാറെടുക്കുന്നത്.

നല്ലൊരു ഫെസ്റ്റിവല്‍ സീസണ്‍ കൃത്യമായി ഉപയോഗിക്കാത്ത സൂര്യക്ക് നേരെ ചിലര്‍ വിമര്‍ശമുന്നയിച്ചിരുന്നു. തിരിച്ചുവരവിന് ഏറ്റവും നല്ലത് പൊങ്കല്‍ ദീപാവലി പോലെ ആഘോഷ സമയത്ത് സിനിമയിറക്കുകയാണെന്നാണ് പലരും അഭിപ്രായപ്പെട്ടു. റൂറല്‍ മാസ് എന്റര്‍ടൈനറായി ഒരുങ്ങുന്ന കറുപ്പ് പോസിറ്റീവ് റിപ്പോര്‍ട്ട് ലഭിച്ചാല്‍ താരം കംബാക്ക് നടത്തുമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെട്ടത്. പുതിയ റിലീസ് ഡേറ്റ് എപ്പോഴായിരിക്കുമെന്നെല്ലാം കുറച്ച് ദിവസമായി ആരാധകര്‍ ചര്‍ച്ച ചെയ്യുകയായിരുന്നു.

Content Highlight: Netflix bagged the OTT rights of Karuppu movie