രജിനികാന്തിന്റെ പ്രായം കാണിക്കുന്ന വേഷം കൊടുക്കരുതെന്ന് പലരും ഉപദേശിച്ചിരുന്നു: നെല്‍സണ്‍
Film News
രജിനികാന്തിന്റെ പ്രായം കാണിക്കുന്ന വേഷം കൊടുക്കരുതെന്ന് പലരും ഉപദേശിച്ചിരുന്നു: നെല്‍സണ്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 23rd December 2023, 11:05 pm

ഒടുവില്‍ പുറത്ത് വന്ന രജിനികാന്ത് ചിത്രങ്ങളില്‍ അദ്ദേഹത്തിന് വലിയ വിജയം നേടിക്കൊടുത്ത ചിത്രമാണ് നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത ജയിലര്‍. വില്ലന്മാര്‍ തട്ടിക്കൊണ്ടുപോയ മകനെ രക്ഷിക്കാനായി ഒരു അച്ഛന്‍ നടത്തുന്ന ശ്രമങ്ങളാണ് ചിത്രം കാണിച്ചുതന്നത്. ജയിലറില്‍ രജിനിയുടെ കഥാപാത്രത്തിന് കൊച്ചുമകനുമുണ്ടായിരുന്നു.

രജിനികാന്തിന്റെ പ്രായം കാണിക്കുന്ന വേഷം അദ്ദേഹത്തിന് കൊടുക്കരുത് എന്ന് പലരും തന്നോട് ഉപദേശിച്ചിരുന്നു എന്ന് പറയുകയാണ് നെല്‍സണ്‍. എന്നാല്‍ താനത് ചെയ്യാന്‍ തന്നെ തീരുമാനിച്ചുവെന്നും പരാജയപ്പെട്ടാല്‍ കുറ്റം ഏറ്റെടുക്കാന്‍ തയാറായിരുന്നുവെന്നും നെല്‍സണ്‍ പറഞ്ഞു. ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അദ്ദേഹത്തിന്റെ പ്രായം കാണിക്കുന്ന വേഷം കൊടുക്കരുതെന്ന് പലരും എന്നോട് പറഞ്ഞിരുന്നു. അദ്ദേഹം നേരത്തെ ചെയ്തുവെച്ചതൊക്കെ ചെയ്യിക്കാനും പറഞ്ഞു. എനിക്ക് അക്കാര്യത്തില്‍ ആത്മവിശ്വാസവുമുണ്ടായിരുന്നു, എന്നാല്‍ ആത്മവിശ്വാസക്കുറവുമുണ്ടായിരുന്നു. ആ ശ്രമം പരാജയപ്പെട്ടാല്‍ അതെന്റെ പേരില്‍ വന്നോട്ടെ. വര്‍ക്കായില്ലെങ്കില്‍ ആ കുറ്റം ഏറ്റെടുക്കാന്‍ തയാറായിരുന്നു,’ നെല്‍സണ്‍ പറഞ്ഞു.

ഓഗസ്റ്റ് പത്തിനാണ് ജയിലര്‍ റിലീസ് ചെയ്തത്. വിനായകനാണ് ചിത്രത്തില്‍ വില്ലനായത്. മോഹന്‍ലാല്‍, ശിവ് കാജ്കുമാര്‍, ജാക്കി ഷ്‌റോഫ് എന്നീ താരങ്ങളുടെ കാമിയോ റോലുകളും ശ്രദ്ധ നേടിയത്. രമ്യ കൃഷ്ണ, സുനില്‍ യോഗി ബാബു, തമന്ന, മിര്‍ണ തുടങ്ങിയവരും അഭിനയിച്ചിരുന്നു. 600 കോടിയിലധികം കളക്ഷന്‍ ജയിലര്‍ തിയേറ്ററില്‍ നിന്നും നേടിയിരുന്നു.

Content Highlight: Nelson says that many people advised him not to give Rajinikanth a role that shows his age