'വാഴപ്പിണ്ടിയില്‍ തുഴഞ്ഞുനീങ്ങുന്ന തത്ത'; നെഹ്‌റു ട്രോഫി ഭാഗ്യചിഹ്നത്തിന് പേരിടാം, സ്വര്‍ണ്ണ നാണയം സമ്മാനം
Kerala News
'വാഴപ്പിണ്ടിയില്‍ തുഴഞ്ഞുനീങ്ങുന്ന തത്ത'; നെഹ്‌റു ട്രോഫി ഭാഗ്യചിഹ്നത്തിന് പേരിടാം, സ്വര്‍ണ്ണ നാണയം സമ്മാനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th August 2022, 5:57 pm

ആലപ്പുഴ: അറുപത്തിയെട്ടാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കാര്‍ഷിക വകുപ്പ് മന്ത്രി പി. പ്രസാദ് ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജയ്ക്ക് നല്‍കി പ്രകാശന കര്‍മം നിര്‍വഹിച്ചത്.

ആലപ്പുഴ സ്വദേശി ബാബു ഹസന്‍ ജലച്ചായത്തില്‍ വരച്ച ‘വാഴപ്പിണ്ടിയില്‍ തുഴഞ്ഞുനീങ്ങുന്ന തത്ത’യാണ് ഇത്തവണത്തെ ഭാഗ്യചിഹ്നമായി തെരഞ്ഞെടുക്കപ്പെട്ടത്. ഇദ്ദേഹത്തിന് സമ്മാനത്തുകയായി 5001 രൂപ ലഭിക്കും. ബാബു ഹസന്റെ ചിത്രം 2018ലും ഭാഗ്യചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ ഭാഗ്യ ചിഹ്നത്തിന് പേരിട്ടാല്‍ സ്വര്‍ണ്ണ നാണയം സമ്മാനമായി കിട്ടുന്ന മത്സരവുമായി എത്തിയിരിക്കുകയാണ് ആലപ്പുഴ ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ. വാട്സ്ആപ്പിലൂടെയോ ഫേസ്ബുക്കിലൂടെയോ എന്‍ട്രികള്‍ സമര്‍പ്പിക്കാമെന്നും കളക്ടര്‍ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

ഒരാള്‍ക്ക് ഒരു എന്‍ട്രി മാത്രമേ സമര്‍പ്പിക്കാന്‍ പാടുള്ളൂ. ഫേസ്ബുക്ക്, വാട്സ്ആപ്പ് ഇവയില്‍ ഏതെങ്കിലും ഒന്ന് മാത്രം ഉപയോഗിച്ചാല്‍ മതിയാകും. ഫേസ്ബുക്കില്‍ പേരുകള്‍ നിര്‍ദ്ദേശിക്കുന്നവര്‍ District Information Office Alappuzha എന്ന ഫേസ്ബുക്ക് പേജിലേക്ക് പേഴ്‌സണല്‍ മെസേജായും, വാട്സാപ്പില്‍ പേരുകള്‍ നിര്‍ദേശിക്കുന്നവര്‍ 943870931 എന്ന വാട്സ്ആപ്പ് നമ്പരിലേക്കും ഭാഗ്യചിഹ്നത്തിന് നിര്‍ദേശിക്കുന്ന പേര്, നിര്‍ദേശിക്കുന്നയാളുടെ പേര് വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ അയക്കണം.

ഓഗസ്റ്റ് 19ന് വൈകുന്നേരം അഞ്ച് വരെയാണ് പേര് നിര്‍ദേശിക്കാനുള്ള സമയം. വിജയികള്‍ക്ക് സ്വര്‍ണ്ണ നാണയം സമ്മാനവും ലഭിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഭാഗ്യചിഹ്നത്തിന് പേരിടാം; സ്വര്‍ണനാണയം സമ്മാനം
68-ാമത് നെഹ്റു ട്രോഫി ജലോത്സവത്തിന്റെ ഭാഗ്യചിഹ്നത്തിന് പേരിടാം. വാഴപ്പിണ്ടിയില്‍ തുഴഞ്ഞുനീങ്ങുന്ന തത്തയാണ് ഇക്കുറി ഭാഗ്യചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. വാട്‌സ്ആപ്പിലൂടെയോ ഫേസ്ബുക്കിലൂടെയോ എന്‍ട്രികള്‍ സമര്‍പ്പിക്കാം.

ഫേസ്ബുക്കില്‍ പേരുകള്‍ നിര്‍ദേശിക്കുന്നവര്‍ District Information Office Alappuzha എന്ന ഫേസ്ബുക്ക് പേജിലേക്ക് ഇതേ ഫോര്‍മാറ്റില്‍ ഒറ്റ പേഴ്സണല്‍ മെസേജായി അയക്കണം. ഒരാള്‍ ഒരു എന്‍ട്രി മാത്രമേ സമര്‍പ്പിക്കാന്‍ പാടുള്ളൂ. ഫേസ്ബുക്ക്, വാട്സ്ആപ്പ് ഇവയില്‍ ഏതെങ്കിലും ഒന്നു മാത്രം ഉപയോഗിച്ചാല്‍ മതിയാകും.

ഓഗസ്റ്റ് 19ന് വൈകുന്നേരം അഞ്ച് വരെയാണ് പേര് നിര്‍ദ്ദേശിക്കാനുള്ള സമയം. വിജയികള്‍ക്ക് മുല്ലയ്ക്കല്‍ നൂര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് നല്‍കുന്ന സ്വര്‍ണ്ണ നാണയമാണ് സമ്മാനം.

Content Highlight: Nehru trophy logo revealed; naming contest announced for logo