രംഗയില്‍ നിന്നാണ് ആ ഡയലോഗ് ക്യാച്ചിങ് സംഭവമാണെന്ന് തോന്നിയത് : നീരജ രാജേന്ദ്രന്‍
Entertainment
രംഗയില്‍ നിന്നാണ് ആ ഡയലോഗ് ക്യാച്ചിങ് സംഭവമാണെന്ന് തോന്നിയത് : നീരജ രാജേന്ദ്രന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 27th May 2024, 11:43 am

രോമാഞ്ചം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്ത് ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായി മാറിയ ചിത്രമാണ് ആവേശം. ഫഹദ് ഫാസില്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രം രംഗന്‍ എന്ന ഗ്യാങ്സ്റ്ററിന്റെ കഥയാണ് പറഞ്ഞത്.

ചിത്രത്തില്‍ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ ഒരുപിടി കഥാപാത്രങ്ങളുണ്ട്. ആ കൂട്ടത്തില്‍ ഒരാളാണ് ബിബി മോന്റെ അമ്മയായി വേഷമിട്ട നീരജ രാജേന്ദ്രന്‍. തൃശിവപേരൂര്‍ ക്ലിപ്തം, രക്ഷാധികാരി ബൈജു, കനകം കമിനി കലഹം, വൈറസ്, തുടങ്ങിയ ചിത്രങ്ങളിലും നീരജ പ്രധാന വേഷത്തില്‍ എത്തിയിരുന്നു.

ആവേശത്തില്‍ രംഗനോട്, രംഗന്‍ മോന്‍ ഹാപ്പിയല്ലേ എന്ന് ചോദിക്കുന്ന നീരജയുടെ കഥാപാത്രത്തിന് ചിത്രത്തില്‍ വലിയ സ്ഥാനമാണ് ഉള്ളത്. അത് മികച്ച രീതിയില്‍ അവര്‍ അവതരിപ്പിച്ചിട്ടുണ്ട്. നടി ദര്‍ശന രാജേന്ദ്രന്റെ അമ്മ കൂടിയാണ് നീരജ.

സിനിമയിലെ കഥാപാത്രത്തില്‍ തന്റെ ഹാപ്പിയല്ലേ എന്ന ചോദ്യം വര്‍ക്കാവുമെന്ന് ആദ്യം മുതലേ ഒരു ധാരണയുണ്ടായിരുന്നെന്ന് പറയുകയാണ് താരം. സിനിമ കണ്ട് ഒരുപാട് പേര് പ്രശംസിച്ചന്നും ആ ആവേശത്തിലാണ് താന്‍ ഇപ്പോഴും എന്നും നീരജ പറയുന്നു. മിര്‍ച്ചി മലയാളത്തോട് സംസാരിക്കുകയായിരുന്നു നീരജ രാജേന്ദ്രന്‍.

‘ഹാപ്പിയല്ലേ എന്നത് വര്‍ക്ക് ആവില്ലെന്നോ ഇത് ആളുകള്‍ ഏതുരീതിയിലാണ് എടുക്കുകയെന്നോ എനിക്ക് ഒരുതരത്തിലും തോന്നിയിട്ടില്ല. അതുമാത്രമല്ല ഈ ഹാപ്പിയല്ലേ ഒരു ക്യാചിങ് സംഭവമാണെന്ന് തോന്നുന്നത് തന്നെ ഫഹദില്‍ നിന്നാണ്. ഫഹദ് ഷൂട്ട് തുടങ്ങി കുറെ കഴിഞ്ഞാണ് വരുന്നത്. വണ്ടിയിറങ്ങി വന്നയുടനെ എന്നോട് ചേച്ചി ഹാപ്പിയല്ലേ എന്ന് ചോദിച്ചു. അപ്പോഴാണ് ആ ഇതു കൊള്ളാം എന്ന് തോന്നിയത്. അതായിരുന്നു ആദ്യത്തെ റിയാക്ഷന്‍. അതില്‍ തന്നെ എനിക്ക് സമാധാനമായി’, നീരജ പറയുന്നു.

‘സിനിമ കണ്ടിട്ടും കാണാതെയും മറ്റുള്ളവര്‍ പറഞ്ഞും ഒരുപാട് പേര് ഇപ്പോഴും എന്നെ വിളിക്കാറുണ്ട്. കഴിഞ്ഞ ദിവസം സംവിധായകന്‍ കൃഷാന്ത് വിളിച്ചിരുന്നു, ഷൂട്ടിന്റെ തിരക്കില്‍ സിനിമ കാണാന്‍ പറ്റിയില്ല എന്നും സിനിമയെ കുറിച്ച് എല്ലാവരും നല്ലത് പറയുന്നുണ്ട്.

താന്‍ ഉടനെ കാണാം എന്നും പറഞ്ഞു. സംവിധായകന്‍ ലിജിന്‍ ജോസും വിളിച്ചിരുന്നു. പിന്നെ അറിയുന്നവരും അറിയാത്തവരുമായി ഒരുപാട് പേര് വിളിച്ചിരുന്നു. ഞാന്‍ എല്ലാത്തിനും റീപ്ലെ കൊടുക്കാറുണ്ട്. കാരണം ആദ്യമായി കിട്ടിയ ഒരു റെകഗ്നൈസെഷനാണ്. ആ സന്തോത്തിലും ആവേശത്തിലുമാണ് ഇപ്പോഴും ഞാന്‍’, നീരജ കൂട്ടിചേര്‍ത്തു.

 

Content Highlight: Neeraja Rajendran Talk About Fahad Fazil