ചെറിയ വേഷങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടനാണ് നീരജ് മാധവ്. ഒന്നോ രണ്ടോ സീനുകളില്‍ വന്നുപോകുന്ന നടനായി കരിയര്‍ ആരംഭിച്ച നീരജ് മലയാളത്തിലെ മികച്ച നടന്മാരിലൊരാളായി മാറുകയായിരുന്നു. ഫാമിലി മാന്‍ എന്ന വെബ് സീരീസിലൂടെ ബോളിവുഡിലും തന്റെ സാന്നിധ്യമറിയിച്ച നീരജ് ആര്‍.ഡി.എക്‌സ് എന്ന ചിത്രത്തിലൂടെ ആക്ഷന്‍ റോളും തനിക്ക് ഇണങ്ങുമെന്ന് തെളിയിച്ചു.
തന്റെ സിനിമ യാത്രയെ കുറിച്ച് സംസാരിക്കുകയാണ് നീരജ് മാധവ്. ആദ്യകാലങ്ങളില്‍ ചെയ്തത് കോമഡിവേഷങ്ങളായത് കൊണ്ട് കരിയറില്‍ മാറ്റമുണ്ടാക്കന്‍ ബുദ്ധിമുട്ടിയെന്നും നീരജ് പറയുന്നു. നടന്‍ എന്ന രീതിയില്‍ ഒരുപാട് മുന്നേറാനുണ്ടെങ്കിലും പിന്നോട്ട് വലിക്കാന്‍ പലരും ശ്രമിച്ചുവെന്നും ആത്മവിശ്വാസം മാത്രമായിരുന്നു കൈമുതലെന്നും അദ്ദേഹം പറഞ്ഞു.
‘ഓഡീഷനിലൂടെയാണ് ബഡ്ഡിയിലെത്തുന്നത്. ശേഷം ചെറിയ വേഷങ്ങള്‍. മെമ്മറീസില്‍ രണ്ട് സീനുകളില്‍ മുഖം കാണിച്ചു. പിന്നെ,ദൃശ്യം,1983 തുടങ്ങിയ ചിത്രങ്ങള്‍. ഓരോ സിനിമ കഴിയുമ്പോഴും രണ്ട് സീനെങ്കിലും അധികം കിട്ടണമെന്ന ആഗ്രഹമായിരുന്നു. അതിനായി പ്രയത്‌നിച്ചു.
ആദ്യകാലങ്ങളില്‍ ചെയ്തത് കോമഡിവേഷങ്ങളായത് കൊണ്ട് മാറ്റം ബുദ്ധിമുട്ടായി. നടന്‍ എന്ന രീതിയില്‍ ഒരുപാട് മുന്നേറാനുണ്ടെങ്കിലും പിന്നോട്ട് വലിക്കാന്‍ പലരും ശ്രമിച്ചു. ആത്മവിശ്വാസം മാത്രമായിരുന്നു കൈമുതല്‍.
അങ്ങനെയിരിക്കെ മെക്സിക്കന്‍ അപാരതയും ഊഴവും തേടിവന്നു. പൈപ്പിന്‍ ചുവട്ടിലെ പ്രണയത്തിലൂടെ നായകനായി. ലവകുശ എന്ന സിനിമയുടെ തിരക്കഥയെഴുതി. സിനിമയില്‍ ഗോഡ്ഫാദര്‍ ഇല്ല. അവസരം വച്ചുനീട്ടാന്‍ ആരുമില്ല. എല്ലാ ബുദ്ധിമുട്ടുകളും നേരിട്ടു.
ഇതിനിടയിലാണ് ഹിന്ദിയില്‍നിന്ന് വിളിവരുന്നത്. ഒട്ടും പരിചിതമല്ലാത്ത ഇന്‍ഡസ്ട്രി. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാന്‍ തന്നെ തീരുമാനിച്ചു. ഇത്രയും വര്‍ഷം പിടിച്ചുനില്‍ക്കുക എളുപ്പമായിരുന്നില്ല. അത് സാധിച്ചു. സിനിമയുടെ ഒന്നിലധികം മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞുവെന്ന സംതൃപ്തിയുണ്ട്,’ നീരജ് മാധവ് പറയുന്നു.