ഷൂട്ട് കാണാന്‍ പോയ ഞാന്‍ ആ മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിച്ചു: നീന കുറുപ്പ്
Malayalam Cinema
ഷൂട്ട് കാണാന്‍ പോയ ഞാന്‍ ആ മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിച്ചു: നീന കുറുപ്പ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 24th July 2025, 4:36 pm

മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് നീന കുറുപ്പ്. സിനിമകളിലെ ചെറിയ വേഷങ്ങളിലൂടെ അവര്‍ ശ്രദ്ധേയയാണ്. 1998ല്‍ പുറത്തിറങ്ങിയ പഞ്ചാബി ഹൗസ് എന്ന ചിത്രത്തിലൂടെയാണ് നീനയെ മലയാളികള്‍ക്ക് കൂടുതല്‍ പരിചയം. പഞ്ചാബി ഹൗസിലെ നീന അവതരിപ്പിച്ച കരിഷ്മ എന്ന വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പണ്ട് മോഹന്‍ലാലിന്റെ സിനിമയുടെ ഷൂട്ട് കാണാന്‍ പോയപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് നീന കുറുപ്പ്. തനിക്ക് മോഹന്‍ലാലിനെ വളരെ ഇഷ്ടമുള്ള ഒരു സുഹൃത്ത് ഉണ്ടായിരുന്നുവെന്നും തങ്ങള്‍ കുറച്ച് സുഹൃത്തുക്കള്‍ ഒരുമിച്ച് ഒരു ദിവസം മോഹന്‍ലാല്‍ സിനിമയുടെ ഷൂട്ട് കാണാനായി പോയിയെന്നും നീന പറയുന്നു.

അന്ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ കൊണ്ടുവന്ന് അഭിനയിപ്പിക്കുന്ന സമ്പ്രദായം ഒരുപാട് ഉണ്ടായിരുന്നില്ലെന്നും ഷൂട്ട് കാണാന്‍ വന്നപ്പോള്‍ സിനിമയിലെ ഒരു സീനില്‍ അഭിനയിക്കാന്‍ തങ്ങളോട് ആവശ്യപ്പട്ടുവെന്നും അങ്ങനെ തങ്ങള്‍ ആ സിനിമയിലെ ചെറിയ ഒരു സീനില്‍ അഭിനയിച്ചുവെന്നും നടി കൂട്ടിച്ചേര്‍ത്തു.

‘മോഹന്‍ലാലിനെ ഭയങ്കര ഇഷ്ടമുള്ള ഒരു ഫ്രണ്ട് എനിക്കുണ്ടായിരുന്നു. ഒരു ദിവസം അവള്‍ വന്ന് പറഞ്ഞു, ‘മോഹന്‍ലാലിന്റെ സിനിമയുടെ ഒരു ഷൂട്ട് ഉണ്ട്. ഷൂട്ട് കാണാന്‍ പോകണം’
എന്ന്. അങ്ങനെ ഞാനും അവളും കൂടെ പോകാനിറങ്ങി. ഞങ്ങളെല്ലാവരും കൂടെ ലിപ്സ്റ്റിക്കൊക്കെ വാരിവലിച്ച് ഇട്ട്, ഡ്രസൊക്കെ ഇട്ട് സ്റ്റൈലായിട്ട് പോകാന്‍ ഇറങ്ങി. കാരണം മോഹന്‍ലാലിനെ കാണാന്‍ പോകുകയാണല്ലോ.

അന്ന് ഈ ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെ കൊണ്ടുവരുക എന്നൊരു സിസ്റ്റം അധികം ഉണ്ടായിരുന്നില്ല. ഏതെങ്കിലും ഒരു കോളേജില്‍ വെച്ച് ഷൂട്ട് ഉണ്ടാകും. ആ കോളേജില്‍ കുട്ടികളൊക്കെ തന്നെയായിരിക്കും അഭിനയിക്കുക. ഞങ്ങള്‍ അവിടെ ഷൂട്ട് കാണാന്‍ പോയ ആളുകളാണ്. അവര്‍ നമ്മളെ കണ്ടപ്പോള്‍ ചോദിച്ചു, ഒരു ഷോട്ടില്‍ വന്നിട്ട് അഭിനയിക്കുമോ എന്ന്. അങ്ങനെ ഞാനും രണ്ട് കൂട്ടുകാരും കൂടെ അഭിനയിക്കാന്‍ പോയി. ഒരു ചെറിയ സീനിലായിരുന്നു,’ നീന കുറുപ്പ് പറയുന്നു.

Content Highlight: Neena Kurup is sharing her experience when she went to watch the shoot of Mohanlal’s film