ലോക ഒരുപാട് ലെയറുകളുള്ള കഥയാണ്. നമ്മൾ ഏത് ആംഗിളിൽ നിന്ന് നോക്കുന്നുവോ അതാണ് നമുക്ക് കാണാനാവുക. പ്രണയത്തിൽ നിന്ന് നോക്കിയാൽ ” സ്നേഹിച്ചവരൊന്നൊന്നായി തന്നെ വിട്ട് പോയപ്പോൾ നീലി യാത്ര തുടങ്ങി. ” തന്റെ കൊച്ചുമകളോട് നീലിയുടെ കഥ പറയുന്ന മുത്തശന്റെ ഡയലോഗാണ്. ഒരിക്കലെങ്കിലും സ്നേഹിച്ചവർ വിട്ട് പോയിട്ടുണ്ടെങ്കിൽ നിങ്ങളതിൻറെ വേദന അറിഞ്ഞിട്ടുണ്ടാവും.
” ഹേർട്ടാണ് വീക്ക്നെസ്സ് ” എന്ന് പറയുന്ന ഒരാൾക്ക്, സ്നേഹിച്ചവർ തന്നെ വിട്ട് പോവുകയും താൻ ജീവിതത്തിൽ തുടരേണ്ടി വരികയും ചെയ്യേണ്ടി വരുന്നതിനേക്കാൾ വലിയ ദുരന്തമെന്താണ് സംഭവിക്കാനുള്ളത്? നമ്മുടെ പല ബോധ്യങ്ങളേയും തലകീഴായി നിർത്തുന്ന, ഇമ്മോർട്ടാലിറ്റി എന്നത് വലിയൊരു വേദനയാണ് എന്ന് പറയുന്ന സിനിമ കൂടിയാണ് ലോക. ചന്ദ്രയുടെ സ്ഥായീഭാവം വിഷാദമാകുന്നു.
പകയുടെ രൂപമായി നമ്മൾ പറഞ്ഞു കേട്ട നീലിയിൽ നിന്ന് വിഭിന്നയായി നഷ്ടപ്രണയമോർത്ത് സങ്കടപ്പെടുന്ന ചന്ദ്രയെയാണ് നമുക്ക് കാണാനാവുക. മലയാള സിനിമകളിലെ സോ കോൾഡ് ക്ലീഷേ വൈറ്റ് ആൻറ് വൈറ്റ് ഡ്രസ് കോഡിൽ നിന്ന് മാറി, ക്രോപ് ടോപ്പ് ഇട്ട് ഹെഡ് സെറ്റും വച്ച് നടക്കുന്ന ചന്ദ്ര വളരെയെളുപ്പത്തിൽ ജൻ സിക്കും ജൻ ആൽഫയ്ക്കും മില്ലെനിയൽസിനും ചുരുക്കം ചില സംഘികളൊഴികയുള്ള മനുഷ്യരുടെ മനസ്സിലേക്കും കയറിച്ചെല്ലുന്നു.

അപനിർമ്മിക്കപ്പെട്ട കള്ളിയങ്കാട്ട് നീലിയുടെ കഥയാണ് ലോക. പറഞ്ഞു പതിഞ്ഞു പോയ പുരുഷവിരോധിയായ നീലിയിൽ നിന്നും വിഭിന്നമായി അടിയാളന്റെ ചെറുത്തു നിൽപ്പിന്റെ അടയാളമായാണ് നീലി അവതരിപ്പിക്കപ്പെടുന്നത്. രാജാവിന് മാത്രം പ്രവേശിക്കാൻ അവകാശമുണ്ടായിരുന്ന ക്ഷേത്രത്തിൽ കാടിൻ്റെ മകളായ നീലി കയറിയതും , അവിടുന്നു കിട്ടിയ മുത്തെടുത്ത് അവരുടെ ദൈവത്തിൽ അണിയിച്ചതുമറിഞ്ഞ രാജാവ് ആ ക്ഷേത്രം അഗ്നിക്കിരയാക്കുകയും ആ ഗോത്രത്തെ മുഴുവനായി കൊല്ലാനൊരുങ്ങുന്നു.
രക്ഷപ്പെടാനായി ഗുഹയിൽ ഒളിക്കുന്ന നീലി അവിടുന്നിറങ്ങി വന്നത് തന്നെ കൊല്ലാൻ വന്ന രാജാവിൻ്റെ കിങ്കരൻ മാരെ കൊല്ലാൻ ശേഷിയുള്ള ശക്തിയുമായായിരുന്നു. അത് കാണുന്ന പ്രായമേറിയ സത്രീ കാളിയമ്മ എന്നും മറ്റ് ചിലർ യക്ഷിയെന്നും പറയുന്നു.
ശ്രദ്ധിക്കുക, കാളി ഒരു ആര്യൻ ദേവിയല്ല. ദക്ഷിണേഷ്യയിലെ ഗ്രാമങ്ങളിലെയും ഗോത്രങ്ങളിലെയും പർവതങ്ങളിലെയും ദേവതകളിൽ നിന്നാണ് കാളിയുടെ ഉത്ഭവം. കഥകളിൽ വായിച്ചറിഞ്ഞ നീലിയല്ല, നല്ലവരെ രക്ഷിക്കുന്ന, ദുഷ്ടന്മാരുടെ ചോര കുടിക്കുന്ന അവളെ ആളുകൾ ദേവിയായി കണ്ടു, ശത്രുക്കൾ യക്ഷിയായും എന്ന് ലോക പറയുന്നു.

ഒരു സൂപ്പർ ഹീറോയൊക്കെ ആണെങ്കിലും മുഖത്തേയ്ക്ക് നോക്കുമ്പോൾ ഒരു സങ്കടഭാവമാണ് ചന്ദ്രയ്ക്ക്. നീലി ഇമ്മോർട്ടൽ ആണെന്ന് പറയുമ്പോൾ സിനിമയിലെ, വയ്യാത്ത കുട്ടി മുത്തച്ഛനോട് തിരിച്ചു ചോദിക്കുന്നത് നീലി ലക്കി ആണല്ലോ എന്നാണ്, നമ്മളിൽ ഭൂരിഭാഗവും അങ്ങനെയായിരിക്കും വിചാരിക്കുക. പക്ഷെ മുത്തശ്ശൻറെ മറുപടി അവളത്ര ലക്കി ഒന്നുമല്ലെന്നാണ്. മരണത്തെക്കുറിച്ചുള്ള നമ്മുടെ സങ്കല്പത്തെ ലോക പ്രശ്നവൽക്കരിക്കുന്നു.
ഹൃദയം വീക്ക്നെസ്സ് ആണെന്ന് പറയുന്ന, കത്തനാരെക്കുറിച്ച് ഞങ്ങൾ നല്ല ഫ്രണ്ട്‌സ് ആയിരുന്നെന്ന് പറയുന്ന, മാനുഷിക വികാരങ്ങളെല്ലാമുള്ള ഒരു വ്യക്തിയായിരിക്കണം നീലി. നൂറ്റാണ്ട് മുൻപു മരിച്ച തന്റെ കാമുകന്റെ ഫോട്ടോയും ആയി നടക്കുന്ന നീലി ഒരു പക്ഷെ monogamous* ആയിട്ടുള്ള ഒരാളും കൂടി ആവണം.
പിന്നീട് അതേ രൂപത്തിലുള്ള സണ്ണിയെ കാണുമ്പോൾ മാത്രമാണ് അവൾക്കൊരു അടുപ്പം തോന്നുന്നത്. ഒരു നിമിഷം ഒന്നാലോചിച്ചു നോക്കൂ, നിങ്ങൾ മാത്രം മരണത്തെ അതിജീവിക്കുന്നു, നിങ്ങൾ സ്നേഹിച്ചവരെല്ലാം കാലത്തിൽ മറഞ്ഞു പോകുന്നു. നിങ്ങളെ നിങ്ങളായി മനസ്സിലാക്കാൻ, നിങ്ങൾ പറയുന്നത് മനസ്സിലാവുന്ന ഒരു കൂട്ടുകാരൻ/ കൂട്ടുകാരി പോലും ഇല്ലാതിരിക്കുക. ആലോചിക്കുമ്പോൾ തന്നെ ഒരു നടുക്കം തോന്നുന്നില്ലേ.അപ്പോൾ ചന്ദ്രയുടെ മുഖത്തെ വിഷാദത്തിന്റെ ആഴം നിങ്ങൾക്ക് മനസ്സിലായേക്കും.
പതിവ് സൂപ്പർ ഹീറോ ടെമ്പ്ലേറ്റുകളെ പൊളിച്ചടുക്കുന്നുണ്ട് ലോക, സാധാരണ വൾനറബിൽ ആയിട്ടൊരു സ്ത്രീയും രക്ഷകൻ പുരുഷനുമാണല്ലോ മിക്ക സിനിമകളിലും. ഇവിടെ ഒട്ടും ടോക്സിക് മാസ്കുലിനല്ലാത്ത സണ്ണി, ഒരു Pookie boy next door എന്നൊക്കെയുള്ള ഫീൽ നമ്മളിൽ ഉണ്ടാക്കുന്നുണ്ട്.

ഇതിനിടയിൽ സണ്ണിയുമായി ബ്രേക്ക് അപ്പ് കഴിഞ്ഞ കഥാപാത്രം വന്നു ഇതെന്റെ പുതിയ ബോയ്ഫ്രണ്ട് എന്ന് പറയുന്ന ഭാഗത്ത് ആസ്വസ്ഥനാകുന്ന, സണ്ണിയേക്കാണാം. Demisexual അല്ലാത്ത ആയിട്ടുള്ള ഒരാൾക്ക് എളുപ്പം സാധിക്കുന്ന ഒരു കാര്യമാണ് അത്. എന്നാൽ നീലിയെപ്പോലെ തന്നെ demisexual* & monogamous (serially എങ്കിലും) ആയിരിക്കണം സണ്ണിയും. ഇനി നീലിയുടെ പൂർവ കാമുകന്റെ പുനർജന്മമാണോ സണ്ണി? അറിയില്ല.
ഇനി കഥയിലേക്ക് വന്നാൽ, ആസിഡ് ബോട്ടിൽ കൈയ്യിൽ വെച്ചൊരു പെണ്ണിനെ ടോക്സിക്ക് റിലേഷനിലേക്ക് വലിച്ചടുപ്പിക്കുന്നവനെ പഞ്ഞിക്കിട്ടു സോറി പറയിക്കുന്ന സീൻ കണ്ടാൽ നമുക്ക് സത്യത്തിൽ ചന്ദ്രയെ കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കാൻ തോന്നും. സിനിമയിലൊരിടത്തു പറഞ്ഞ പോലെ നീലി ഒരിടത്തു ചെന്നാൽ അവിടുത്തെ ദുഷ്ടന്മാരെ കൊന്നു ചോര കുടിക്കുന്നു, ബാംഗ്ലൂർ എത്തുമ്പോൾ അത് അവയവക്കടത്തുകാരെയാകുന്നു.
കുഞ്ഞുനാളിലെ തുടക്കം മുതൽ നീലിയുടെ എതിർപക്ഷത്തെന്നും അധികാരത്തിന്റെ ആളുകളായിരുന്നു. ചന്ദ്രയായി ബാംഗ്ലൂർ എത്തുമ്പോളും അതിൽ മാറ്റമില്ല. പക്ഷെ എതിരെ നിൽക്കുന്നത് രാജാവും കിങ്കരന്മാരും എന്നതിൽ നിന്ന് മാറി, രാഷ്ട്രീയക്കാരും മാഫിയകളും പോലീസുമടങ്ങുന്ന അവിശുദ്ധ സഖ്യങ്ങളാകുന്നു. ഫ്യൂഡൽ വ്യവസ്ഥയിൽ നിന്ന് ഒരു ക്യാപ്പിറ്റലിസ്റ്റ് വ്യവസ്ഥയിലേക്കുള്ള, so called ജനാധിപത്യത്തിലേക്കുള്ള പ്രയാണം കണ്ടയാളാണ് നീലി. എന്നിട്ടും തന്റെ വേരുകൾ ഉള്ള സാധാരണ മനുഷ്യർ ചൂഷണം ചെയ്യപ്പെടുന്നു എന്ന തിരിച്ചറിവും കൂടിയുണ്ടാകുമോ നീലിയുടെ വിഷാദത്തിന് പിന്നിൽ?

ഇന്നത്തെ മോഡിഫൈഡ് ഇന്ത്യയിലെ ചില നഗരത്തിൽ സുരക്ഷിതയായി ഒരു പെണ്ണിന് യാത്ര ചെയ്യണമെങ്കിൽ അറ്റ്ലീസ്റ്റ് സൂപ്പർ ഹ്യൂമൻ ആകണം എന്നൊരു സർകാസ്റ്റിക് സ്‌റ്റേറ്റ്മെന്റ് കൂടിയായി മാറുന്നുണ്ട് ലോക, ചിലയിടങ്ങളിലെങ്കിലും. പക വീട്ടാനെത്തുന്ന യക്ഷിയായെത്തുന്ന പെണ്ണിനെ, ന്യായം അവളുടെ ഭാഗത്താണെങ്കിൽ കൂടി, ഒരു പൂണൂൽ ധാരി വന്നു പൂജയൊക്കെ നടത്തി തളച്ചു ശുഭം എന്നെഴുതികാണിക്കുന്ന സിനിമകൾ ഒരുപാട് വന്നു പോയിട്ടുണ്ട് മലയാളത്തിൽ.
പെണ്ണിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനത്തെ, ലൈംഗിക സഞ്ചാരങ്ങളെ multiple personality disorder (ഇപ്പോൾ Dissociative Identity Disorder എന്ന് പറയുന്നു) ആയി മാനിപ്പുലേറ്റ് ചെയ്തു, ഒരു പൂണൂൽ ധാരിയുമായി ചേർന്ന് നാടകം (psycho drama) കളിച്ചു തളയ്ക്കുന്ന ചെയ്യിക്കുന്ന, സവർണ്ണ ഭാവുകത്വം പേറുന്ന ഡോക്ടർ സണ്ണിയുടെ കഥ പറയുന്ന മണിച്ചിത്രത്താഴിൽ നിന്ന് മലയാള സിനിമ, ബ്രാഹ്മണൻ തളയ്ക്കാൻ എത്താത്ത, യക്ഷി പ്രൊട്ടഗോണിസ്റ്റ് ആകുന്ന ലോകയിലേക്ക് എത്തുന്നു എന്നത് തന്നെ അഭിമാനർഹമാണ്.





