ബഷീറിന്റെ 'നീലവെളിച്ചവും', ബാബുരാജിന്റെ സംഗീതവും; നീലവെളിച്ചത്തിലെ പുതിയ ഗാനം പുറത്ത്
Entertainment news
ബഷീറിന്റെ 'നീലവെളിച്ചവും', ബാബുരാജിന്റെ സംഗീതവും; നീലവെളിച്ചത്തിലെ പുതിയ ഗാനം പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 18th January 2023, 12:30 pm

ആഷിഖ് അബു സംവിധാനം ചെയ്ത് റിമ കല്ലിങ്കല്‍ നായികയാകുന്ന ‘നീലവെളിച്ചം’ എന്ന സിനിമയുടെ ആദ്യ വീഡിയോ ഗാനം പുറത്ത് വിട്ട്‌ അണിയറ പ്രവര്‍ത്തകര്‍. ഒ.പി.എം റെക്കോര്‍ഡ്‌സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് പാട്ട് റിലീസ ചെയ്തത്. ‘അനുരാഗ മധു ചഷകം’ എന്ന പഴയ ഗാനത്തിന്റെ പുതിയ വേര്‍ഷനാണ് നീലവെളിച്ചത്തിലെ ഗാനം.

എം.എസ് ബാബുരാജ് സംഗീതമൊരുക്കിയ ഗാനം ആലപിച്ചിരിക്കുന്നത് കെ.എസ് ചിത്രയാണ്. പഴമയുടെ ഭംഗി നിറഞ്ഞ് നില്‍ക്കുന്ന ഗാനത്തിന് മികച്ച പിന്തുണയാണ് സംഗീതാസ്വാദകരില്‍ നിന്നും  ലഭിച്ച് കൊണ്ടിരിക്കുന്നത്. ഗാനത്തിന് പുറമെ റിമ കല്ലിങ്കലിന്റെ നൃത്തവും നല്ല രീതിയില്‍ തന്നെ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.

ഗാനത്തില്‍ അവതരിപ്പിക്കപെട്ടിരിക്കുന്ന നൃത്തം സംവിധാനം ചെയ്തിരിക്കുന്നത് ശ്രീജിത് ഡാന്‍സിറ്റിയാണ്. ആഷിഖ് അബുവും റിമ കല്ലിങ്കലും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ടൊവിനോ തോമസ്, രാജേഷ് മാധവന്‍, അഭിരാം രാധാകൃഷ്ണന്‍ റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്.

വൈക്കം മുഹമദ് ബഷീറിന്റെ കഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. നാരദന് ശേഷം ആഷിഖ് അബു സംവിധാനം ചെയ്യുന്ന സിനിമയാണ് നീലവെളിച്ചം. 2021ല്‍ പുറത്തിറങ്ങിയ സന്തോഷത്തിന്റെ ഒന്നാം രഹസ്യമാണ് മലയാളത്തില്‍ റിമ കല്ലിങ്കല്‍ ഒടുവില്‍ അഭിനയിച്ച സിനിമ.

ഗാനത്തിനും, കൊറിയോഗ്രാഫിക്കുമൊക്കെ അഭിനന്ദനങ്ങളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. എന്തായാലും ഗാനം സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. ഈ മാസമായിരിക്കും ചിത്രം റിലീസിനെത്തുക എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

content highlight: neelavelicham movie new song