മലയാളത്തില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട നടന്‍ അദ്ദേഹമാണ്, ഒരുമിച്ചുള്ള സിനിമയ്ക്കായി കാത്തിരിക്കുകയാണ്: രശ്മിക മന്ദാന
Movie Day
മലയാളത്തില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട നടന്‍ അദ്ദേഹമാണ്, ഒരുമിച്ചുള്ള സിനിമയ്ക്കായി കാത്തിരിക്കുകയാണ്: രശ്മിക മന്ദാന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 18th January 2023, 11:44 am

റിഷബ് ഷെട്ടി സംവിധാനം ചെയ്ത കന്നഡ ചിത്രം കിറിക് പാര്‍ട്ടിയിലൂടെ അഭിനയരംഗത്ത് എത്തിയ താരമാണ് രശ്മിക മന്ദാന. വളരെ കുറഞ്ഞ സമയംകൊണ്ട് തന്നെ തെന്നിന്ത്യ മുഴുവന്‍ കീഴടക്കിയ അഭിനേത്രിയായി രശ്മിക മാറി. മലയാളത്തിലും താരത്തിന് ആരാധകര്‍ ഒട്ടും കുറവല്ല.

ഇപ്പോഴിതാ തനിക്ക് കൂടെ അഭിനയിക്കാനും വര്‍ക്ക് ചെയ്യാനും ആഗ്രഹമുള്ള നടന്‍മാരെ കുറിച്ചും സംവിധായകരെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് രശ്മിക. ഒപ്പം മലയാള സിനിമയില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട താരത്തെ കുറിച്ചും രശ്മിക പറയുന്നുണ്ട്. ബോളിവുഡ് ബബ്ബിളിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ഒരുമിച്ച് വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്. എന്റെ ആഗ്രഹങ്ങളുടെ ഒരു നീണ്ട നിര തന്നെ ഡയറിയില്‍ എഴുതി വെച്ചിട്ടുണ്ട്. ഒരുമിച്ച് വര്‍ക്ക് ചെയ്യണമെന്ന് എനിക്ക് ഒരുപാട് ആഗ്രഹം തോന്നിയ സംവിധായകരില്‍ ഒന്നാമത്തെയാള്‍ സഞ്ജയ് ലീല ബന്‍സാലി സാറാണ്. അദ്ദേഹത്തിനൊപ്പം ഒരു സിനിമ ചെയ്യണം എന്നുള്ളത് ഓരോ അഭിനേത്രിയുടെയും ആഗ്രഹമായിരിക്കും. അതുപോലെ അനുരാഗ് സാറിന്റെയും രാജമൗലി സാറിന്റെയും ശോഭ മാമിന്റെയുമൊക്കെ സിനിമയില്‍ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്.

നടന്‍മാരുടെ കാര്യം പറയുകയാണെകില്‍ രാം ചരണിന്റേയും കാര്‍ത്തിക്കിന്റെയും യഷിന്റേയുമൊക്കെ ഒപ്പം അഭിനയിക്കണമെന്നുണ്ട്. അതുപോലെ മലയാളത്തില്‍ നിന്ന് ഫഹദ് സാറിനൊപ്പം ഒരു സിനിമ ചെയ്യണമെന്നുണ്ട്,’ രശ്മിക പറഞ്ഞു.

തന്റെ ഏറ്റവും വലിയ വിമര്‍ശക താന്‍ തന്നെയാണെന്നും മറ്റാര് തന്നെ കുറിച്ചോ തന്റെ അഭിനയത്തിനെയോ എന്തെങ്കിലും പറയുന്നതിന് മുന്‍പ് സ്വയം വിമര്‍ശിക്കുന്നത് താന്‍ തന്നെ ആണെന്നും രശ്മിക അഭിമുഖത്തില്‍ പറഞ്ഞു.

കുറച്ചുകൂടി നന്നായി ചെയ്യാമായിരുന്നു എന്ന് എന്റെ ഓരോ സിനിമ കാണുമ്പോഴും എനിക്ക് തോന്നാറുണ്ട്. കാരണം ഓരോ സിനിമയും പുറത്തിറങ്ങുന്നത് ഷൂട്ട് പൂര്‍ത്തിയാക്കി ആറോ ഏഴോ മാസം കഴിഞ്ഞായിരിക്കും. അപ്പോഴേക്കും ഞാന്‍ കുറച്ചുകൂടി ഇമ്പ്രൂവ് ചെയ്തിട്ടുണ്ടാകും. ഈ സീന്‍ ഇപ്പോഴാണ് ചെയ്തിരുന്നതെങ്കില്‍ ഞാന്‍ ഇതിനേക്കാളും നന്നായി ചെയ്യുമായിരുന്നു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്,’ രശ്മിക പറഞ്ഞു.

വംശി പൈടപ്പിള്ളി സംവിധാനം ചെയ്ത് വിജയ് നായകനായെത്തിയ വാരിസ് ആണ് രശ്മികയുടെ ഏറ്റവും പുതിയ ചിത്രം. വളര്‍ത്തച്ഛന്റെ മരണത്തെ തുടര്‍ന്ന് കോടിക്കണക്കിനു രൂപയുടെ ബിസിനസ് സാമ്രാജ്യത്തിനു ഉടമയാകുന്ന വിജയ് രാജേന്ദ്രന്‍ എന്ന കഥാപാത്രമായാണ് വിജയ് എത്തുന്നത്. രത് കുമാര്‍, പ്രകാശ് രാജ്, പ്രഭു, ജയസുധ, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

Content Highlight: Actress Rasmika Mnadana about her Favourate actor on malayalam Movie