ബീഹാറില്‍ എന്‍.ഡി.എ മുന്നേറ്റം; ലീഡ് നിലയിൽ 200 കടന്നു
India
ബീഹാറില്‍ എന്‍.ഡി.എ മുന്നേറ്റം; ലീഡ് നിലയിൽ 200 കടന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 14th November 2025, 9:41 am

പാട്‌ന: 2025 ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ലീഡ് കുത്തനെ ഉയര്‍ത്തി എന്‍.ഡി.എ സഖ്യം. 200ലധികം സീറ്റുകളിലാണ് എന്‍.ഡി.എ ലീഡ് ചെയ്യുന്നത്. 37ലധികം സീറ്റുകളില്‍ ഇന്ത്യാ സഖ്യവും ലീഡ് നിലനിര്‍ത്തുന്നു.

5 സീറ്റുകളില്‍ ഇടതുപാര്‍ട്ടികളും ലീഡ് ചെയ്യുന്നുണ്ട്. 20 സീറ്റുകളില്‍ രാംവിലാസ് പസ്വാന്റെ എല്‍.ജെ.പിയും ലീഡ് നിലനിര്‍ത്തുന്നുണ്ട്. 62 സീറ്റുകള്‍ ചോദിച്ചുവാങ്ങിയ കോണ്‍ഗ്രസ് ഏറ്റവും മോശം പ്രകടനമാണ് ബീഹാറില്‍ കാഴ്ചവെക്കുന്നത്.

നാല് സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. എന്നാല്‍ ആര്‍.ജെ.ഡിയുടെ മുന്നേറ്റത്തിലാണ് ഇന്ത്യാ സഖ്യം ലീഡ് നിലനിര്‍ത്തുന്നത്. ബി.ജെ.പിയ്ക്ക് തൊട്ടുപിന്നിലാണ് ആര്‍.ജെ.ഡി.

പ്രശാന്ത് കിഷോറിന്റെ ജന്‍ സൂരജ് പാര്‍ട്ടിയും അദ്ദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മും ജെ.എം.എമ്മും കളത്തിലില്ലെന്നതും മറ്റൊരു പ്രത്യേകതയാണ്.

അതേസമയം എക്‌സിറ്റ് പോളുകള്‍ക്ക് സമാനമായ റിപ്പോര്‍ട്ടുകളാണ് ബീഹാറില്‍ നിന്ന് വരുന്നത്. പോസ്റ്റല്‍ വോട്ട് എണ്ണിത്തുടങ്ങിയപ്പോള്‍ മുതല്‍ എന്‍.ഡി.എ ലീഡ് നിലനിര്‍ത്തുകയാണ്. ബീഹാറിലെ 243 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് നവംബര്‍ ആറ്, പതിനൊന്ന് തീയതികളില്‍ തെരഞ്ഞെടുപ്പ് നടന്നത്.

122 സീറ്റാണ് കേവലഭൂരിപക്ഷത്തിനായി വേണ്ടത്. ഇതില്‍ എന്‍.ഡി.എയ്ക്ക് 130 മുതല്‍ 167 വരെ സീറ്റുകളാണ് എക്‌സിറ്റ് പോളുകള്‍ ഭൂരിഭാഗവും പ്രവചിച്ചിരുന്നത്.

Content Highlight: NDA leads in Bihar; RJD shows strength, Left parties advance in eight seats