എൻ.ഡി.എ-ജെ.ഡി.എസ് സഖ്യം; ജെ.ഡി.എസ് നേതാക്കളുടെ രാജി തുടരുന്നു
national news
എൻ.ഡി.എ-ജെ.ഡി.എസ് സഖ്യം; ജെ.ഡി.എസ് നേതാക്കളുടെ രാജി തുടരുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th September 2023, 11:36 am

ബംഗളൂരു: എൻ.ഡി.എയിൽ ചേരാനുള്ള ജെ.ഡി.എസ് തീരുമാനത്തിൽ പ്രതിഷേധിച്ച് കർണാടകയിൽ ജെ.ഡി.എസ് നേതാക്കളുടെ രാജി തുടരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് ശഫീഉള്ളക്ക് പിന്നാലെ പാർട്ടിയിലെ ശക്തനായ നേതാവ് എസ്. ഷാഫി അഹ്മദും രാജി വെച്ചു.

ദേശീയ അധ്യക്ഷൻ എച്ച്. സി. ദേവഗൗഡക്കും നിയമസഭാ കക്ഷി നേതാവ് കുമാരസ്വാമിക്കും വാട്സ്ആപ്പിൽ ഒറ്റവരി സന്ദേശത്തിലാണ് രാജി വിവരം അറിയിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്ന് രാജി വെച്ചാണ് ഷാഫി അഹ്മദ് ജെ.ഡി.എസിൽ ചേർന്നത്.

ജെ.ഡി.എസ് സംസ്ഥാന പ്രസിഡന്റ് സി.എം. ഇബ്രാഹീം ഇതുവരെ എൻ.ഡി.എ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രതികരണം നടത്തിയിട്ടില്ലെങ്കിലും അദ്ദേഹവും രാജി നൽകാൻ ഒരുങ്ങുകയാണ് എന്നാണ് സൂചന.

ഇതിനകം നിരവധി നേതാക്കൾ പാർട്ടിയിൽ നിന്ന് രാജിവെച്ചുകഴിഞ്ഞു. പാർട്ടി വക്താവ് യു.ടി. ഫർസാന അഷ്‌റഫ്‌ നേരത്തെ രാജി നൽകിയിരുന്നു. സംസ്ഥാന വർക്കിങ് പ്രസിഡന്റ് എൻ.എം. നബി, സംസ്ഥാന ന്യൂനപക്ഷ വിഭാഗം മുൻപ്രസിഡന്റ് നസീർ ഹുസൈൻ, യുവജന വർക്കിങ് പ്രസിഡന്റ് എൻ.എം. നൂർ, മോഹിത് അൽത്താഫ് എന്നിവരും രാജിക്കൊരുങ്ങുകയാണ്.

ബി.ജെ.പിയോടൊപ്പം ചേരുന്നതിലുള്ള ന്യൂനപക്ഷ വിഭാഗത്തിലെ നേതാക്കളുടെ എതിർപ്പ് പരിഗണിക്കാതെ തീരുമാനം എടുത്തതിലുള്ള പ്രതിഷേധമാണ് നേതാക്കളെ രാജി വെക്കാൻ പ്രേരിപ്പിച്ചത്.

എന്നാൽ ജെ.ഡി.എസ് മുസ്‌ലിങ്ങൾക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടും തെരഞ്ഞെടുപ്പിൽ അവർ സഹായിച്ചില്ലെന്നാണ് കുമാരസ്വാമിയുടെ ആരോപണം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്‌ലിം സമുദായത്തിൽ നിന്ന് ജെ.ഡി.എസിന് ലഭിച്ച വോട്ടുകളിൽ വലിയ വിള്ളൽ സംഭവിച്ചിരുന്നു. 2018ൽ 37 എം.എൽ.എമാർ ഉണ്ടായിരുന്ന സ്ഥാനത്ത് 2023ൽ 19 സീറ്റുകളിലേക്ക് പാർട്ടി കൂപ്പുകുത്തിയിരുന്നു

Content Highlight: NDA-JDS alliance; Resignation of JDS leaders continues