പാട്‌ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള എന്‍.ഡി.എ സീറ്റ് വിഭജനം പൂര്‍ത്തിയായതിന് പിന്നാലെ സഖ്യത്തില്‍ പൊട്ടിത്തെറി. ആറ് സീറ്റ് മാത്രം നല്‍കിയ എന്‍.ഡി.എ സഖ്യത്തിന്റെ തീരുമാനത്തില്‍ തന്റെ പാര്‍ട്ടി അസ്വസ്ഥമാണെന്ന് ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (സെക്കുലര്‍) തലവനും കേന്ദ്രമന്ത്രിയുമായ ജിതന്‍ റാം മാഞ്ചി പ്രതികരിച്ചു.
എന്‍.ഡി.എ സഖ്യത്തിന്റെ സീറ്റ് വിഭജനം കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മാഞ്ചി തന്റെ അതൃപ്തി രേഖപ്പെടുത്തിയത്.
നേരത്തെ മാഞ്ചിയുടെ എച്ച്.എ.എം 15 സീറ്റായിരുന്നു ആവശ്യപ്പെട്ടിരുന്നത്. എച്ച്.എ.എമ്മിന് ആറ് സീറ്റ് നല്‍കിയ എന്‍.ഡി.എയുടെ തീരുമാനം അംഗീകരിക്കുന്നുവെന്നും എന്നാല്‍ തന്റെ പാര്‍ട്ടിയെ വിലകുറച്ചുകണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘നേതൃത്വം എന്ത് തീരുമാനിച്ചാലും ഞങ്ങള്‍ അത് അംഗീകരിക്കും, പക്ഷെ ആറ് സീറ്റ് മാത്രം നല്‍കി ഞങ്ങളെ അവര്‍ വിലകുറച്ചുകണ്ടു. ഇത് എന്‍.ഡി.എയുടെ താളം തെറ്റിച്ചേക്കാം’, മാഞ്ചി മാധ്യമങ്ങളോട് പറഞ്ഞു.
പാര്‍ലമെന്റില്‍ തങ്ങള്‍ക്ക് ഒരൊറ്റ സീറ്റാണ് നല്‍കിയത്. അതില്‍ ഇപ്പോഴും സംതൃപ്തിയുണ്ട്. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പിന് നല്‍കിയത് ആറ് സീറ്റാണ്. നേതൃത്വത്തിന്റെ ഈ തീരുമാനത്തെയും ബഹുമാനിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ‘എന്താണ് കിട്ടിയത് എന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. ഞങ്ങള്‍ക്കൊരു പരാതിയുമില്ല’, മാഞ്ചി പറഞ്ഞു.
സീറ്റ് വിഭജനത്തിന് തൊട്ടുമുമ്പ് വരെ മാഞ്ചി ബി.ജെ.പി നേതൃത്വവുമായി തര്‍ക്കത്തിലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ദല്‍ഹിയിലെത്തിയ മാഞ്ചി ബി.ജെ.പി നേതാക്കളുമായി ചര്‍ച്ചയും നടത്തിയിരുന്നു. തൊട്ടുപിന്നാലെയാണ് ആറ് സീറ്റ് നല്‍കിക്കൊണ്ട് എന്‍.ഡി.എ പ്രഖ്യാപനം പുറത്തെത്തിയത്. ഇതോടെ ദല്‍ഹിയില്‍ നിന്നും ബിഹാറിലേക്ക് മാഞ്ചി മടങ്ങിയിരുന്നു.
ചെറിയ സഖ്യകക്ഷികളോടുള്ള എന്‍.ഡി.എയുടെ മനോഭാവമാണ് ഇതില്‍ നിന്നും വ്യക്തമാകുന്നതെന്ന് കോണ്‍ഗ്രസ് വിമര്‍ശനം ഉന്നയിച്ചു. മാഞ്ചി സമുദായത്തിന് ആറ് സീറ്റാണ് നല്‍കിയത്. ഉപേന്ദ്ര കുശ് വാഹയ്ക്കും ആറ് സീറ്റാണ് നല്‍കിയത്. അതിനര്‍ത്ഥം അദ്ദേഹത്തിന്റെ സമുദായത്തിന് ആറ് സീറ്റിന് മാത്രം അര്‍ഹതയുള്ളൂവെന്നാണോ? കോണ്‍ഗ്രസ് നേതാവ് മനോജ് കുമാര്‍ ചോദിച്ചു.
Content Highlight: NDA has undervalued itself by giving just six seats; Manji says there will be repercussions; Controversy in Bihar