ബീഹാര്‍ തെരഞ്ഞെടുപ്പ്: എന്‍.ഡി.എ വോട്ട് പിടിക്കാന്‍ ലോകബാങ്കില്‍ നിന്നെടുത്ത 14,000 കോടി വകമാറ്റി ചെലവഴിച്ചു: പ്രശാന്ത് കിഷോര്‍
India
ബീഹാര്‍ തെരഞ്ഞെടുപ്പ്: എന്‍.ഡി.എ വോട്ട് പിടിക്കാന്‍ ലോകബാങ്കില്‍ നിന്നെടുത്ത 14,000 കോടി വകമാറ്റി ചെലവഴിച്ചു: പ്രശാന്ത് കിഷോര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 16th November 2025, 3:33 pm

പാട്‌ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് പിടിക്കാനായി എന്‍.ഡി.എ സര്‍ക്കാര്‍ ലോകബാങ്കില്‍ നിന്നും കടമെടുത്ത 14,000 കോടി രൂപ ചെലവിട്ടെന്ന ഗുരുതര ആരോപണവുമായി ജന്‍ സ്വരാജ് പാര്‍ട്ടി നേതാവ് പ്രശാന്ത് കിഷോര്‍.

ലോക ബാങ്കില്‍ നിന്നെടുത്ത പണം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാതെ വോട്ട് പിടിക്കാനായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ വകമാറ്റി ചെലവഴിച്ചെന്നാണ് പ്രഷാന്ത് കിഷോര്‍ ആരോപിച്ചിരിക്കുന്നത്.

‘ഈ സംഖ്യ ഞെട്ടിക്കുന്നതാണ്. ലോകബാങ്കില്‍ നിന്ന് അവര്‍ക്ക് ലഭിച്ച വായ്പയില്‍ നിന്നും 14,000 കോടി രൂപ സൗജന്യങ്ങള്‍ പ്രഖ്യാപിക്കാനായി വകമാറ്റി ചെലവഴിച്ചു,’ പ്രശാന്ത് കിഷോര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി സംസ്ഥാനത്തെ മുഖ്യമന്ത്രി മഹിളാ റോസ്ഗര്‍ യോജനയെന്ന പേരില്‍ സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പതിനായിരം രൂപ വീതം ട്രാന്‍സ്ഫര്‍ ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നിലനില്‍ക്കെ വോട്ടെടുപ്പിന് തൊട്ടുമുമ്പത്തെ ദിവസം പോലും ആളുകളുടെ അക്കൗണ്ടുകളിലേക്ക് പണമെത്തി. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഇത് സഹായിച്ചെന്നും ജന്‍ സ്വരാജ് പാര്‍ട്ടി അധ്യക്ഷന്‍ പറഞ്ഞു.

ജൂണ്‍ മുതല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ട് മുമ്പ് വരെ നിതീഷ് സര്‍ക്കാര്‍ പൊതുജനങ്ങളുടെ തന്നെ പണമായ 40,000 കോടി രൂപയെടുത്ത് വോട്ട് വാങ്ങാനായി ചെലവിട്ടെന്നും അദ്ദേഹം പറഞ്ഞു.

വോട്ട് വാങ്ങാനായി പണം ധൂര്‍ത്തടിക്കും പോലെ ചെലവഴിച്ചില്ലായിരുന്നെങ്കില്‍ എന്‍.ഡി.എ ജയിക്കില്ലായിരുന്നുവെന്നും പ്രശാന്ത് കിഷോര്‍ വിശദീകരിച്ചു.

ജനങ്ങള്‍ക്ക് ജന്‍സുരാജ് പാര്‍ട്ടി 2000 രൂപ വാര്‍ധക്യ പെന്‍ഷന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് ശേഷമാണ് നിതീഷ് കുമാര്‍ സര്‍ക്കാര്‍ 700 രൂപയില്‍ നിന്നും പ്രതിമാസ പെന്‍ഷന്‍ 1,100 രൂപയാക്കി ഉയര്‍ത്തിയതെന്നും അദ്ദേഹം അവകാശപ്പെട്ടു.

എന്‍.ഡി.എയിലേക്ക് ജന്‍ സുരാജില്‍ നിന്നും ആളുകള്‍ കൊഴിഞ്ഞുപോയതിനെ കുറിച്ചും പ്രശാന്ത് കിഷോര്‍ സംസാരിച്ചു. ആര്‍.ജെ.ഡിയുടെ ജംഗിള്‍ രാജ്(കാട്ടുഭരണം) തിരിച്ചുവരുമെന്ന് ഭയന്നാണ് ഒരു വിഭാഗം വോട്ടര്‍മാര്‍ എന്‍.ഡി.എയ്ക്ക് ഒപ്പം പോയതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ജന്‍ സ്വരാജിന് ഒരു അവസരം നല്‍കാമായിരുന്നിട്ടും ആര്‍.ജെ.ഡിയെ ഭയന്നാണ് അവര് എന്‍.ഡി.എയ്ക്ക് വോട്ട് നല്‍കിയതെന്നും രാഷ്ട്രീയ തന്ത്രജ്ഞനായിരുന്ന കിഷോര്‍ പറഞ്ഞു.

അതേസമയം, ജന്‍ സ്വരാജ് പാര്‍ട്ടി ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ശക്തമായ മത്സരം പോലും കാഴ്ചവെയ്ക്കാതെ തകര്‍ന്നടിഞ്ഞിരുന്നു. ഒരു സീറ്റ് പോലും നേടാനാകാതെ പലയിടത്തും മൂന്നാം സ്ഥാനത്താണ് പ്രശാന്ത് കിഷോറിന്റെ പാര്‍ട്ടി ഇടം പിടിച്ചത്.

എന്നാല്‍, എല്ലാ മുന്‍ധാരണകളെയും തെറ്റിച്ചുകൊണ്ട് 243 അംഗ നിയമസഭയില്‍ 202 സീറ്റുകളിലും എന്‍.ഡി.എ വിജയിച്ചിരുന്നു. ബി.ജെ.പി-89, ജെ.ഡി.യു-85, ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി (ആര്‍.വി)-19, ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച-5, ഉപേന്ദ്ര കുശ്‌വാഹയുടെ രാഷ്ട്രീയ ലോക്‌സമതാ പാര്‍ട്ടി-4 എന്നിങ്ങനെയാണ് എന്‍.ഡി.എ സഖ്യകക്ഷികള്‍ നേടിയ സീറ്റുകള്‍.

ബീഹാറില്‍ 1951ന് ശേഷം ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. 66 ശതമാനത്തിലധികമായിരുന്നു പോളിങ്. രണ്ട് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പില്‍ മഹാഗഡ്ബന്ധന്‍ 356 സീറ്റുകളിലൊതുങ്ങിയിരുന്നു. കോണ്‍ഗ്രസ് ആറ് സീറ്റുകളിലും ആര്‍.ജെ.ഡി 25 സീറ്റുകളിലും വിജയിച്ചു.

സി.പി.ഐ.എം.എല്‍ രണ്ട് സീറ്റും സി.പി.ഐ.എം ഒരു സീറ്റും നേടിയപ്പോള്‍ സി.പി.ഐയ്ക്ക് അക്കൗണ്ട് തുറക്കാനായില്ല.

Content Highlight: Bihar elections: NDA diverted 14,000 crore from World Bank to garner votes: Prashant Kishor