ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്‍ക്ക് ഹിന്ദി തലക്കെട്ടുകള്‍ നല്‍കാനുള്ള എന്‍.സി.ഇ.ആര്‍.ടി യുടെ തീരുമാനം പിന്‍വലിക്കണം: വി.ശിവന്‍കുട്ടി
Kerala News
ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്‍ക്ക് ഹിന്ദി തലക്കെട്ടുകള്‍ നല്‍കാനുള്ള എന്‍.സി.ഇ.ആര്‍.ടി യുടെ തീരുമാനം പിന്‍വലിക്കണം: വി.ശിവന്‍കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 16th April 2025, 3:41 pm

 

തിരുവനന്തപുരം: ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്‍ക്ക് ഹിന്ദി തലക്കെട്ടുകള്‍ നല്‍കാനുള്ള എന്‍.സി.ഇ.ആര്‍.ടി യുടെ തീരുമാനം ഗുരുതരമായ യുക്തിരാഹിത്യമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ഇത് പൊതു യുക്തിയുടെ ലംഘനമാകുന്നു എന്ന് മാത്രമല്ല, നമ്മുടെ ദേശത്തിന്റെ ഭാഷാ വൈവിധ്യത്തെ അട്ടിമറിക്കുന്ന സാംസ്‌കാരിക അടിച്ചേല്‍പ്പിക്കലിന്റെ ഉദാഹരണവുമാണെന്നും മന്ത്രി പറഞ്ഞു.

പതിറ്റാണ്ടുകളായി ഭാഷാ വൈവിധ്യത്തെ മാനിച്ചും കുട്ടികളുടെ മനസില്‍ സംവേദനപരമായ സമീപനം വളര്‍ത്താനും ഉപയോഗിച്ചിരുന്ന ഇംഗ്ലീഷ് തലക്കെട്ടുകള്‍ മാറ്റി, മൃദംഗ്, സന്തൂര്‍ പോലുള്ള ഹിന്ദി തലക്കെട്ടുകളിലേയ്ക്ക് വഴിമാറ്റിയത് തീര്‍ത്തും ശരിയല്ലെന്നും മന്ത്രി വ്യക്തമാക്കി.

കേരളം, ഹിന്ദി സംസാരിക്കാത്ത മറ്റ് സംസ്ഥാനങ്ങളെപ്പോലെ തന്നെ, ഭാഷാ വൈവിധ്യത്തെ സംരക്ഷിക്കാനും പ്രാദേശിക സാംസ്‌കാരിക സ്വാതന്ത്ര്യത്തിന് മുന്‍തൂക്കം നല്‍കാനും പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എന്‍.സി.ഇ.ആര്‍.ടിയുടെ ഈ തീരുമാനം ഫെഡറല്‍ തത്വങ്ങള്‍ക്കും ഭരണഘടനാ മൂല്യങ്ങള്‍ക്കും എതിരെയുള്ള നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.

പാഠപുസ്തകത്തിലെ തലക്കെട്ടുകള്‍ വെറും പേരല്ലെന്നും അവ കുട്ടികളുടെ തിരിച്ചറിവിനെയും ഭാവനയെയും രൂപപ്പെടുത്തുന്നുവെന്നും മന്ത്രി പറഞ്ഞു. ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് തലക്കെട്ടുകള്‍ അര്‍ഹമാണെനനും എന്‍.സി.ഇ.ആര്‍.ടി ഈ തീരുമാനം പുനഃപരിശോധിക്കുകയും പിന്‍വലിക്കുകയും ചെയ്യണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

എല്ലാ സംസ്ഥാനങ്ങളും ഇത്തരം അടിച്ചേല്‍പ്പിക്കലുകള്‍ക്ക് എതിരായി ഒരുമിക്കണമെന്നും വിദ്യാഭ്യാസം അടിച്ചേല്‍പ്പിക്കലിന്റെയല്ല, ശാക്തീകരണത്തിന്റെയും സമവായത്തിന്റെയും ഉപകരണമായിരിക്കണമെന്നും മന്ത്രി പറഞ്ഞു.

Content Highlight: NCERT’s decision to give Hindi titles to English medium textbooks should be withdrawn: V. Sivankutty