ഏഷ്യാനെറ്റിലെ സ്റ്റാര്‍ സിങ്ങര്‍ ജൂനിയര്‍ എന്ന റിയാലിറ്റി ഷോയിലൂടെ അവതാരകയായി കരിയര്‍ ആരംഭിക്കുകയും പിന്നീട് 2006ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം പളുങ്കിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിക്കുകയും ചെയ്ത അഭിനേത്രിയാണ് നസ്രിയ നസീം. പിന്നീട് പ്രമാണി, ഒരു നാള്‍ വരും തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരം നായികയായി ശ്രദ്ധിക്കപ്പെടുന്നത് അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരം സിനിമയിലൂടെയാണ്.

സീനിന്റെ പൂജയ്ക്ക് ഇടയില്‍ സൂര്യയ്‌ക്കൊപ്പം നസ്രിയ. Photo: X.com

അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന ചിത്രത്തിന് പിന്നാലെ നസ്രിയയും ഫഹദ് ഫാസിലും വിവാഹിതരായിരുന്നു. തുടര്‍ന്ന് നീണ്ട ഇടവേളയെടുത്ത താരം 2018ല്‍ പുറത്തിറങ്ങിയ കൂടെ എന്ന ചിത്രത്തിലൂടെയായിരുന്നു അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്. തന്റെ രണ്ടാം വരവില്‍ കുറഞ്ഞ ചിത്രങ്ങളില്‍ മാത്രമായിരുന്നു നസ്രിയ വേഷമിട്ടത്.

2020ന് ശേഷം നാല് ചിത്രങ്ങളില്‍ മാത്രമാണ് നസ്രിയ ഭാഗമായിരിക്കുന്നത്. കൂടുതല്‍ ചിത്രങ്ങളുടെ ഭാഗമാകാതെ നല്ല തിരക്കഥകള്‍ മാത്രം ചെയ്യുക എന്ന നസ്രിയയുടെ തീരുമാനത്തെയാണ് ഇപ്പോള്‍ പ്രേക്ഷകര്‍ പ്രശംസിക്കുന്നത്. 2020ല്‍ ട്രാന്‍സിലും, മണിയറയിലെ അശോകനിലും പ്രധാനവേഷത്തിലെത്തിയ താരം 2022 ല്‍ ഒരു തെലുങ്ക് ചിത്രത്തിലും വേഷമിട്ടിരുന്നു. താരത്തിന്റെതായി ഈ ദശാബ്ദത്തില്‍ അവസാനമായി പുറത്തിറങ്ങിയ ചിത്രമായിരുന്നു സൂക്ഷമദര്‍ശിനി. വലിയ പ്രശംസയായിരുന്നു ചിത്രത്തിന് ലഭിച്ചത്.

എന്നാല്‍ ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന താരത്തിന്റെ വരാനിരിക്കുന്ന ചിത്രമാണ് ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന സീന്‍. സൂര്യയെ നായകനാക്കി ഒരുക്കുന്ന ചിത്രം ദീപാവലിയ്ക്കാണ് തിയേറ്ററുകളിലെത്തുന്നത്. തമിഴില്‍ ഫാന്‍ബേസുള്ള നസ്രിയയുടെ കിടിലന്‍ തിരിച്ചുവരവായിരിക്കും സീനിലൂടെ സാധ്യമാകുക എന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

സീന്‍. Photo: Zhagaram Studios

മുഹ്‌സിന്‍ പരാരി സംവിധാനം ചെയ്ത് ഷൂട്ട് പൂര്‍ത്തിയാക്കിയ എല്‍ ക്ലാസിക്കോയും നസ്രിയയുടെ അപ്കമിങ് ലിസ്റ്റിലുള്ള ചിത്രമാണ്. ടൊവിനോ തോമസിന്റെ നായികയായാണ് ചിത്രത്തില്‍ നസ്രിയ വേഷമിടുന്നത്. തല്ലുമാല സ്‌റ്റൈലില്‍ മറ്റൊരു ആക്ഷന്‍ ഒറിയന്റഡ് മൂവിയായിരിക്കും എല്‍ ക്ലാസിക്കോ എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രണ്ട് ഗ്യാരണ്ടിയുള്ള ചിത്രങ്ങളിലൂടെ തമിഴിലും മലയാളത്തിലും ഒരുപോലെ തിളങ്ങാന്‍ ഒരുങ്ങുകയാണ് നസ്രിയ ഇപ്പോള്‍.

Content Highlight: Nazriya Nazim selection of movies after 2020