രണ്ടാം ക്ലാസുകാരന്‍ പറഞ്ഞ കൊലപാതകകഥ: പ്രേതവും കുറ്റന്വേഷണവുമായി നിഴല്‍
Entertainment
രണ്ടാം ക്ലാസുകാരന്‍ പറഞ്ഞ കൊലപാതകകഥ: പ്രേതവും കുറ്റന്വേഷണവുമായി നിഴല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 29th March 2021, 7:36 pm

നയന്‍താരയും കുഞ്ചാക്കോ ബോബനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന നിഴല്‍ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. അഞ്ചാം പാതിരയ്ക്ക് ശേഷം കുറ്റാന്വേഷകന്റെ റോളില്‍ കുഞ്ചാക്കോ ബോബനെത്തുന്ന ചിത്രമാണ് നിഴല്‍. സംസ്ഥാന അവാര്‍ഡ് ജേതാവായ എഡിറ്റര്‍ അപ്പു എന്‍. ഭട്ടതിരി സംവിധാനം ചെയ്യുന്ന നിഴല്‍ ത്രില്ലര്‍ വിഭാഗത്തിലാണ് ഒരുങ്ങുന്നത്.

പ്രേതവും കൊലപാതകവും കുറ്റാന്വേഷണവുമെല്ലാം മാറിമാറി വരുന്ന കഥയാകും നിഴലിന്റേതെന്ന സൂചനകളാണ് ട്രെയ്‌ലര്‍ നല്‍കുന്നത്. ഒരു കുട്ടിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന ചില സംഭവങ്ങളുടെ പിന്നിലെ യാഥാര്‍ത്ഥ്യമറിയാന്‍ ശ്രമിക്കുന്നതാണ് നിഴലിന്റെ കഥാപശ്ചാത്തലമെന്നും ട്രെയ്‌ലര്‍ പറഞ്ഞുവെക്കുന്നു.

കുഞ്ചാക്കോ ബോബന്‍ – നയന്‍താര കോമ്പിനേഷന്‍ മികച്ചതാകുമെന്നാണ് ട്രെയ്ലറിന് വരുന്ന പ്രതികരണങ്ങളിലേറെയും. ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ കുഞ്ചാക്കോ ബോബന്‍ ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളാണ് തെരഞ്ഞെടുക്കുന്നതെന്നും കമന്റുകള്‍ വരുന്നുണ്ട്.

ആന്റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്റ്പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്റോ ജോസഫ്, അഭിജിത്ത് എം. പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് നിഴല്‍ നിര്‍മിച്ചിരിക്കുന്നത്.

കുഞ്ഞുണ്ണി സി.ഐ, ജിനു വി നാഥ് എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്. ത്രില്ലര്‍ സ്വഭാവത്തിലുള്ള ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്.സഞ്ജീവാണ്. കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവരെ കൂടാതെ മാസ്റ്റര്‍ ഐസിന്‍ ഹാഷ്, സൈജു കുറുപ്പ്, വിനോദ് കോവൂര്‍, ഡോ.റോണി, അനീഷ് ഗോപാല്‍, സിയാദ് യദു, സാദിക്ക്, ദിവ്യപ്രഭ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

ഛായാഗ്രഹണം ദീപക് ഡി. മേനോന്‍, സംഗീതം സൂരജ് എസ്. കുറുപ്പ്, അപ്പു ഭട്ടതിരിയും അരുണ്‍ ലാല്‍ എസ്.പിയും ചേര്‍ന്നാണ് എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്‌സണ്‍ പൊഡുത്താസ്, പി.ആര്‍.ഒ പി. ശിവപ്രസാദ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Nayanthara-Kunchacko Boban movie Nizhal trailer released